നെയ്യാർ ജലാശയത്തിൽ മീനുകൾ ചത്തുപൊങ്ങുന്നു
1452773
Thursday, September 12, 2024 6:48 AM IST
കാട്ടാക്കട: നെയ്യാർ ജലാശയത്തിൽ വിവിധ പ്രദേശങ്ങളിൽ മീനുകൾ ചത്തുപൊങ്ങുന്നു. പന്ത, മായം, പന്തപ്ലാംമൂട് തുടങ്ങിയ പ്രദേശങ്ങളിലാണ് മൂന്നുദിവസമായി തിലോപ്പി ഇനത്തിലെ മീനുകൾ കൂട്ടത്തോടെ ചത്തുപൊങ്ങുന്നത്.
മൂന്നു ദിവസമായി പന്ത പ്ലാംമൂട്, മായം പ്രദേശങ്ങളിലും ബുധനാഴ്ച പന്തയിലുമാണ് ഇത്തരത്തിൽ മീനുകൾ ചത്തുപൊന്തിയത് കണ്ടെത്തി യത്. ഡാം റിസർവോയർ ഭാഗത്തു കഴിഞ്ഞ ദിവസം ഒരു മുളളൻ പന്നിയെയും ചത്ത നിലയിൽ കണ്ടിരുന്നു. കാട്ടാക്കട, നെയ്യാറ്റിൻകര ഭാഗത്തേക്കും കാളിപാറ കുടിവെള്ള പദ്ധതിപ്രകാരം പമ്പ് ചെയ്യുന്നതു നെയ്യാർ ജലാശയത്തിൽ നിന്നായതുകൊണ്ടു മീനുകൾ ചത്തു പൊന്തുന്നതുകണ്ട് ജനങ്ങൾ ആശങ്കയിലാണ്.
വിഷയം മത്സ്യവകുപ്പ് അധികൃതരെത്തി പരിശോധനക്കായി ജലം ശേഖരിച്ച് അയച്ചിട്ടുണ്ടെന്നും ഫലം വന്നാൽ മാത്രമേ കാരണം വ്യക്തമാവുകയുള്ളൂ എന്നും പറയുന്നു. നെയ്യാർ ജലാശയത്തിലേക്കു നിരവധി ആറുകൾ തമിഴ്നാട്ടിൽ നിന്നുകൂടി വന്നു ചേരുന്നുണ്ട്. ഇവിടെയൊക്കെ പ്ലാസ്റ്റിക് മാലിന്യങ്ങളും മാലിന്യം നിറച്ച ചാക്ക് കെട്ടുകളും വലിച്ചെറിഞ്ഞിട്ടുള്ളതായും പ്രദേശത്തുകാർ പറയുന്നു.