ഇഴജന്തുക്കളെ ഭയന്ന് പ്രദേശവാസികള്‍ : മഠത്തുനട മേലേക്കുളത്തിന്റെ നടപ്പാത കാടുകയറിയെന്ന് ആക്ഷേപം
1452225
Tuesday, September 10, 2024 6:36 AM IST
പേരൂര്‍ക്കട: അടുത്തിടെ നവീകരിച്ച മഠത്തുനട മേലേക്കുളത്തിന്റെ നടപ്പാത കാടുകയറിനിലയിലെന്ന് ആക്ഷേപം. ഇഴജന്തുക്കളെ ഭയന്നു പകല്‍സമയത്തുപോലും പുറത്തിറങ്ങാന്‍ ഭയമെന്ന് പ്രദേശവാസികള്‍. തിരുവനന്തപുരം നഗരസഭയുടെ പരിധിയില്‍ പാതിരിപ്പള്ളി വാര്‍ഡില്‍ ഉള്‍പ്പെടുന്നതാണ് മേലേക്കുളം.
ഒന്നരവര്‍ഷത്തിനു മുമ്പാണ് കുളത്തിന്റെ നവീകരണം നടത്തിയത്. വെള്ളത്തിലെ പായലുകള്‍ നീക്കംചെയ്യുകയും നടപ്പാത ഇന്റർലോക്ക് ചെയ്യുകയും കുളത്തിനുചുറ്റും സംരക്ഷണവേലി നിര്‍മിക്കുകയും ചെയ്തിരുന്നു. എന്നാല്‍ പിന്നീട് ശുചീകരണമില്ലാതായതോടെ കുളത്തിന്റെ നാലുവശവും കാടുകയറുകയായിരുന്നു.
ഓവല്‍ ആകൃതിയിലുള്ളതാണു കുളം. കുളത്തിനു സമീപം നിരവധി വീടുകളും സാഗര റസിഡന്റ്സ് അസോസിയേഷന് ഓഫീസും സ്ഥിതിചെയ്യുന്നുണ്ട്. കുളത്തിന്റെ സമീപത്ത് ചെറിയൊരു വഴിയുണ്ട്. ഇഴജന്തുക്കളെ ഭയന്ന് ഇതുവഴി സഞ്ചരിക്കാന്‍പോലും ജനങ്ങള്‍ ഭയപ്പെടുന്നു. ഒരു ട്രാന്‍സ്ഫോമര്‍ നിലനില്‍ക്കുന്നത് കുളത്തിനുസമീപത്തുനിന്ന് 10 മീറ്റര്‍ മാറിയാണ്. ഈഭാഗം ഉള്‍പ്പെടെയാണ് കാടുകയറിയിരിക്കുന്നത്.
പാഴ്ച്ചെടികള് വളര്‍ന്നുപൊങ്ങി കുളത്തിലേക്കു ഇറങ്ങിക്കിടക്കുന്നു. അതോടെ നടപ്പാത പൊളിയുകയും ചെയ്തു. ഇനി മണിക്കൂറുകള്‍ നീണ്ട അദ്വാനം ഉണ്ടെങ്കില്‍ മാത്രമേ കാടുവെട്ടിത്തെളിക്കാന്‍ സാധിക്കൂ. കുളത്തിലെ വെള്ളം വാഴകൃഷിക്കും മരച്ചീനി കൃഷിക്കുമാണ് ഉപയോഗിക്കുന്നത്. ലക്ഷക്കണക്കിനു രൂപ വിനിയോഗിച്ചു നവീകരിച്ച കുളം സംരക്ഷിക്കുന്നതിനുള്ള നടപടികള്‍ അധികൃതര്‍ സ്വീകരിക്കാത്തതാണു കുളത്തിന്റെ നാശാവസ്ഥയ്ക്കു കാരണമെ ന്നും ആക്ഷേപമുയരുന്നുണ്ട്.