കെടിഡിസി പാർലറിൽ ബിയർ കടം ചോദിച്ച് ആക്രമണം: ഒരാൾ പിടിയിൽ
1451110
Friday, September 6, 2024 6:42 AM IST
കാട്ടാക്കട : ബിയർ കടം നൽകിയില്ലെന്നാരോപിച്ച് ബിയർ പാർലറിൽ ആക്രമണം നടത്തിയ കേസിലെ പ്രതി പിടിയിൽ. മാറനല്ലൂർ കോട്ടമുകൾ കെടിഡിസി ബിയർപാർലറിലാണ് സംഭവം. വൈകുന്നേരം 6.30 ഓടെയാണ് സംഭവം.
പെരുമ്പഴുതൂർ അരുവിപ്പുറം അയണിത്തല കിഴക്കിൻകര വീട്ടിൽ ശോഭ രാജ് (23)ഇയാൾക്കൊപ്പം വന്ന മറ്റൊരാളുമാണ് ആക്രമണം നടത്തിയതെന്ന് പോലീസ് പറയുന്നു.
പ്രതികൾ കൗണ്ടറിൽ എത്തി കടമായി ബിയർ വേണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ സർക്കാർ സ്ഥാപനമാണെന്നും കടം നൽകാൻ കഴിയില്ലെന്നും ജീവനക്കാരൻ പറഞ്ഞു. അപ്പോഴേക്കും പാർലറിൽ ബിയർ കഴിച്ചു കൊണ്ടിരുന്നവരോട് ശോഭരാജനും കൂട്ടാളിയും ബിയർ വാങ്ങാനായി പണം കടം ചോദിക്കുകയും അവിടെ ഇരുന്നവർ നിരസിക്കുകയും ചെയ്തു.
ഇതോടെ പ്രതികൾ ഇരുവരും പാർലറിൽ ബിയർ കഴിച്ചു കൊണ്ടിരുന്നവരുടെ ബിയർ തട്ടി എടുത്ത് കുടിക്കുകയായിരുന്നു. ഇതോടെ ഇരുവിഭാഗങ്ങളും തമ്മിൽ തർക്കം ആരംഭിച്ചു.
സ്ഥാപനത്തിലെ ഫർണിച്ചർ അടക്കം പ്രതികൾ നശിപ്പിച്ചതായി ജീവനക്കാർ പറഞ്ഞു. പോലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ മൊഴി രേഖപ്പെടുത്തി പ്രതിയായ ശോഭരാജിനെ പിടികൂടുകയായിരുന്നു.