എംഎൽഎ ഹോസ്റ്റൽ ആസിഡ് ഒഴിച്ചു കഴുകിച്ചു; ദിവസവേതനക്കാരി ആശുപത്രിയിൽ
1454115
Wednesday, September 18, 2024 6:24 AM IST
തിരുവനന്തപുരം: ഡപ്യൂട്ടേഷനിൽ എത്തിയ ഹെൽത്ത് ഇൻസ്പെക്ടർ, എംഎൽഎ ഹോസ്റ്റലിലെ ബാത്ത്റൂം ആസിഡ് ഒഴിച്ച് കഴുകിച്ചതിനെ തുടർന്ന് ദിവസ വേതനക്കാരിയായ ക്ലീനിംഗ് സ്റ്റാഫ് അബോധാവസ്ഥയിൽ ആശുപത്രിയിലായി.
കഴിഞ്ഞ ദിവസമാണു സംഭവം നടന്നത്. അടുത്തിടെ നിയമസഭയിൽ ഡപ്യൂട്ടേഷനിൽ എത്തിയ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടറുടെ ജോലി പീഢനത്തിനെതിരെ നിരവധി പരാതികളാണ് ഉയരുന്നത്. സിപിഎം അനുഭാവിയായ ഉദ്യോഗസ്ഥന് നിയമസഭയിലാണ് ഡപ്യൂട്ടേഷന് അനുമതി നൽകിയത്.
ഒരു മന്ത്രിയുടെ നിർദേശ പ്രകാരമായിരുന്നു ഡപ്യൂട്ടേഷൻ നിയമനം. ക്ലിനീംഗ് സ്റ്റാഫിനെക്കൊണ്ട് അമിതമായി ജോലി ചെയ്യിപ്പിക്കുന്നുവെന്ന പരാതി ഉയർന്നതോടെ നിയമസഭ സമുച്ചയത്തിൽ നിന്ന് എംഎൽ എ ഹോസ്റ്റലിലേക്കു മാറ്റി.
ദിവസങ്ങളായി അടഞ്ഞു കിടന്നിരുന്ന സിപിഎം എംഎൽഎയുടെ മുറിയുടെ ബാത്ത് റൂം കഴുകാനാണ് ആസിഡ് ഒഴിച്ചത്. വൃത്തിയാക്കുന്നതിനിടെ ഇവർ ബോധരഹിതയായി.
തുടർന്ന് ഇവരെ ജനറൽ ആശുപത്രിയിലെ ഐസിയുവിൽ പ്രവേശിപ്പിച്ചു. സാധാരണ ബാത്ത് റൂം ക്ലീനറുകൾ ഉപയോഗിച്ചാണ് ഇവിടം വൃത്തിയാക്കിരുന്നത്.
ഇതോടെ ഇത്തരം ജീവനക്കാരുടെ ഡപ്യൂട്ടേഷൻ അവസാനിപ്പിച്ചു പറഞ്ഞു വിടണമെന്ന ആവശ്യം ഭരണകക്ഷി അംഗങ്ങൾ തന്നെ ഉന്നയിക്കാൻ തുടങ്ങിയതായായാണു വിവരം.