അമ്പലത്തറ കുളം പായലും മദ്യക്കുപ്പികളും നിറഞ്ഞ് നശിക്കുന്നു
1443983
Sunday, August 11, 2024 6:34 AM IST
പേരൂര്‍ക്കട: നവീകരണം നിലച്ചതോടെ കിണവൂര്‍ വാര്‍ഡില്‍ ഉള്‍പ്പെടുന്ന അമ്പലത്തറ കുളം പായലും മദ്യക്കുപ്പികളും നിറഞ്ഞ നിലയില്‍. ചതുരാകൃതിയിലുള്ള കുളത്തിന്റെ നാലുഭാഗത്തും സംരക്ഷണവേലി കെട്ടിയിട്ടുണ്ട്. അടുത്തിടെ കുളം ശുചീകരിച്ചതാണ്.
ശുചീകരണത്തിനുശേഷം കുളത്തിന്റെ വശങ്ങളിലും സംരക്ഷണവേലിയിലും ചെടിച്ചട്ടികള്‍ വയ്ക്കുകയും പുഷ്പകൃഷി നടത്തുകയും ചെയ്തിരുന്നു. എന്നാല്‍ ഇപ്പോള്‍ അതൊന്നും ഇവിടെ കാണാനില്ല. സമീപത്തെ പറമ്പുകളില്‍ നിന്നും കരിഞ്ഞ ഓലകളും മറ്റും വെള്ളത്തിലേക്ക് വീണുകിടക്കുന്നത് അഴുകിയ നിലയിലാണ്. ഇതാണ് ജലം മലിനമാകാനുള്ള പ്രധാന കാരണം. നവീകരണത്തിനുശേഷം അധികൃതര്‍ ഇവിടേക്ക് തിരിഞ്ഞുനോക്കാത്തത് അമ്പലത്തറ കുളത്തിന്റെ നാശത്തിന് മറ്റൊരു കാരണമായി.
എന്നാല്‍ മാസങ്ങള്‍ക്കുള്ളില്‍ പായലുകള്‍ നിറഞ്ഞ് കുളത്തിലെ വെള്ളം മലിനമാകുകയായിരുന്നു. അതിനൊപ്പം സാമൂഹികവിരുദ്ധരുടെ താവളവുമായി മാറി ഇവിടം. കുളത്തിലേക്ക് ഇറങ്ങുന്നതിന് ഒരു ഗേറ്റുണ്ട്. ഇത് കൃത്യമായി പൂട്ടിയിടാത്തതാണ് സാമൂഹികവിരുദ്ധര്‍ക്ക് അനുഗ്രഹമാകുന്നത്.
ചൂഴമ്പാല റോഡില്‍ നിന്ന് അമ്പലത്തറ ഇടറോഡിനു സമീപത്താണ് കുളം. തെരുവുവിളക്കുകള്‍ പ്രകാശിക്കാത്തതും ആളനക്കം കുറഞ്ഞ സ്ഥലമായതുമാണ് സാമൂഹികവിരുദ്ധര്‍ക്ക് അനുഗ്രഹമായിരിക്കുന്നത്. കാമറകള്‍ സ്ഥാപിച്ച് പോലീസിന്റെ രാത്രികാല പട്രോളിംഗ് ശക്തമാക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.