ഓട്ടോയിടിച്ച് വിദ്യാർഥിനി മരിച്ച സംഭവം : ഓട്ടോറിക്ഷാ ഡ്രൈവർ അറസ്റ്റിൽ
1451402
Saturday, September 7, 2024 6:35 AM IST
വിഴിഞ്ഞം: ടിടിസി വിദ്യാർഥി നിയുടെ ദാരുണാന്ത്യത്തിനു വഴിതെളിച്ച ഓട്ടോറിക്ഷയുടെ ഡ്രൈവർ അറസ്റ്റിൽ. വിദ്യാർഥിനികൾ സഞ്ചരിച്ചിരുന്ന ഓട്ടോറിക്ഷയെ ഇടിച്ചിട്ടശേഷം നിർത്താതെ ഓടിച്ചു പോയ ഓട്ടോയുടെ ഡ്രൈവർ വിഴിഞ്ഞം കോട്ടപ്പുറം കരിമ്പള്ളിക്കരയിൽ ബെൻസിഗറിന്റെ മകൻ ഷൈജു (30) വിനെയാണ് വിഴിഞ്ഞം സിഐ പ്രകാശിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.
ഭാരതീയ ന്യായസംഹിത 105 പ്രകാരം മനഃപൂർവമായ നരഹത്യക്ക് കേസെടുത്ത് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. വ്യാഴാഴ്ചവൈകുന്നേരം നാലരയോടെ വിഴിഞ്ഞം കിടാരക്കുഴി മുള്ളു മുക്കിനു സമീപംനടന്ന അപകടത്തിൽ വിളവൂർക്കൽ പെരുകാവ് ഈഴക്കോട് ശാന്തി ഭവനത്തിൽ സേവ്യറിന്റെ മകൾ ഫ്രാൻസികയുടെ മരണവുമായി ബന്ധപ്പെട്ടാണു ഷൈജുവിന്റെ അറസ്റ്റ്.
വലതുവശത്തുകൂടി നിയമവിരുദ്ധമായി ഷൈജു ഓടിച്ച ഓട്ടോ കുട്ടികൾ സഞ്ചരിച്ച ഓട്ടോയിൽ ഇടിച്ചായിരുന്നു അപകടം. കുട്ടികളുമായി ഓട്ടോറോഡിലേക്കു മറിഞ്ഞതുകണ്ട ഷൈജു അവരെ രക്ഷിക്കേണ്ടതിനു പകരം അപകടം വരുത്തിയ ഓട്ടോയുമായി സ്ഥലം വിടുകയായിരുന്നു.
സംഭവം നടന്നയുടൻ പ്രതിക്കായി പോലീസ് വിവിധ ഗ്രൂപ്പുകളായി തിരിഞ്ഞ് അന്വേഷണം നടത്തി. നാലു മണിക്കൂറിനുള്ളിൽ 60 സിസിടിവി കാമറകൾ കേന്ദ്രീകരിച്ചു നടത്തിയ പരിശോധനയിലാണ് ഓട്ടോയും ഉടമയേയും കണ്ടെത്തിയത്. തുടർന്ന് ഉച്ചക്കടയിൽ ഒരു വീടിനു മുന്നിൽ ഒതുക്കിയിട്ടിരുന്ന ഓട്ടോറിക്ഷ കണ്ടെത്തിയ പോലീസ് കോട്ടപ്പുറത്തെ വീട്ടിൽനിന്ന് ഷൈജുവിനെ പിടികൂടുകയായിരുന്നു.
പിടികൂടുമ്പോൾ മദ്യപിച്ചിരുന്ന ഷൈജുവിന്റെ ഓട്ടോറിക്ഷയ് ക്കു മതിയായ രേഖകൾപോലും ഉണ്ടായിരുന്നില്ലെന്നും പോലീസ് അറിയിച്ചു. വിരലടയാള വിദഗ്ദരും, ഫോറൻസിക് വിഭാഗവും സ്ഥലത്തും അപകടത്തിൽപ്പെട്ട ഇരു ഓട്ടോകളിലും പരിശോധന നടത്തി തെളിവുകൾ ശേഖരിച്ചു. എസ് ഐമാരായ വിനോദ്, ബിനു, സിപിഒമാരായ രാമു, സാബു എന്നിവരും അന്വേഷണത്തിനു നേതൃത്വം നൽകി.