ദീപാവലി പടക്കങ്ങളുമായി പൂഴിക്കുന്നിലെ മിനി ശിവകാശി
1600745
Saturday, October 18, 2025 5:49 AM IST
നേമം : ദീപാവലി പടക്കങ്ങളുമായി പൂഴിക്കുന്നിലെ മിനി ശിവകാശി. ഇത്തവണയും ദീപാവലി കച്ചവടത്തിനായി പുതുമ നിറഞ്ഞ പടക്കങ്ങളാണ് പൂഴിക്കുന്നിലെ പ്രത്യേകത. ശിവകാശിയില്‍ നിന്നും നിരവധി ഫാന്‍സി ഇനങ്ങളാണ് ഇത്തവണയും വില്‍പ്പനയ്ക്കെത്തിയിട്ടുള്ളത്.
പുകയില്ലാത്ത നാനോ കമ്പിത്തിരി മുതല്‍ മാനത്ത് പൂക്കുലപോലെ പലവര്‍ണ്ണങ്ങളില്‍ പൊട്ടിചിതറും ഗോള്‍ഡന്‍ ഐ റെഡ് ഷോട്ട് വരെ വില്‍പ്പനയ്ക്കായി നിരന്നു. കൂടുതല്‍ സമയം നീണ്ടുനില്‍ക്കുന്ന മൊജിട്ടോ പൂത്തിരി, പരിപാടികള്‍ക്കും മറ്റ് ആഘോഷങ്ങള്‍ക്ക് ഉപയോഗിക്കുന്ന 36 എണ്ണം കിട്ടുന്ന മഞ്ച് ഷോട്ട്, ദേശീയ പതാകയുടെ നിറങ്ങളില്‍ വിടരുന്ന പൂത്തിരി,
ഓലപടക്ക്, കുറ്റിപടക്ക്, ഓലമാല തുടങ്ങിയ നാടന്‍ പടക്കുകള്ക്ക് പുറമെ ശിവകാശിയില്‍ നിന്നുമെത്തുന്ന വിവിധ കമ്പനികളുടെ എല്ലാ തരം ഫാന്‍സി ഇനങ്ങളും ഇവിടെ വില്‍പ്പനയ്ക്കുണ്ട്.
റോള്‍ പൊട്ടാസില്‍ തുടങ്ങി വിവിധ തരത്തിലും ആകൃതിയിലുമുള്ള കമ്പിത്തിരി, തറചക്രം, ഫയര്‍ പെന്‍സില്‍, റോക്കറ്റ്, ആകാശത്ത് വര്‍ണമഴ പെയ്യിക്കുന്ന പടക്കങ്ങള്‍, ചെറിയ ശബ്ദത്തോടെ പൊട്ടുന്ന കുരുവി വെടി തുടങ്ങിയ നിരവധി തരങ്ങളും ഇവിടെ ലഭ്യമാണ്. ഫോട്ടോ ഫ്ളാഷുപോലെ മിന്നി തിളങ്ങുന്ന പൂക്കുറ്റികള്‍ തന്നെ നിരവധി ഇനമുണ്ട്.
ഹരിത പടക്കങ്ങള്‍ക്കാണ് മുന്‍തൂക്കമെന്ന് പൂഴിക്കുന്നിലെ ദേവി ഫയര്‍വര്‍ക്സ് ഉടമകളിലൊരാളായ ജിഞ്ചു പറഞ്ഞു. കമ്പിത്തിരിയുടെ നീളമനുസരിച്ചാണ് വില. ക്രേസി ബൂം, ബോണ്‍സായ് ഗാര്ഡന്, മോറി മാജിക്ക്, ബിഗ് ഷോ തുടങ്ങി ശിവകാശിയില്‍ ലഭിക്കുന്ന മിക്കയിനങ്ങളും പൂഴിക്കുന്നിലും വില്‍പ്പനയ്ക്കായി എത്തുന്നു.
വെടിക്കെട്ടില്‍ ആശാനായിരുന്ന ഗോവിന്ദനാണ് വര്‍ഷങ്ങള്‍ക്ക് മുമ്പ് പൂഴിക്കുന്നിന് ഈ പ്രശസ്തിയുണ്ടാക്കി കൊടുത്തത്. ഗോവിന്ദനാശാന്‍ മരിച്ചപ്പോള്‍ അദ്ദേഹത്തിന്റെ പാത പിന്തുടര്ന്ന് മക്കളായ മണിയാനാശാനും ശശിയാശാനും ഈ രംഗത്ത് പേരെടുക്കുകയായിരുന്നു. മണിയനാശാനും ശശി ആശാനും മരിച്ചതോടുകൂടി ആശാന്മാരുടെ പെരുമ നിലനിര്‍ത്താന്‍ പിന് തലമുറക്കാരാണ് ഇപ്പോള്‍ രംഗത്തുള്ളത്.