ജെ.സി.ഡാനിയേൽ മെമ്മോറിയൽ ഓപ്പൺ എയർ തിയറ്റർ ഉദ്ഘാടനം 22ന്
1600964
Sunday, October 19, 2025 6:41 AM IST
നെയ്യാറ്റിന്‍കര : മലയാള ചലച്ചിത്രലോകത്തിന്റെ പിതാവ് ജെ.സി ഡാനിയലിന്റെ സ്മരണാര്‍ഥം സാംസ്കാരിക വകുപ്പിന്റെ സഹായത്തോടെ നെയ്യാറ്റിന്‍കര നഗരസഭ നിര്‍മിച്ച ജെ.സി.ഡാനിയല്‍ ഓപ്പണ്‍ തിയറ്റര്‍ 22 ന് മന്ത്രി സജി ചെറിയാന് നാടിന് സമര്‍പ്പിക്കും.
നെയ്യാറ്റിന്‍കര നഗരസഭ സ്റ്റേഡിയത്തില്‍ ഒരേ സമയം 250 പേര്‍ക്ക് ഇരിക്കാവുന്ന വിധത്തില്‍ ബാല്‍ക്കണി സംവിധാനത്തോടെയുള്ള ഓപ്പണ്‍ തിയറ്ററാണ് നിര്‍മിച്ചിരിക്കുന്നത്. സമീപത്തെ പാര്‍ക്കില്‍ ജെ.സി ഡാനിയലിന്റെ പൂര്‍ണകായ പ്രതിമയുമുണ്ട്. ജെ.സി ഡാനിയല്‍ പ്രതിമ സ്ഥാപിച്ചതു പോലെ തന്നെ ഓപ്പണ്‍ തിയറ്റര്‍ പ്രവര്ത്തനക്ഷമമാകുന്പോള് മലയാള സിനിമയുടെ പിതാവിനുള്ള ജന്മനാടിന്റെ ആദരസൂചകമായ സ്മാരകമാണെന്ന ചാരിതാര്‍ഥ്യം നഗരസഭ ചെയര്മാന് പി.കെ രാജമോഹനനും അദ്ദേഹം നയിക്കുന്ന ഭരണസമിതിക്കുമുണ്ട്.
മലയാളത്തിലെ ആദ്യചലച്ചിത്രമായ വിഗതകുമാരന്റെ പ്രഥമ പ്രദര്‍ശനം തിരുവനന്തപുരത്ത് കാപ്പിറ്റോള്‍ തിയറ്ററില്‍ നടന്നതിന്റെ 97 -ാം വാര്‍ഷികം അടുത്ത മാസമാണ്. സാംസ്കാരിക പരിപാടികള്‍ക്കും സിനിമാ പ്രദര്‍ശനത്തിനും ലക്ഷ്യമിട്ടാണ് ഓപ്പണ്‍ തിയറ്റര്‍ രൂപകല്‍പ്പന ചെയ്തിട്ടുള്ളത്. മലയാള സിനിമയുടെ പിതാവിന്റെ ജന്മനാട്ടില് ഒരു തിയറ്റര്‍ പോലുമില്ലല്ലോ എന്നൊരു പരാതി ഇവിടുത്തെ ചലച്ചിത്രപ്രേമികള്ക്കുണ്ടായിരുന്നു.
തിയറ്റര്‍ സ്ഥാപിക്കാന്‍ ഉചിതമായ സ്ഥലം കണ്ടെത്താനടക്കമുള്ള നടപടികള്‍ നടക്കുകയുമുണ്ടായി. നെയ്യാറ്റിന്‍കര അക്ഷയ ഷോപ്പിംഗ് കോംപ്ലക്സിന്റെ മുകള്‍വശം, ആറാലുംമൂട് മാര്‍ക്കറ്റ് ഗ്രൗണ്ട് മുതലായവിടങ്ങളിലൊക്കെ വിദഗ്ധര്‍ പ്രാഥമിക പരിശോധന നടത്തുകയും ചെയ്തു. വിവിധ കാരണങ്ങളാല്‍ തിയറ്റര്‍ എന്നത് ഇപ്പോഴും സ്വപ്നമായി അവശേഷിക്കുന്നു. ഈ സാഹചര്യം നിലനില്‍ക്കെയാണ് ഓപ്പണ്‍ തിയറ്റര്‍ എന്ന ആശയം സാക്ഷാത്കരിക്കപ്പെട്ടിരിക്കുന്നത്. ജെ.സി.ഡാനിയേൽ ഫൗണ്ടേഷൻ സ്ഥാപിച്ച മലയാള സിനിമയുടെ പിതാവിന്റെ പൂർണകായ പ്രതിമയ്ക്ക് സമീപത്താണ് തീയറ്റർ നിർമിച്ചത്.
ജെ.സി.ഡാനിയേലിന്റെ സ്മരണ നിലനിർത്തുന്നതിനു വേണ്ടി നിർമിച്ച പ്രതിമ സ്ഥാപിക്കുന്നതിന് ഇടം കിട്ടാതെ മൂന്നുവർഷത്തോളം ഒരു ഓഡിറ്റോറിയത്തിൽ വച്ചിരിക്കുകയായിരുന്നു. ഫൗണ്ടേഷൻ ചെയർപേഴ്സൺ സോന എസ്.നായർ ഇക്കാര്യം നെയ്യാറ്റിൻകര നഗരസഭ ചെയർമാന്റെ ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ നഗരസഭ ചെയർമാൻ പൂർണ സമ്മതത്തോടെ ജെ.സി.ഡാനിയേലിന്റെ ജന്മനാടായ നെയ്യാറ്റിൻകരയിൽ തന്നെ പ്രതിമ സ്ഥാപിക്കുവാൻ അനുവാദം നൽകുകയായിരുന്നു.