ഖേലോ ഇന്ത്യ വനിതാ സൈക്ലിംഗ് ചാന്പ്യൻഷിപ്പ് ആരംഭിച്ചു
1454691
Friday, September 20, 2024 6:37 AM IST
തിരുവനന്തപുരം: ഖേലോ ഇന്ത്യ വനിതാ സൈക്ലിംഗ് ചാന്പ്യൻഷിപ്പിന് തിരുവനന്തപുരം കാര്യവട്ടത്ത് തുടക്കമായി. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ള മത്സരാർഥികളാണ് ചാന്പ്യൻഷിപ്പിൽ പങ്കെടുക്കുന്നത്.
കാര്യവട്ടം എൽഎൻസിപി വെലോഡ്രോമിൽ നടക്കുന്ന മത്സരങ്ങൾ ഒളിന്പ്യൻ കെ. എ. ബീനാമോൾ ഫ്ളാഗ് ഓഫ് ചെയ്തു. വിമണ്‍ എലൈറ്റ്, ജൂനിയർ, സബ് ജൂനിയർ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലായി 150ലധികം താരങ്ങൾ പങ്കെടുക്കും.
ഇന്നാണ് ഫൈനലുകൾ. മൂന്നു ലക്ഷം രൂപയാണ് രണ്ട് ദിവസം നീണ്ട് നിൽക്കുന്ന ചാന്പ്യൻഷിപ്പിലെ വിജയികൾക്ക് സമ്മാനമായി ലഭിക്കുക. എൽഎൻസിപി ഡയറക്ടർ ദണ്ഡ പാണി, കേരള ഒളിന്പിക് അസോസിയേഷൻ പ്രസിഡന്റ് സുനിൽകുമാർ, കേരള സൈക്ലിംഗ് അസോസിയേഷൻ പ്രസിഡന്റ് എസ്. എസ്. സുധീഷ് കുമാർ, സെക്രട്ടറി ബി. ജയപ്രസാദ് തുടങ്ങിയവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.