മോദിഭരണകൂടത്തിനും ബംഗ്ലാദേശ് പ്രക്ഷോഭം പാഠം: രമേശ് ചെന്നിത്തല
1443694
Saturday, August 10, 2024 6:34 AM IST
തിരുവനന്തപുരം: ഏകാധിപത്യവും ഫാസിസവും ഒരിക്കലും വിജയിക്കില്ലെന്നും അതിനെതിരായി ഇന്ത്യൻ ജനത പ്രതികരിച്ചതിന് ഉദാഹരണമാണ് പാർലമെന്റ് ഹ്വരഞ്ഞെടുപ്പു ഫലമെന്നും കോണ്ഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല.
പി.ടി. തോമസ് സ്മാരക ഗ്രന്ഥശാല ആൻഡ് ഗവേഷണ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ കെപിസിസി ആസ്ഥാനത്തു നടന്ന ക്വിറ്റ് ഇന്ത്യ അനുസ്മരണം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കോണ്ഗ്രസ് എന്നും ഫാസിസത്തിനും ഏകാധിപത്യത്തിനും എതിരാണ്.
ബംഗ്ലാദേശിൽ നടന്ന ജനകീയ പ്രക്ഷോഭത്തിൽ നിന്ന് ഇന്ത്യയിലെ മോദി ഫാസിസ്റ്റ് ഭരണകൂടം പാഠം ഉൾക്കൊള്ളണം. ബംഗ്ലാദേശ്, ശ്രീലങ്ക, നേപ്പാൾ, പാക്കിസ്ഥാൻ തുടങ്ങിയ അയൽരാജ്യങ്ങളിൽ നടക്കുന്ന പ്രക്ഷോഭ പരന്പരകൾക്ക് പിന്നിലുള്ള വിദേശ ശക്തിയാരാണെന്നും അത് ഇന്ത്യക്ക് അഭികാമ്യമാണോയെന്നും പരിശോധിക്കുന്നതിൽ മോദി ഭരണകൂടം പരാജയപ്പെട്ടു. ക്വിറ്റ് ഇന്ത്യ സമരം ബ്രട്ടീഷ് ഫാസിസത്തിനെതിരായി കോണ്ഗ്രസിന്റെ നേതൃത്വത്തിൽ നടന്ന ഉജ്വല പോരാട്ടമാണ്.
അതിന്റെ സ്മരണ വരും തലമുറയ്ക്കും ആവേശമാണ്. ചരിത്രത്തെ തമസ്കരിക്കുന്ന ഈ കാലഘട്ടത്തിൽ ഇത്തരം സ്മരണകൾ വീണ്ടും ഓർമപ്പെടുത്തേണ്ടതു കാലഘട്ടത്തിന്റെ ആവശ്യമാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
കെപിസിസി സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി ടി.യു. രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. കെപിസിസി ജനറൽ സെക്രട്ടറിയും പ്രിയദർശിനി പബ്ലിക്കേഷൻസ് വൈസ് ചെയർമാനുമായ പഴകുളം മധു സ്വാഗതവും പറഞ്ഞു.
കെപിസിസി ജനറൽ സെക്രട്ടറി ജി.സുബോധൻ, എം. വിൻസന്റ് എംഎൽഎ, ശരത്ചന്ദ്ര പ്രസാദ്, മണക്കാട് സുരേഷ്, കെ. മോഹൻകുമാർ, കുളത്തൂർ ജി. മിത്രൻ, ദളിത് കോണ്ഗ്രസ് സംസ്ഥാന അധ്യക്ഷൻ എ.കെ. ശശി, തുടങ്ങിയവർ പങ്കെടുത്തു. ചരിത്രകാരൻമാരായ പ്രഫ. വി. കാർത്തികേയൻ നായർ, ഡോ. എൻ. ഗോപകുമാർ എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി.