കാവേരിയും ഏത്തനും സുലഭം : ജൈവപച്ചക്കറികളുമായി പള്ളിച്ചല്‍ കര്‍ഷകരുടെ ഓണവിപണി
1453017
Friday, September 13, 2024 5:58 AM IST
നേമം: കര്‍ഷകരുടെ കൂട്ടായ് മയായ പള്ളിച്ചല്‍ സംഘമൈത്രിയില്‍ ഒണവിപണി സജീവമായി. ആദായവിലയ്ക്ക് നാടന്‍ ഏത്തന്കുലകളും ജൈവകൃഷിയില്‍ ഉത്പാദിപ്പിച്ച പച്ചക്കറികളും വില്‍പ്പന തുടങ്ങി.
ഇടനിലക്കാരില്ലാതെ കര്‍ഷകനില്‍നിന്ന് എടുക്കുന്ന അതേ വിലയ്ക്കാണ് ഏത്തന്കുലകളും മറ്റ് പച്ചക്കറി ഉത്പന്നങ്ങളും ഉപഭോക്താവിന് സംഘമൈത്രി വിപണനകേന്ദ്രങ്ങള്‍ വഴി ലഭിക്കും. ഈ ആദായ വിലയുടെ ഗുണം നഗരത്തിലുള്ളവര്‍ക്കും ലഭിക്കാന്‍ സംഘമൈത്രിയുടെ ഔട്ട്ലെറ്റുകള് പുത്തരിക്കണ്ടം മൈതാനം ഉള്‍പ്പടെയുള്ള സ്ഥലങ്ങളില്‍ ലഭിക്കുന്നുണ്ട്.
ഇവയ്ക്ക് പുറമെ സംഘമൈത്രിയുടെ വിവിധ സ്ഥലങ്ങളിലെ കളക്ഷന്‍ സെന്ററുകള്‍ വഴിയും വില്‍പ്പന നടത്തുന്നുണ്ട്. പൊതുവിപണിയില്‍ നിന്നും 30 ശതമാനം വരെ വിലക്കുറവിലാണ് ഉപഭോക്താവിന് ലഭിക്കുന്നതെന്നു ചെയര്മാന് ആര്. ബാലചന്ദ്രന്‍നായര്‍ പറഞ്ഞു.
ഏത്തന് കിലോ 60 രൂപ, കപ്പപ്പഴം -80, കാവേരി കിലോ- 40, റോബസ്റ്റ കിലോ -30, രസകദളി -70, പാളയംതോടന്‍ -30, മാങ്ങ -120, ഇഞ്ചി -90, കത്തിരി -45, വെള്ളരി -30 തുടങ്ങിയ നിരക്കുകളില്‍ വാഴപ്പഴങ്ങളും പച്ചക്കറികളും ലഭിക്കും. ഇനി ഓണം കഴിയുന്നതുവരെ സംഘമൈത്രിയില്‍ ദിവസവും വിളവെടുപ്പുമായി എത്തുന്ന കര്‍ഷകരും പച്ചക്കറികളും കുലകളും വാങ്ങാനെത്തുന്ന കച്ചവടക്കാരുമെല്ലാകൊണ്ടു തിരക്കായിരിക്കും.
കാര്‍ഷിക ഗ്രാമമായ കല്ലിയൂരിലെ മിക്ക കര്‍ഷകരുടെയും ഉത്പന്നങ്ങള്‍ വിറ്റഴിക്കുന്നത് സംഘമൈത്രിയിലൂടെയാണ്. ജില്ലയില്‍ 50 പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന സംഘമൈത്രി ഒരു വര്‍ഷത്തെ ലാഭവിഹിതം 6,000 കര്‍ഷകര്‍ക്ക് 37 ലക്ഷം രൂപ വിതരണം ചെയ്തു.
കൂടിയ തുക ബോണസായി 30,000 വാങ്ങിയത് കര്ഷകന് ലക്ഷ്മണന് നാടാര്‍. ചിപ്സ്, ഉപ്പേരി, ചക്ക വരട്ടി എന്നിവ ഓണം സ്പെഷലായുമുണ്ട്. മനം നിറഞ്ഞുള്ള കര്‍ഷകരുടെ കൈക്കോര്ക്കലാണ് സംഘമൈത്രിയെന്ന കര്‍ഷക കൂട്ടായ്മയുടെ വിജയം. ഒപ്പം ജനങ്ങള്‍ക്കു നല്ല പച്ചക്കറി കര്‍ഷകരില്‍ നിന്നും നേരിട്ട് വാങ്ങാനുള്ള അവസരവുമൊരുങ്ങുമെന്നും ആര്. ബാലചന്ദ്രന്‍നായര്‍ പറഞ്ഞു.