നന്തൻകോട് ജെറുസലേം മാർത്തോമാപള്ളി സുവർണജൂബിലി ആഘോഷം ഇന്ന്
1451626
Sunday, September 8, 2024 6:16 AM IST
തിരുവനന്തപുരം: നന്തൻകോട് ജെറുസലേം മാർത്തോമാപള്ളി സുവർണജൂബിലി നിറവിൽ.
സുവർണജൂബിലി ആഘോഷങ്ങൾ ഇന്നു രാവിലെ 7.30ന് കുർബാനയോടെ ആരംഭിക്കും. 10.30ന് തിരുവനന്തപുരം- കൊല്ലം ഭദ്രാസന അധ്യക്ഷൻ ഡോ. ഐസക് മാർ ഫിലെക്സിനോസ് എപ്പിസ്കോപ്പ അധ്യക്ഷത വഹിക്കുന്ന പൊതുസമ്മേളനത്തിൽ മലങ്കര കത്തോലിക്കാസഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവ അനുഗ്രഹപ്രഭാഷണം നിർവഹിക്കും.
മന്ത്രി റോഷി അഗസ്റ്റിൻ സുവർണജൂബിലി കാരുണ്യപ്രോജക്ടുകളും വിഴിഞ്ഞം അന്തർദേശീയ തുറമുഖം എംഡി ഡോ. ദിവ്യ എസ്. അയ്യർ സുവർണജൂബിലി വൈദ്യസഹായ പദ്ധതികളും ഉദ്ഘാടനം ചെയ്യും. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നു വിദ്യാഭ്യാസത്തിനും ജോലിക്കുമായി വന്നുതാമസമാക്കിയ വിശ്വാസികൾ പ്രാർഥനയ്ക്കും ആരാധനയ്ക്കുമായി ആരംഭിച്ചതാണ് നന്തൻകോട് ജെറുസലേം മാർത്തോമാപള്ളി.
പാറ്റൂർ സെന്റ് തോമസ് മാർത്തോമ ഇടവകയുടെ ഭാഗമായിരുന്നെങ്കിലും 1965 ൽ ഡോ. യുഹാനോൻ മാർത്തോമാ മെത്രാപ്പോലീത്ത ആശീർവദിച്ച കുർബാനയോടു കൂടി നന്തൻകോട് സീയോൻ ഹാളിൽ ആരംഭിച്ച ആരാധനാകൂട്ടായ്മയായാണ് ഇടവകയുടെ തുടക്കം. 1975-ൽ സന്പൂർണ ഇടവകയായി ഉയർത്തപ്പെട്ടു.
ഇപ്പോൾ 442 കുടുംബങ്ങളും രണ്ടായിരത്തിലധികം അംഗങ്ങളുമുണ്ട്. സ്വന്തമായി വാങ്ങിയ സ്ഥലത്തു നിർമിച്ച ഇപ്പോഴത്തെ ദേവാലയം 1978 ൽ ഡോ. അലക്സാണ്ടർ മാർത്തോമാ മെത്രാപ്പോലീത്തയും ജോസഫ് മാർ ഐറേനിയോസ് എപ്പിസ്കോപ്പയും ചേർന്നു കൂദാശ ചെയ്തതാണ്. കമ്യൂണിറ്റി ഹാൾ, സണ്‍ഡേ സ്കൂൾ ഹാൾ, ഓഫീസ് കെട്ടിടം ഇവയൊക്കെ പള്ളിയോടു ചേർന്നു പിന്നീട് നിർമിച്ചു.
ജൂബിലി വർഷം വയനാട്ടിലെ ഭവനരഹിതരായവർക്കു മുൻഗണന നൽകിക്കൊണ്ട് വീടുകൾ നിർമിച്ചു നൽകുക, 20 കുട്ടികൾക്കു വിദ്യാഭ്യാസ സഹായം, നിർധനരായ പെണ്‍കുട്ടികൾക്ക് വിവാഹസഹായം, തിരുവനന്തപുരം ജില്ലയിൽ ഒരു ഗ്രാമം ദത്തെടുത്തു വികസനപ്രവർത്തനങ്ങൾ നടത്തുക തുടങ്ങി ഒട്ടേറെ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തിട്ടുണ്ടെന്ന് ഇടവക വികാരി റവ. മനോജ് ഇടിക്കുളയും സെക്രട്ടറിയും സുവർണജൂബിലി ജനറൽ കണ്‍വീനറുമായ പി.എം. ജോണും അറിയിച്ചു.