വെള്ളംകുടി മുട്ടിക്കുന്ന അധികൃതർ: സമര പരന്പരയൊരുക്കി വഴുതക്കാട് നിവാസികൾ
1451399
Saturday, September 7, 2024 6:35 AM IST
തിരുവനന്തപുരം: സ്മാർട് സിറ്റി അറ്റകുറ്റപ്പണിയുടെ പേരിൽ വഴുതക്കാട് നിവാസികളുടെ വെള്ളംകുടി മുട്ടിക്കുന്ന വാട്ടർ അഥോറിറ്റിയുടേയും സ്മാർട്ട് സിറ്റി അധികൃതരുടേയും നിലപാടിനെതിരേ പ്രതിഷേധം ശക്തമായി. തുടർച്ചയായി സമരം നടത്തിയിട്ടും കുടിവെള്ളം ലഭ്യമല്ലാത്ത സ്ഥിതിയാണ്. ഇതേ തുടർന്ന ഇന്നലേയും ജനകീയ പ്രക്ഷോഭവുമായി വഴുതക്കാട് നിവാസികൾ വാട്ടർ അഥോറിറ്റി ഓഫീസിനു മുന്നിലെത്തി.
സ്മാർട് സിറ്റി അറ്റകുറ്റപ്പണിമൂലമാണ് പ്രതിസന്ധിയെന്ന പഴയ പല്ലവിതന്നെയാണ് ഇന്നലേയും വാട്ടർ അഥോറി അധികൃതർ പറഞ്ഞത്. ഈ മാസം 12 ഓടെ കുടിവെള്ള വിതരണം സാധാരണ നിലയിലാകുമെന്ന മറുപടിയും ഇവർ നല്കി.ആന്റണി രാജു എംഎൽഎ, വാർഡ് കൗണ്സിലർ അഡ്വ. രാഖി രവികുമാർ ഉൾപ്പെടെയുള്ളവർ വാട്ടർ അഥോറിറ്റി അധികൃതരുമായി ഇന്നലെ നടത്തിയ ചർച്ചയിൽ പങ്കാളികളായി.
വഴുതക്കാട് വാർഡിലെ ശിശുവിഹാർ, ഉദാര ശിരോമണി, ഗാന്ധിനഗർ, തന്പുരാൻ നഗർ, ഫോറസ്റ്റ് ലൈൻ ഉൾപ്പെടെയുള്ള മേഖലകളിലാണ് കുടിവെള്ള ക്ഷാമം അതിരൂക്ഷമായിട്ടുള്ളത്. ഇതിൽ തന്നെ ശിശുവിഹാർ മേഖലയിൽ വീടുകളിലെ ടാങ്കുകളിൽ ജൂലൈ 28നു വെള്ളം എത്തിയ ശേഷം ഏകദേശം ആഴ്ചകൾക്കു ശേഷമാണ് പിന്നീട് കൃത്യമായി വെള്ളമെത്തിയത്. ഇത് ഒന്നോ രണ്ടോ ദിവസം രാത്രി കാലങ്ങളിൽ മാത്രം കിട്ടി.
പിന്നീട് പഴയ സ്ഥിതിയിലേക്കുതന്നെ മാറി. താഴ്ന്ന സ്ഥലങ്ങളിൽ മാത്രം പേരിനു വെള്ളം ലഭിക്കുന്ന സ്ഥിതിയാണ്. ഒന്നാംനിലയിൽ ഉൾപ്പെടെ വാട്ടർ ടാങ്കുകൾവച്ച വീടുകളിൽ പോലും വെള്ളം ലഭിക്കാത്ത അവസ്ഥയാണ്. പൊതുടാപ്പുകളിൽ പേരിനു വെള്ളം ലഭിച്ചാൽ ആയെന്ന സ്ഥിതിയുമായി.
സ്മാർട് സിറ്റി അധികൃതരും വാട്ടർ അഥോറിറ്റി അധികൃതരും പരസ്പരം പഴി ചാരുന്നതല്ലാതെ കുടിവെള്ളവിതരണം എപ്പോൾ കാര്യക്ഷമമാക്കുമെന്ന കാര്യത്തിൽ ഒരു നീക്കുപോക്കുമുണ്ടാകുന്നില്ലെന്നതാണ് വഴുതക്കാട് നിവാസികളുടെ പരാതി.
സ്മാർട്ട് സിറ്റി നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചതു മുതൽ ഈ മേഖലകളിലെ ജനങ്ങളുടെ അവസ്ഥ കുടിവെള്ളത്തിനായുള്ള കാത്തിരിപ്പാണ്.
വഴുതക്കാട് കുടിവെള്ള പ്രശ്നത്തിൽ ഇടപെട്ട് മനുഷ്യാവകാശ കമ്മീഷൻ
തിരുവനന്തപുരം: വഴുതക്കാട് വാർഡിൽ അനുഭവപ്പെടുന്ന രൂക്ഷമായ കുടിവെള്ള ക്ഷാമം പരിഹരിക്കാൻ ജല അഥോറിറ്റി ചീഫ് എൻജി നീയറും ബന്ധപ്പെട്ട എൻജിനീയർമാരും അടങ്ങുന്ന സമിതിക്ക് രൂപംനൽകണമെന്നു മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സണ് ജസ്റ്റീസ് അലക്സാണ്ടർ തോമസ് ജല അഥോറിറ്റി എംഡിക്ക് നിർദേശം നൽകി.
വഴുതക്കാട് വാർഡിലെ കുടിവെള്ള ക്ഷാമത്തെക്കുറിച്ചുള്ള വാർത്തകളുടെ അടിസ്ഥാനത്തിൽ കമ്മീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണു നടപടി. കുടിവെള്ള ക്ഷാമം പരിഹരിക്കാനുള്ള മാർഗങ്ങൾ ജല അഥോറിറ്റി എംഡി ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി കണ്ടെത്തണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു. സമയപരിധി നിശ്ചയിച്ച് യഥാസമയം പരിഹാര നടപടികൾ സ്വീകരിക്കണം. കുടിവെള്ള ക്ഷാമത്തിനുകാരണമായ പ്രവൃത്തി സംബന്ധിച്ച വിവരങ്ങൾ, കാലതാമസത്തിനുള്ള കാരണങ്ങൾ എന്നിവ കണ്ടെത്തി സ്വീകരിച്ച നടപടികൾ എംഡി കമ്മീഷനെ അറിയിക്കണമെന്നും ഉത്തരവിൽ പറഞ്ഞു.
വിഷയത്തിൽ നഗരസഭാ സെക്രട്ടറി പ്രത്യേക റിപ്പോർട്ട് സമർപ്പിക്കണം. ഇതിൽ കുടിവെള്ള ക്ഷാമം പരിഹരിക്കണമെന്ന ആവശ്യം ജലഅഥോറിറ്റിക്കു മുന്നിൽ നഗരസഭ സമർപ്പിച്ചിട്ടുണ്ടെങ്കിൽ അക്കാര്യം വ്യക്തമാക്കണം. കുടിവെള്ള ക്ഷാമത്തിന്റെ യഥാർഥ കാരണങ്ങൾ വിലയിരുത്തി വഴുതക്കാട് വാർഡ് കൗണ്സിലറും റിപ്പോർട്ട് സമർപ്പിക്കണം. ഇതിൽ പരിഹാര മാർഗങ്ങളും നിർദേശിക്കണം.
മൂന്ന് ആഴ്ചയ്ക്കുള്ളിൽ റിപ്പോർട്ടുകൾ സമർപ്പിക്കണം. ജല അഥോറിറ്റി എം.ഡിയും നഗരസഭാ സെക്രട്ടറി നിർദേശിക്കുന്ന രണ്ടു മുതിർന്ന ഉദ്യോഗസ്ഥർ ബന്ധപ്പെട്ട വിശദീകരണങ്ങളുമായി സെപ്റ്റംബർ 30ന് കമ്മീഷൻ ഓഫീസിൽ നടക്കുന്ന സിറ്റിംഗിൽ ഹാജരാകണമെന്നും ജസ്റ്റീസ് അലക്സാണ്ടർ തോമസ് ആവശ്യപ്പെട്ടു.