വയലാർ ജനതയുടെ സാമൂഹ്യ ബോധം ഉണർത്തിയ കവി: മന്ത്രി വി.ശിവൻകുട്ടി
1600958
Sunday, October 19, 2025 6:34 AM IST
തിരുവനന്തപുരം: കേരളീയ ജീവിതത്തെ പുരോഗമനപരമായ പാതയിലേക്കു നയിക്കുവാൻ വയലാർ രാമവർമയുടെ സർഗാത്മക രചനകൾ പ്രേരമായി എന്ന് മന്ത്രി വി.ശിവൻകുട്ടി. കലയുടെ മാനുഷിക മുഖം ആവിഷ്ക്കരിച്ച കവിയാണ് വയലാർ രാമവർമ എന്നും മന്ത്രി പറഞ്ഞു. വയലാർ രാമവർമ സാംസ്കാരിക വേദി സംഘടിപ്പിച്ച വയലാർ ദശദിന സ്മൃതി വർഷ സാംസ്കാരിക ഉത്സവത്തിന്റെ ഉദ്ഘാടനം നിർവഹിച്ച് പ്രസംഗിക്കുകയായിരുന്നു മന്ത്രി. പുത്തരിക്കണ്ടം ഇ.കെ.നായനാർ പാർക്കിലായിരുന്നു ചടങ്ങ്.
ചടങ്ങിൽ ഗാന്ധിഭവൻ ചെയർമാൻ പുനലൂർ സോമരാജൻ അധ്യക്ഷത വഹിച്ചു. സാംസ്കാരിക ഉത്സവത്തിന്റെ ഭാഗമായുള്ള കലാപരിപാടികളുടെ ഉദ്ഘാടനം ഡോ. കെ. ഓമനക്കുട്ടി നിർവഹിച്ചു.
വിവിധ കലാ മേഖലകളിലെ പ്രതിഭകൾക്കുള്ള അവാർഡ് ദാനവും മന്ത്രി ശിവൻകുട്ടി നിർവഹിച്ചു. മുൻ മേയർ അഡ്വ. കെ.ചന്ദ്രിക, ഭാരത് ഭവൻ മെന്പർ സെക്രട്ടറി ഡോ. പ്രമോദ് പയ്യന്നൂർ, കോട്ടുകാൽ കൃഷ്ണകുമാർ, ശാസ്തമംഗലം ഗോപൻ, മുക്കുംപാലമൂട് രാധാകൃഷ്ണൻ, ജി. വിജയകുമാർ, അഡ്വ. വിജയമോഹൻ തുടങ്ങിയവർ പങ്കെടുത്തു.
ചടങ്ങിന് വയലാർ രാമവർമ സാംസ്കാരികവേദി സെക്രട്ടറി മണക്കാട് രാമചന്ദ്രൻ സ്വാഗതം പറഞ്ഞു. നൃത്തഗുരുവായ കലാമണ്ഡലം വിമലാ മേനോന് ആദരവ് അർപ്പിച്ചുകൊണ്ട് റിഗാറ്റ ഗിരിജയുടെ നേതൃത്വത്തിൽ നടന്ന വിമലാലാസ്യം ശ്രദ്ധേയമായി. തുടർന്ന് പാട്ടിന്റെ മടിശീല എന്ന ഗാനസന്ധ്യ അരങ്ങേറി.