സങ്കുചിത രാഷ്ട്രീയ ചിന്തകൾക്ക് അതീതമായി സാഹിത്യത്തെ സമീപിക്കണം: പി.എസ്. ശ്രീധരൻ പിള്ള
1454687
Friday, September 20, 2024 6:37 AM IST
തിരുവനന്തപുരം: ഭരണത്തിലിരിക്കുന്ന സർക്കാരുകളുടെ നോമിനികളായി സാഹിത്യ സംഘടനകളിലെ ഭരണസമിതിക്കാരെ നിശ്ചയിക്കുന്ന പതിവിനു മാറ്റം ഉണ്ടാകണമെന്ന് ഗോവ ഗവർണർ അഡ്വ. പി.എസ്. ശ്രീധരൻ പിള്ള. കക്ഷി രാഷ്ട്രീയ ചട്ടക്കൂട്ടിനുള്ളിൽ ഒതുക്കിയല്ല സാഹിത്യ പ്രവർത്തനങ്ങൾ നടത്തേണ്ടതെന്നും അഡ്വ. പി.എസ്. ശ്രീധരൻ പിള്ള പറഞ്ഞു.
സാംസ്കാരികാചാര്യനും അധ്യാപകനുമായ പ്രഫ. എൻ. കൃഷ്ണപിള്ളയുടെ 108-ാം ജന്മവാർഷികാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച എൻ. കൃഷ്ണപിള്ള കലോത്സവം 2024 ന്റെ ഉദ്ഘാടനം നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
പ്രഫ. എൻ. കൃഷ്ണപിള്ള ഫൗണ്ടേഷൻ, ആകാശവാണി തിരുവനന്തപുരം നിലയത്തിന്റെ സഹകരണത്തോടെയാണ് നാലുദിവസം നീണ്ടു നില്ക്കുന്ന കലോത്സവം സംഘടിപ്പിച്ചത്. നന്ദാവനം പ്രഫ. എൻ. കൃഷ്ണപിള്ള ഫൗണ്ടേഷൻ ഓഡിറ്റോറിയത്തിലാണ് ചടങ്ങ്. കേരളത്തിലെ സാഹിത്യമേഖലയിലും സർക്കാർ നോമിനികളാണ് ഭരണതലപ്പത്തുള്ളത്. പി.എസ്. ശ്രീധരൻപിള്ള പറഞ്ഞു.
എന്നാൽ കേന്ദ്ര സാഹിത്യ അക്കാഡമിയിൽ കേന്ദ്ര സർക്കാർ നോമിനികൾ കുറവാണ് എന്നും ഗോവ ഗവർണർ ചൂണ്ടിക്കാട്ടി. സങ്കുചിതമായ രാഷ്ട്രീയ ചിന്തകൾക്കതീതമായി കലാ-സാഹിത്യത്തെ സമീപിക്കണം. രാഷ്ട്രീയം ഉൾപ്പെടെയുള്ള മേഖലകളിൽ ശൈഥല്യം സംഭവിച്ചുകൊണ്ടിരിക്കുകയാണ്. പഴയകാലത്ത് രാഷ്ട്രീയ പ്രവർത്തനം എന്നാൽ സ്വത്തും ജീവനും ഉൾപ്പെടെ എല്ലാം അങ്ങോട്ട് നല്കുന്ന പ്രവർത്തനമായിരുന്നു. എന്നാൽ ഇന്നു കണക്കുപറഞ്ഞ് വാങ്ങുന്നവരെ എല്ലാ പ്രസ്ഥാനങ്ങളിലും കണ്ട് തുടങ്ങുകയാണ്.
കാലദേശങ്ങൾക്കതീതമായ കലയും സാഹിത്യവും നാടിന്റെ ഏകീകരണത്തിനു അനിവാര്യമാണ് എന്നും പി.എസ്. ശ്രീധരൻ പിള്ള പറഞ്ഞു. നാടകം, ബാലസാഹിത്യം ഉൾപ്പെടെയുള്ള മഹത്തായ സർഗസൃഷ്ടികളിലൂടെ പ്രഫ. എൻ. കൃഷ്ണപിള്ള നല്കിയ സംഭാവനകൾ മഹത്തരമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പിന്നണി ഗായകനും ഫൗണ്ടേഷൻ അംഗവുമായ ജി. ശ്രീറാമിന്റെ സ്മരണാഞ്ജലിയോടെയാണ് ഉദ്ഘാടന സമ്മേളനം ആരംഭിച്ചത്.
ചടങ്ങിൽ മുൻ എംപിയും ഫൗണ്ടേഷൻ ചെയർമാനുമായ പന്ന്യൻ രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. ഡോ. എഴുമറ്റൂർ രാജരാജവർമ എഡിറ്റ് ചെയ്ത മൂന്ന് പുസ്തകങ്ങളുടെ പ്രകാശനം പി.എസ്. ശ്രീധരൻപിള്ള നിർവഹിച്ചു. ചെറുശേരി നന്പൂതിരി, ഉണ്ണായിവാര്യർ, കുഞ്ചൻ നന്പ്യാർ എന്നിവരുടെ ഛായാചിത്രങ്ങളുടെ അനാഛാദനവും അദ്ദേഹം നിർവഹിച്ചു. പ്രഫ. എൻ. കൃഷ്ണപിള്ള ഫൗണ്ടേഷന്റെ 35-ാം വാർഷിക ഉദ്ഘാടനവും അധ്യാപകർക്കും ഉദ്യോഗസ്ഥർക്കുമുള്ള ആദരാർപ്പണവും നടന്നു.
ആകാശവാണി തിരുവനന്തപുരം നിലയം പ്രോഗ്രാം മേധാവി വി. ശിവകുമാർ, പ്രഭാത് ബുക്സ് ജനറൽ മാനേജർ എസ്. ഹനീഫ റാവുത്തർ, ഫേമസ് ബുക്സ് മാനേജിംഗ് ഡയറക്ടറും ഫൗണ്ടേഷൻ അംഗവുമായ ജി. വിജയകുമാർ തുടങ്ങിയവർ ആശംസാപ്രസംഗം നടത്തി.
ചടങ്ങിനു ഫൗണ്ടേഷൻ സെക്രട്ടറി ഡോ. എഴുമറ്റൂർ രാജരാജവർമ സ്വാഗതം ആശംസിച്ചു. ഫൗണ്ടേഷൻ ട്രഷറർ ബി. സനിൽകുമാർ കൃതജ്ഞത പറഞ്ഞു. തുടർന്ന് കഥാപ്രസംഗം, കാവ്യപൂജ, കഥകളി തുടങ്ങിയ കലാപരിപാടികൾ നടന്നു.
പന്ന്യൻ വ്യത്യസ്തനായ രാഷ്ട്രീയ നേതാവ്
തിരുവനന്തപുരം: വളരെ വേറിട്ട രാഷ്ട്രീയ നേതാവാണ് പന്ന്യൻ രവീന്ദ്രൻ. സാഹിത്യം, കല, പിന്നെ ഫുട്ബോൾ തുടങ്ങിയ കായിക ലോകം, അങ്ങനെ സമസ്ത മേഖലയെയും ഉൾക്കൊള്ളുന്ന ഒരു വ്യക്തിത്വമാണ് പന്ന്യൻ രവീന്ദ്രന്റെത്.
ഗോവ ഗവർണർ അഡ്വ. പി.എസ്. ശ്രീധരൻപിള്ളയുടേതാണീ വാക്കുകൾ എൻ. കൃഷ്ണപിള്ള കലോത്സവം 2024 ന്റെ വേദിയിലാണ് പൊളിറ്റീഷ്യൻ വിത്ത് എ ഡിഫറൻസ് എന്ന് പന്ന്യൻ രവീന്ദ്രനെ പി.എസ്. ശ്രീധരൻപിള്ള വിശേഷിപ്പിച്ചത്.
സ്വന്തം പ്രത്യയ ശാസ്ത്രവും വിശ്വാസവും മുന്നോട്ടു കൊണ്ടുപോകുന്പോൾ തന്നെ അനന്തമായ ഒരു വീക്ഷണവും ലോകവും പന്ന്യൻ രവീന്ദ്രനുണ്ട്. ആത്മസുഹൃത്ത് എന്ന സംബോധനയോടെയാണ് പന്ന്യൻ രവീന്ദ്രനെ ബിജെപിയുടെ പ്രമുഖ നേതാവ് കൂടിയായ ഗോവ ഗവർണർ ചേർത്തുവച്ചത്.