ഉറങ്ങിക്കിടന്ന വീട്ടമ്മയുടെ അഞ്ചുപവന്റെ മാല കവർന്നു
1451913
Monday, September 9, 2024 7:09 AM IST
വിഴിഞ്ഞം: പെരിങ്ങമ്മല പുല്ലാന്നിമുക്കിൽ വീട്ടിൽ ഉറങ്ങിക്കിടന്ന വീട്ടമ്മയുടെ കഴുത്തിൽ കിടന്ന അഞ്ചു പവന്റെ മാലയും 5000 രൂപ വിലവരുന്ന വാച്ചും അലമാരയിൽ സൂക്ഷിച്ചിരുന്ന 300 രൂപയും മോഷ്ടാവ് കവർന്നു.
പെരിങ്ങമ്മല പുല്ലാന്നിമുക്കിൽ റവന്യൂ വകുപ്പ് തഹസീൽദാർ സുനീഷ് കുമാറിന്റെ വീട്ടിലാണ് കവർച്ച നടന്നത്. ഇന്നലെ പുലർച്ചെ 3.15 ഓടെയാണ് സംഭവം. വീട്ടിൽ ഉറങ്ങിക്കിടക്കുകയായിരുന്ന ഭാര്യ മെർളിൻ ഉഷയുടെ കഴുത്തിൽ കിടന്ന മാലയും അലമാരയിൽ സൂക്ഷിച്ചിരുന്ന വാച്ചും പെെസയുമാണ് കവർന്നത്. സംഭവസമയം വീട്ടമ്മയും മകളും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.
കഴുത്തിലെ മാല വലിച്ചുപൊട്ടിച്ചതിനെ തുടർന്ന് മെർളിൻ ഞെട്ടി ഉണർന്നെങ്കിലും മോഷ്ടാവ് രക്ഷപ്പെട്ടു. ഇതിനിടെ മാലയുടെ ഒരു കഷ്ണം വീട്ടിനുള്ളിൽ വീണു കിടന്ന നിലയിൽ ലഭിച്ചതായും പോലീസ് അറിയിച്ചു. വീടിന്റെ ഒരു വശത്തെ വാതിലിന്റെ കീഴ്പ്പടി പൊളിച്ചാണ് മോഷ്ടാവ് അകത്തുകടന്നത്.