പങ്കാളിത്ത പെൻഷൻ: പരിശോധനാ സമിതി പിരിച്ചുവിടണമെന്ന് സെക്രട്ടേറിയറ്റ് അസോസിയേഷൻ
1454688
Friday, September 20, 2024 6:37 AM IST
തിരുവനന്തപുരം: പങ്കാളിത്ത പെൻഷൻ പദ്ധതി പുനഃപരിശോധന സമിതിയുടെ റിപ്പോർട്ട് പരിശോധിക്കാൻ സർക്കാർ നിയോഗിച്ച ധനമന്ത്രി, നിയമമന്ത്രി, ചീഫ് സെക്രട്ടറി എന്നിവർ അംഗങ്ങളായ സമിതി ഉടൻ പിരിച്ചുവിട്ടു സംസ്ഥാനത്ത് സ്റ്റാറ്റ്യൂട്ടറി പെൻഷൻ പുനഃസ്ഥാപിക്കണമെന്ന് കേരള സെക്രട്ടേറിയറ്റ് അസോസിയേഷൻ.
സമിതി രൂപീകരിച്ച് 10 മാസമായിട്ടും ഒരു യോഗം പോലും ചേർന്നില്ല. പങ്കാളിത്ത പെൻഷൻ പിൻവലിക്കൽ എൽഡിഎഫിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനമാണ്. അതേ ക്കുറിച്ച് പഠിക്കാൻ നിയോഗിച്ച എസ്. സതീഷ് ചന്ദ്രബാബു സമിതി പങ്കാളിത്ത പെൻഷനിൽ നിന്നു പിൻമാറുന്നതിന് നിയമപരമായ തടസങ്ങളില്ലെന്ന് ശിപാർശ ചെയ്തിരുന്നു.
അതിൽ തീരുമാനമെടുക്കാതെ വീണ്ടും സമിതിയെ നിയോഗിച്ചത് സർക്കാരിന് പഴയ പെൻഷൻ പദ്ധതിയിലേക്ക് തിരിച്ചുപോകാൻ താത്പര്യമില്ലെന്നതിന്റെ തെളിവാണ്. എൻപിഎസിൽ കേന്ദ്ര വിഹിതം 14 ശതമാനമാണെങ്കിൽ സംസ്ഥാനത്ത് 10 ശതമാനം മാത്രമാണ്. ബജറ്റിൽ പ്രഖ്യാപിച്ച പുതിയ പെൻഷൻ പദ്ധതി ജീവനക്കാർക്കു സ്വീകാര്യമല്ല. ജീവനക്കാരുടെ വിഹിതം നിഷ്കർഷിക്കുന്ന ഏത് പദ്ധതിയെയും ജീവനക്കാർ എതിർക്കും.
കോണ്ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങൾ പഴയ പെൻഷൻ സന്പ്രദായം സ്വീകരിച്ചുവെന്ന് സെക്രട്ടേറിയറ്റ് അസോസിയേഷൻ പ്രസിഡന്റ് എം.എസ്. ഇർഷാദും ജനറൽ സെക്രട്ടറി കെ.പി. പുരുഷോത്തമനും പറഞ്ഞു.