ദന്തഡോക്ടര്‍ ഒഴിവുവേളകളില്‍ കാവ്യരചനയിലാണ്
1451639
Sunday, September 8, 2024 6:26 AM IST
നെയ്യാറ്റിന്‍കര : വൈദ്യശാസ്ത്ര രംഗത്തെ തിരക്കിന്റെ ഒഴിവുവേളകള്‍ കാവ്യരചനയ്ക്കായി സമര്‍പ്പിച്ച് ഡോ. എസ്.എല്‍ സജിതാ ജാസ്മിന്. കാഞ്ഞിരംകുളം മനവേലി സ്വദേശിനിയായ സജിത കുളത്തൂര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂള്‍, തിരുവനന്തപുരം ഗവ. ഡന്റല്‍ കോളജ്, ശ്രീമൂകാംബിക ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡന്റല്‍ സയന്‍സ്, മണിപ്പാല്‍ അക്കാദമി ഓഫ് ഹയര്‍ എഡ്യൂക്കേഷന്‍ എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി.
ഓറല്‍ മെഡിസിന് ആന്‍ഡ് റേഡിയോളജി വിഭാഗത്തില്‍ ബിരുദാനന്തര ബിരുദവും രണ്ട് ഫെല്ലോഷിപ്പുകളും ലേസര്‍ ഡന്റിസ്ട്രിയില് പ്രത്യേക പരിശീലനവും നേടിയിട്ടുണ്ട്. നിംസ് ഡന്റല്‍ കോളജില്‍ അധ്യാപിക, അക്കാഡമിക് കോര്‍ഡിനേറ്റര്‍, എ.കെ സ്പെഷാലിറ്റി ക്ലിനിക്കില്‍ ഓറല്‍ മെഡിസിന് കള്‍സള്‍ട്ടന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച് പരിചയമുള്ള ഡോ. സജിത ബഹറിനിലെ പ്രശസ്തമായ ആശുപത്രിയില്‍ ഓറല്‍ മെഡിസിന് സ്പെഷലിസ്റ്റായാണ് നിലവില്‍ സേവനം അനുഷ്ഠിക്കുന്നത്.
വിദ്യാര്‍ഥിനിയായിരുന്നപ്പോള്‍ തന്നെ സാഹിത്യത്തോട് ആഭിമുഖ്യമുണ്ടായി. പഠനകാലത്ത് നിരവധി സമ്മാനങ്ങളും കരസ്ഥമാക്കി. സാഹിത്യരചനകള്‍ക്കു പുറമേ മെഡിക്കല്‍ സംബന്ധമായ ലേഖനങ്ങളും എഴുതുന്നു.
നവഭാവന ചാരിറ്റബിള്‍ ട്രസ്റ്റിന്റെ 2023 ലെ ഡി. വിനയചന്ദ്രന് കവിതാ പുരസ്കാരം, കേരള ഗ്രാമ സ്വരാജ് ഫൗണ്ടേഷന്റെ സുഗതകുമാരി സ്മാരക പുരസ്കാരം മുതലായവ ഡോ. സജിതയ്ക്ക് പ്രാപ്തമായ അംഗീകാരങ്ങളില്‍ ചിലത് മാത്രം. നിശാഗന്ധിയുടെ സുഗന്ധം (കാവ്യസമാഹാരം), അതിജീവിത (ഖണ്ഡകാവ്യം) എന്നിവയാണ് പ്രധാന കൃതികള്‍.
അതിജീവിത എന്ന രചനയ്ക്ക് 2024 ലെ കെ.സി കേശവപിള്ള സ്മാരക പുരസ്കാരം ലഭിച്ചു. കഴിഞ്ഞ ദിവസം ലൈഫ് ഫൗണ്ടേഷന് ഡോ. സജിതാ ജാസ്മിനെ ആദരിച്ചു.