ബസിന്റെ ചില്ലുപൊട്ടി വിദ്യാർഥി റോഡിലേക്കുവീണ സംഭവം: സമഗ്ര അന്വഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷൻ
1450825
Thursday, September 5, 2024 6:45 AM IST
തിരുവനന്തപുരം: റോഡിലെ കുഴിയിൽ വീണ കെഎസ്ആർടിസി ബസിന്റെ പിൻവശത്തെ ഗ്ലാസ് പൊട്ടി ബസിനുള്ളിൽനിന്നു വിദ്യാർഥി പുറത്തേക്ക് തെറിച്ചുവീണ സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റീസ് അലക്സാണ്ടർ തോമസ് സമഗ്ര അന്വേഷണത്തിന് ഉത്തരവിട്ടു.
നിർമാണം നടക്കുന്ന ദേശീയപാത 66-ൽ പള്ളിപ്പുറം ഡിജിറ്റൽ സർവകലശാലയ്ക്കുമുന്നിൽ കഴിഞ്ഞ ദിവസമുണ്ടായ അപകടത്തിൽ പള്ളിപ്പുറം കേന്ദ്രീയ വിദ്യാലയത്തിലെ പ്ലസ്ടു വിദ്യാർഥി പി. നവനീത് കൃഷ്ണയ്ക്കു പരിക്കേറ്റിരുന്നു. വിദ്യാർഥി തിരുവനന്തപുരത്തെ സ്വകാര്യാശുപത്രിയിൽ ചികിത്സയിലാണ്.
തിരുവനന്തപുരം റൂറൽ ജില്ലാ പോലീസ് മേധാവി നിയോഗിക്കുന്ന ഡിവൈഎസ്പി റാങ്കിൽ കുറയാത്ത പോലീസുദ്യോഗസ്ഥൻ വിശദമായ അന്വേഷണം നടത്തണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു. അപകടം പറ്റിയ കുട്ടിയുടെയും ബസിലുണ്ടായിരുന്ന സഹപാഠികളുടെയും മൊഴികൾ രേഖപെടുത്തണം. ബസിലെ ജീവനക്കാരുടെ മൊഴി, കുട്ടിയെ ചികിത്സിക്കുന്ന ഡോക്ടറുടെ മെഡിക്കൽ സർട്ടിഫിക്കറ്റ്, മൊഴി എന്നിവയും സമർപ്പിക്കണം. അപകടം സംഭവിച്ച ബസിന്റെ പിൻഭാഗത്ത്, സുരക്ഷയ്ക്കായി വയ്ക്കാറുള്ള ഇരുമ്പുകമ്പി ഉണ്ടായിരുന്നില്ലെന്ന പരാതിയും അന്വേഷിക്കണം.
റോഡിലെ അപകട കുഴികൾ നികത്താത്തതും റോഡ് അറ്റകുറ്റപ്പണികൾ യഥാസമയം നടത്താത്തതും സംബന്ധിച്ച് പൊതുമരാമത്ത് ദേശീയപാത വിഭാഗം ചീഫ് എൻജിനീയർ നിയോഗിക്കുന്ന അസിസ്റ്റന്റ് എൻജിനീയർ അന്വേഷണം നടത്തണം. റോഡിന്റെ ശോചനീയാവസ്ഥ എത്രനാളായി തുടരുന്നുവെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കണം.
റോഡിന്റെ ഇപ്പോഴത്തെ സ്ഥിതി, കുഴികളുടെ എണ്ണം, ഇപ്പോഴത്തെ അവസ്ഥ പരിഹരിക്കാൻ എത്ര കാലയളവ് വേണം, റോഡിന്റെ മേൽനോട്ട ചുമതല ആർക്കാണ് തുടങ്ങിയ വിവരങ്ങൾ റിപ്പോർട്ടിലുണ്ടാവണം. റിപ്പോർട്ട് 3 ആഴ്ചക്കുള്ളിൽ സമർപ്പിക്കണം.
ഒക്ടോബർ 11 ന് തിരുവനന്തപുരത്തു നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും. അന്വേഷണ ഉദ്യോഗസ്ഥർ സിറ്റിംഗിൽ നേരിട്ട് ഹാജരാകണം. പത്രവാർത്തയുടെ അടിസ്ഥാനത്തിൽ കമ്മീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് ഉത്തരവ്.