തിരുവനന്തപുരത്ത് ഓണാഘോഷം 13 മുതല്‍
1451100
Friday, September 6, 2024 6:32 AM IST
തിരുവനന്തപുരം: തിരുവനന്തപുരത്ത് ഏഷ്യാനെറ്റ് ന്യൂസും മൈത്രി അഡ്വര്‍ടൈസിംഗ് വര്‍ക്സും ചേര്‍ന്ന് സംഘടിപ്പിക്കുന്ന വിപുലമായ ഓണാഘോഷം ഓണക്കൂട്ടായ്മ 13 മുതല്‍ 22 വരെ നടക്കും. കനകക്കുന്നിലും നിശാഗന്ധിയിലുമായാണ് ഓണാഘോഷ പരിപാടികള്‍ നടക്കുക. ഓണത്തിന്റെ ആവേശം ഉള്‍ക്കൊണ്ടുകൊണ്ടും പൊലിമ നഷ്ടപ്പെടാതെയുമുള്ള ഒട്ടേറെ പരിപാടികളാണ് ഓണാഘോഷത്തോടനുബന്ധിച്ച് തയാറാകുന്നത്.
കനകക്കുന്നും പരിസരവും ആകര്‍ഷകമായ രീതിയില്‍ അണിയിച്ചൊരുക്കുകയും പൂര്‍ണമായും ദീപാലംകൃതമാക്കുകയും ചെയ്യും. എല്ലാ ദിവസവും വൈകുന്നേരം സ്റ്റേജ് ഷോകള്‍ ഉള്‍പ്പെടെയുള്ള കലാപരിപാടികള്‍ നിശാഗന്ധിയില്‍ നടത്തും.
പ്രാദേശിക കലാകാരന്മാര്, റസിഡന്റ്സ് അസോസിയേഷനുകള്‍ തുടങ്ങി സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ളവരുടെ സഹകരണത്തോടെയാണ് ഓണക്കൂട്ടായ്മയ്ക്ക് അരങ്ങൊരുക്കുന്നത്. കനകക്കുന്നു കൊട്ടാരപരിസരത്തെ മിനിസ്റ്റേജിലൊരുക്കുന്ന വിവിധ കലാപരിപാടികളിലൂടെ അഞ്ഞൂറില്പരം പ്രാദേശിക കലാകാരന്മാർക്കാണ് അവസരങ്ങള്‍ ലഭിക്കുക. ഓണാഘോഷത്തിന്റെ പാരമ്പര്യവും സമകാലികമായ ട്രെന്‍ഡുകളും ഉള്‍ക്കൊണ്ട് യുവാക്കള്‍ക്കും കുടുംബങ്ങള്‍ക്കും ഒരുപോലെ ആകര്‍ഷകമായ രീതിയിലാണ് ആഘോഷ അന്തരീക്ഷം ഒരുക്കുക.
അമ്യൂസ്മെന്റ് പാര്‍ക്ക്, വിവിധ സ്ഥാപനങ്ങളുടെ ട്രേഡ് ഫെയര്‍, ഭക്ഷ്യമേള, പെറ്റ്സ് പാര്‍ക്ക് തുടങ്ങിയവയും ഉണ്ടാകും. കനകക്കുന്ന് പരിസരത്തെ മിനി സ്റ്റേജിലും കലാപരിപാടികളുണ്ടാകും. തിരുവാതിര, നാടോടിനൃത്തം, ഓണപ്പാട്ട്, നാടന്‍പാട്ട്, കൊറിയോനൈറ്റ്, ബാറ്റില്‍ ഓഫ് ബാന്‍ഡ്സ്, റീല്‍സ് പ്രൊ ഡക്ഷന്‍ തുടങ്ങിയ ഇനങ്ങളില്‍ മത്സരങ്ങളും നടത്തും.
മത്സരങ്ങളില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന സംഘടനകള്‍, റസിഡന്റ്സ് അസോസിയേഷനുകള്‍, സ്ഥാപനങ്ങള്‍, വ്യക്തികള്‍ തുടങ്ങിയവര്‍ 8593 964330 എന്ന നമ്പറില്‍ ബന്ധപ്പെട്ട് പേര് രജിസ്റ്റര്‍ ചെയ്യണം. ഒപ്പം ഓണക്കൂട്ടായ്മ എന്ന ഇന്‍സ്റ്റാ പേജു വഴിയും പേരുകള്‍ നല്‍കാം. സൂര്യകാന്തിയില്‍ നടത്തുന്ന ഫുഡ്ഫെസ്റ്റിവലില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ള സ്ഥാപനങ്ങളും വ്യക്തികളും കുടുംബശ്രീ യൂണിറ്റുകളും 97428884 38 എന്ന നമ്പറില്‍ ബന്ധപ്പെടണം.
പ്രവേശന ടിക്കറ്റിലൂടെ ലഭിക്കുന്ന പണത്തിന്റെ ഒരു ഭാഗം വയനാട്ടിലെ പ്രകൃതിക്ഷോഭത്തെ തുടര്‍ന്ന് ദുരിതമനുഭവിക്കുന്നവരെ സഹായിക്കുന്നതിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്യുമെന്ന് മൈത്രി അഡ്വര്‍ടൈസിംഗ് വര്‍ക്സ് മാനേജിംഗ് ഡയറക്ടര്‍ രാജു മേനോന്, ഏഷ്യാനെറ്റ് ന്യൂസ് ഡയറക്ടര്‍ ആന്‍ഡ് ബിസിനസ് ഹെഡ് ഫ്രാങ്ക് പി. തോമസ്, സീനിയര്‍ വൈസ് പ്രസിഡന്റ് ബി.കെ. ഉണ്ണിക്കൃഷ്ണന്, എക്സിക്യൂട്ടീവ് എഡിറ്റര്‍ സിന്ധു സൂര്യകുമാര്‍ എന്നിവര്‍ പറഞ്ഞു.