തിരുവോണനാളില്‍ തലസ്ഥാനത്ത് രണ്ട് അപകടം: നാല് മരണം
1453644
Monday, September 16, 2024 10:58 PM IST
തിരുവനന്തപുരം: തിരുവോണ നാളില്‍ തലസ്ഥാനത്ത് രണ്ട് അപകടങ്ങളിലായി നാലുപേര്‍ മരിച്ചു. വര്‍ക്കലയില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ചു മൂന്നു യുവാക്കളും മംഗലപുരം ശാസ്തവട്ടത്ത് ഓണാഘോഷത്തിനിടയിലേക്ക് ബൈക്ക് പാഞ്ഞുകയറിയുണ്ടായ അപകടത്തില്‍ ഒരാളുമാണ് മരിച്ചത്.
വര്‍ക്കല കുരയ്ക്കണ്ണി ജംഗ്ഷനില്‍ കഴിഞ്ഞ ദിവസം രാത്രി പതിനൊന്നേകാലോടെയായിരുന്നു ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് അപകടമുണ്ടായത്.
രണ്ടു ബൈക്കിലും മൂന്നുപേര്‍ വീതമുണ്ടായിരുന്നു. അപകടത്തില്‍ വര്‍ക്കല ഇടവ തോട്ടുമുഖം സ്വദേശികളായ അച്ചു എന്നു വിളിക്കുന്ന ആനന്ദഭാസ്, ആദിത്യന്, വര്‍ക്കല പുന്നമൂട് സ്വദേശി ജിഷ്ണു എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരിക്കു പറ്റിയ രണ്ടുപേരെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ശാസ്തവട്ടത്ത് ഓണാഘോഷത്തിനിടയിലേക്ക് ബൈക്ക് പാഞ്ഞുകയറി ശാസ്തവട്ടം സ്വദേശി ഷൈജുവാണ് മരിച്ചത്.
ബൈക്കിടിച്ചു ദൂരെയ്ക്ക് തെറിച്ചു വീണ ഷൈജുവിനെ ഗുരുതര പരിക്കുകളോടെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. ബൈക്കോടിച്ചിരുന്ന പെരുങ്ങുഴി സ്വദേശി റോഷന് രാജിനും ഗുരുതര പരിക്കുണ്ട്. ഇയാള്‍ ചികിത്സയിലാണ്.