നഗരസഭ മാലിന്യമുക്തം പദ്ധതി : നിര്‍വഹണ സമിതി രൂപീകരണ യോഗത്തില്‍ ഭൂരിപക്ഷം കൗണ്‍സിലര്‍മാരും പങ്കെടുത്തില്ല
1452766
Thursday, September 12, 2024 6:34 AM IST
നെയ്യാറ്റിന്‍കര : നഗരസഭ പ്രദേശങ്ങളെല്ലാം സന്പൂര്‍ണ മാലിന്യമുക്തമാക്കാന്‍ നെയ്യാറ്റിന്‍കര നഗരസഭ സംഘടിപ്പിച്ച ജനകീയ കാന്പയിന്റെ നിര്‍വഹണ സമിതി രൂപീകരണ യോഗത്തില്‍ ഭൂരിപക്ഷം കൗണ്‍സിലര്‍മാരും പങ്കെടുത്തില്ല. മാലിന്യമുക്തം നവകേരളം പദ്ധതി യാഥാര്‍ഥ്യമാക്കാനുള്ള പരിപാടിയുടെ ഭാഗമായി വാര്‍ഡുതല പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കേണ്ടത് അതാത് വാര്‍ഡ് കൗണ്സിലര്മാണെന്നിരിക്കെ ജനപ്രതിനിധികളുടെ അസാന്നിധ്യം ശ്രദ്ധിക്കപ്പെടുകയും ചെയ്തു.
നഗരസഭ ചെയര്മാന് പി.കെ. രാജമോഹനന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ വൈസ് ചെയര്‍പേഴ്സണ്‍ പ്രിയാ സുരേഷ്, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന്മാരായ ജെ. ജോസ് ഫ്രാങ്ക്ളിന്, ഡോ. എം.എ. സാദത്ത്, എന്‍.കെ അനിതകുമാരി, ആര്. അജിത, കൗണ്‍സിലര്‍മാരായ എ.എസ് ഐശ്വര്യ, പ്രസന്നകുമാര്‍, കൂട്ടപ്പന മഹേഷ്, ബിനു മരുതത്തൂര്‍, മാന്പഴക്കര ശശി, പെരുന്പഴുതൂര്‍ ഗോപന് എന്നിവര്‍ പങ്കെടുത്തു.
44 കൗണ്‍സിലര്‍മാരുള്ള നഗരസഭയിലെ ചെയര്‍മാനുള്‍പ്പെടെ 12 പേര് മാത്രമേ സംബന്ധിച്ചുള്ളൂ.
കൗണ്‍സിലര്‍മാരുടെ അഭാവം സദസ്യര്‍ ചൂണ്ടിക്കാണിച്ചപ്പോള്‍ എല്ലാ കൗണ്‍സിലര്‍മാര്‍ക്കും പ്രത്യേകം ക്ഷണക്കത്തുകള്‍ നല്‍കിയിരുന്നതായി ചെയര്മാന് അറിയിച്ചു.