പാപ്പനംകോട് തീപിടിത്തം : ഡിഎൻഎ പരിശോധന: ബിനുവിന്റെ അമ്മയുടെ രക്തസാന്പിൾ ശേഖരിച്ചു
1451097
Friday, September 6, 2024 6:32 AM IST
തിരുവനന്തപുരം: പാപ്പനംകോട് തീപിടുത്തവുമായി ബന്ധപ്പെട്ട് ഡിഎൻഎ പരിശോധനയ്ക്കായി ബിനുവിന്റെ അമ്മ സരോജിനിയുടെ രക്തസാമ്പിളുകൾ ശേഖരിച്ചു. ഫലം ലഭിക്കുവാൻ ദിവസങ്ങൾ വേണ്ടിവരും. നേമം പാപ്പനംകോട് ന്യൂ ഇന്ത്യ അഷ്വറൻസ് കമ്പനിയിൽ കഴിഞ്ഞ ദിവസമുണ്ടായ തീപിടിത്ത സംഭവത്തിൽ ഓഫീസ് ജീവനക്കാരി വൈഷ്ണ (35) യെ തീ കൊളുത്തിയശേഷം രണ്ടാം ഭർത്താവ് ബിനു (46) ജീവനൊടുക്കിയതായാണ് പോലീസ്കണ്ടെത്തൽ.
ബിനു കുമാറിന്റെ ഡിഎൻഎ ഫലം ലഭിക്കുവാൻ ഒന്നോ രണ്ടോ ആഴ്ചകൾ വേണ്ടിവരുമെന്നാണ് പോലീസിന്റെ കണക്കുകൂട്ടൽ. അതുവരെ ബിനുവിന്റെ മൃതദേഹം മെഡിക്കൽ കോളജ് മോർച്ചറിയിൽ സൂക്ഷിക്കും.
വൈഷ്ണയുടെ മൃതദേഹം ഇന്നലെ സംസ്കരിച്ചു.പെയിന്റിംഗ് തൊഴിലാളിയായ ബിനുകുമാർ പെയിന്റ് മിക്സ് ചെയ്യാൻ ഉപയോഗിക്കുന്ന തിന്നർ വൈഷ്ണയുടെ ശരീരത്തിൽ ഒഴിച്ചാണു തീ കൊളുത്തിയതെന്നാണ് പോലീസ് സൂചിപ്പിക്കുന്നത്.
സംഭവത്തിനു കുറച്ചുസമയംമുമ്പ് ബിനു നരുവാമൂട്ടില്നിന്നും ഓട്ടോയില്‍ പഴയകാരയ്ക്കാമണ്ഡപത്ത് ഇറങ്ങി ഏജന്‍സി ഓഫീസ് പ്രവര്‍ത്തിക്കുന്ന പാപ്പനംകോട് ഭാഗത്തേയ്ക്ക് നടന്നു വരുന്നതിന്റെ ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചു.