മറക്കരുത് ഈ താരങ്ങളെ
1451909
Monday, September 9, 2024 7:09 AM IST
മലയാള സിനിമയുടെയും സംഗീതത്തിന്റെയും ചരിത്രത്തിനൊപ്പം നടന്ന മൂന്നു താരങ്ങൾ ഇന്ന് ആദരിക്കപ്പെടുകയാണ്. സിനിമാ സൗഭാഗ്യങ്ങളിൽ നിന്നകന്ന് കലയെ ഉപാസിച്ച സി.എസ്. രാധാദേവിക്കും ലളിതാ തന്പിക്കും, പദ്മിനി വാര്യർക്കും വേക്കപ്പ് കൾച്ചറൽ ഫോറം, ഭാരത് ഭവന്റെ സഹകരണത്തോടെയാണ് ആദരവായ ത്രയംബകം സമർപ്പിക്കുന്നത്. വൈകിട്ട് അഞ്ചിനു ഭാരത് ഭവനിലാണ് ചടങ്ങ്. അക്ഷരാർഥത്തിൽ താരങ്ങളായ മൂന്ന് അനുഗ്രഹീത കലാകാരികളുടെ സംഭാവനകളിലൂടെ...
കേരളത്തിലെ റേഡിയോ നിലയത്തിൽ ലളിതഗാനത്തിനു തുടക്കം കുറിക്കുന്നത് സി.എസ്. രാധാദേവി പാടിയ "അഞ്ജന ശ്രീധര...’ എന്ന ശ്രീകൃഷ്ണ സ്തുതി ഗീതത്തോടയാണ്. അതൊരു ചരിത്രമാണ്. സംഗീത സംവിധായകൻ തൃശൂർ പി. രാധാകൃഷ്ണന്റെ ആശയത്തിൽ ഉദിച്ച ലളിതഗാനശാഖയ്ക്കു സാക്ഷാത്കാരം നൽകുക വഴി സി.എസ്. രാധാദേവി കുറിച്ച ചരിത്രം.
1949-ൽ പതിനേഴാം വയസിൽ ട്രാവൻകൂർ റേഡിയോയിൽ ചേർന്ന സി.എസ്. രാധാദേവി ഇന്ന് കേരളത്തിൽ ജീവിച്ചിരിക്കുന്ന പ്രമുഖ റേഡിയോ കലാകാരിൽ ഒരാളാണ്. ജ്ഞാനസുന്ദരി, സീത തുടങ്ങിയ ചിത്രങ്ങളിലെ ഡബ്ബിംഗ് ആകട്ടെ മലയാള ഡബ്ബിംഗ് ചരിത്രത്തിന്റെ തന്നെ നാഴികകല്ലും. പതിമൂന്നാമത്തെ വയസിൽ "യാചകമോഹിനി’യിലാണ് സി.എസ്. ആദ്യം പാടുന്നത്. നായികയായ വൈക്കം സരസമ്മയുടെ ബാല്യകാലവും സിനിമയിൽ അവതരിപ്പിച്ചു. സിനിമ പക്ഷെ വെളിച്ചം കണ്ടില്ല. സ്ത്രീ എന്ന തിക്കുറിശി സുകുമാരൻ നായർ നായകനായ സിനിമയാണ് പുറത്ത് വന്ന ആദ്യ സിനിമ.
പി. സുബ്രഹ്മണ്യത്തിന്റെ "അവകാശി'എന്ന സിനിമയിലെ "ഭൂവിങ്കലെന്നും അനുരാഗമതിൻ ഗതിക്ക്...’ എന്ന ഗാനത്തിലൂടെയാണ് ആദ്യം പിന്നണി ഗായികയാവുന്നത്. സുബ്രഹ്മണ്യത്തിന്റെ ഭക്തകുചേല, മന്ത്രവാദി, മറിയക്കുട്ടി, പാടാത്ത പൈങ്കിളി തുടങ്ങിയ സിനിമകളിൽ പിന്നീട് പാടി. തിരുവനന്തപുരം നഗരത്തിലെ ഉപ്പളം റോഡിലെ "മാളികപുരയ്ക്കൽ' ഇരുന്ന് സി.എസ്. രാധാദേവി ഇപ്പോഴും പാടാറുണ്ട്. "ഈശ പുത്രനേ വാ യേശുനാഥനേ വാ..' ഈണം മുറിയാതെ, താളം മുറിയാതെ...
"അന്പിളി മുത്തച്ചൻ പിച്ച നടത്തുന്ന നച്ചത്രകൊച്ചുങ്ങളെ...' എന്ന ഗാനം ലളിതാ തന്പി പാടിയത് 1955ൽ കാലം മാറുന്നു എന്ന സിനിമയിലാണ്. അക്ഷാർഥത്തിൽ ഒരു കാലം മാറി മറ്റൊരു അരുണ സംഗീതത്തിനു സിനിമാ ലോകം സാക്ഷിയാകുന്ന സമയമായിരുന്നു അത്. ഒ.എൻ.വിയും ദേവരാജനും ആദ്യമായി സിനിമയിൽ ഒന്നിച്ചതും ’കാലം മാറുന്നു’ വിലൂടെയാണ്. അന്പിളി മുത്തച്ഛൻ... പാടിയ ലളിതാ തന്പി എന്ന അന്നത്തെ യുവതിയ്ക്കു ഇപ്പോൾ പ്രായം 92 ആയി. എങ്കിലും ഒ.എൻ.വി. എഴുതി ദേവരാജൻ ഈണംപകർന്ന അന്പിളി മുത്തച്ചൻ പഴയപോലെ ഉച്ചസ്ഥായിയിൽ തന്നെ ഇന്നും പാടും. തൈക്കാട് എം.ജി.രാധാകൃഷ്ണൻ റോഡിലെ "രാഗ'ത്തിൽ ലളിതാ തന്പി ഉണ്ട്.
1954-ൽ പി. സുബ്രഹ്മണ്യം നിർമിച്ച "അവകാശി'യിലാണ് ലളിതാ തന്പിയുടെ ആദ്യഗാനം. ഹരിശ്ചന്ദ്ര, അവരുണരുന്നു എന്നീ ചിത്രങ്ങളിലെ ഗാനങ്ങളും ഓർമയിൽ തിളങ്ങുന്നതാണ്. ഹരിശ്ചന്ദ്രയിലെ ഗാനങ്ങളിൽ സി.എസ്. രാധാദേവിയും ഒപ്പും ചേരുന്നുണ്ട്. സിനിമയ്ക്കുവേണ്ടി ഏറ്റവുമൊടുവിൽ പാടിയത് "അന്പിളി മുത്തച്ചൻ...’ എന്ന ഗാനമാണ്. കർണാടക സംഗീതജ്ഞനും ആകാശവാണിയിലെ പ്രൊഡ്യൂസറുമായിരുന്ന ചേർത്തല ഗോപാലൻ നായരുമായുള്ള വിവാഹ ശേഷം ശാസ്ത്രീയ സംഗീത ലോകത്തേക്കു ചുവടുമാറി.
സിനിമാ ലോകത്തുനിന്നും അകലുകയും ചെയ്തു. പിൽക്കാലത്ത് മകനും പിന്നണി ഗായകനുമായ ജി. ശ്രീറാമാണ് ലളിതാതന്പിയുടെ ഗാനങ്ങൾ കണ്ടെത്തുകയും വേദികളിൽ വീണ്ടും പാടിക്കുകയും ചെയ്യുന്നത്.
ശ്രീ മഹാദേവൻ തന്റെ ശ്രീ പുള്ളോർക്കുടം കൊണ്ട്
ഓമന ഉണ്ണീടെ നാവേറു പാടുന്നു...
1973 ൽ പുറത്തിറങ്ങിയ നിർമാല്യം സിനിമ കണ്ടവർക്കാർക്കും മറക്കുവാൻ കഴിയില്ല. ഈ പുള്ളുവൻ പാട്ട്.
ലക്ഷക്കണക്കിനു പ്രേക്ഷകർക്കുള്ളിൽ ഇന്നും വിങ്ങലായി പടരുന്ന നിർമാല്യത്തിലെ ഈ സർപ്പപ്പാട്ട് സിനിമയുടെ തീവ്ര വേദനയിൽ ഇഴചേരുന്നതാണ്. കഴിഞ്ഞ അരനൂറ്റാണ്ടായി നിർമാല്യം ഹൃദയത്തിലേറ്റുന്നവരിൽ പലർക്കും പക്ഷേ അറിയില്ല ഈ ഗാനത്തിലെ മനോഹരമായ സ്ത്രീനാദം പദ്മിനി വാര്യരുടെതാണെന്ന്.
ആയൂർവേദ ചികിത്സാ രംഗത്തെ ഇതിഹാസമായ ഡോ. പി.കെ.വാര്യരുടെ അനന്തരവൾ ആയ പദ്മിനി വാര്യർ കഴിഞ്ഞ 50 വർഷങ്ങളായി തിരുവനന്തപുരത്താണ് താമസം. ഭർത്താവ് ഐഎസ്ആർഒയിൽ ഉദ്യോഗസ്ഥനായിരുന്നതിനാൽ തിരുവനന്തപുരത്ത് താമസമാക്കുകയായിരുന്നു. കോട്ടയ്ക്കലാണ് വേരുകൾ എങ്കിലും കോട്ടയ്ക്കൽ ആര്യവൈദ്യശാലയുടെ കോഴിക്കോട് ബ്രാഞ്ചിൽ ഡോക്ടറായിരുന്നു പദ്മിനി വാര്യരുടെ അച്ഛൻ. അതിനാൽ കോഴിക്കോടാണ് ഗായിക വളർന്നതും പഠിച്ചതും.
അനുഗ്രഹീത സംഗീത സംവിധായകൻ കെ. രാഘവന്റെ കീഴിൽ കർണാടക സംഗീതം പഠിച്ചിരുന്നു. കെ.രാഘവൻ മാസ്റ്ററാണ് സിനിമയിലേക്ക് കൂട്ടുന്നതും. രാഘവൻ മാസ്റ്ററുടെ ശിഷ്യയായതുകൊണ്ട് തന്നെ നിർമാല്യത്തിലെ പുള്ളുവൻ പാട്ട് പാടുവാൻ ബുദ്ധിമുട്ടുണ്ടായില്ലെന്ന് പദ്മിനി വാര്യർ പറയുന്നു. നിർമാല്യത്തിലെ തന്നെ മറ്റു മൂന്നു പാട്ടുകൾകൂടി ബ്രഹ്്മാനന്ദൻ, സുകുമാരി നരേന്ദ്രമേനോൻ എന്നിവർക്കൊപ്പം പദ്മിനി വാര്യർ പാടിയിട്ടുണ്ട്.
1977 ൽ പുറത്തുവന്ന "പൂജയ്ക്കെടുക്കാത്ത പൂക്കൾ' ക്കുവേണ്ടി പദ്മിനി വാര്യർ അന്പിളിക്കൊപ്പം പാടിയ "നവയുഗ ദിനകരനുയരട്ടെ...’ എന്ന പി. ഭാസ്്കരൻ - കെ. രാഘവൻ ഗാനം ഏറെ ശ്രദ്ധേയമാണ്.
ആകാശവാണി കോഴിക്കോട്, തിരുവനന്തപുരം നിലയങ്ങളിൽ നിരവധി ലളിതഗാനങ്ങൾ പാടിയിട്ടുണ്ട്.
അടുത്ത കാലത്തായാണ് നിർമാല്യത്തിലെ പാട്ടിന്റെ പേരിൽ പദ്മിനി വാര്യർ തിരിച്ചറിയപ്പെടുന്നത്. പല ആസ്വാദകരും പാട്ടിനെക്കുറിച്ച് ചോദിക്കുകയും അഭിനന്ദിക്കുകയും ചെയ്യുന്നുണ്ട്.
നിർമാല്യം പോലെ ദേശീയ അംഗീകാരം നേടിയ സിനിമയിൽ പാടുവാൻ സാധിച്ചതും തന്റെ ഗുരുനാഥനായ കെ.ര ാഘവൻ മാസ്റ്ററുടെ സംഗീതത്തിൽ വലിയ ഭാഗ്യമായി കരുതുന്നു എന്ന് പദ്മിനി വാര്യർ.
എസ്. മഞ്ജുളാദേവി