യുവാവിന്റെ മരണത്തിന് കാരണം അമീബിക് മസ്തിഷ്ക ജ്വരം
1442427
Tuesday, August 6, 2024 3:51 AM IST
നെയ്യാറ്റിന്‍കര: യുവാവിന്റെ മരണം അമീബിക് മസ്തിഷ്ക ജ്വരമെന്നു സ്ഥിരീ കരണം. വീടിനു സമീപത്തെ കുളം താത്കാലികമായി അടച്ചു. രോഗലക്ഷണങ്ങള്‍ പ്രകടമായ അഞ്ചുപേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തില്‍.
അതിയന്നൂര്‍ പഞ്ചായത്തിലെ പൂതംകോട് കണ്ണറവിള അനൂപ് ഭവനില്‍ അഖിലാണു കഴിഞ്ഞ ദിവസം മരിച്ചത്. പൂതംകോട് സ്വദേശികളായ നാലുപേരും ഇലവങ്ങം സ്വദേശിയായ ഒരു കുട്ടിയും ഉള്‍പ്പെടെ അഞ്ചുപേര്‍ നിരീക്ഷണത്തില്‍ തുടരുന്നു. പനിയോടെയായിരുന്നു അഖിലിന്റെ രോഗത്തിന്റെ തുടക്കം. തലയ്ക്കും കഴുത്തിനും അസഹനീയമായ വേദനയും ഛര്‍ദ്ദിയും അനുഭവപ്പെട്ടു. പത്തു വര്‍ഷം മുന്പുമരത്തില്നിന്നു വീണു പരിക്കേറ്റപ്പോള്‍ അഖിലിനെ ചികിത്സിച്ചത് കോലഞ്ചേരിയിലെ സ്വകാര്യ മെഡിക്കല്‍ കോളജിലായിരുന്നുവെന്നു ബന്ധുക്കള്‍ പറഞ്ഞു.
അന്നത്തെ സംഭവത്തിന്റെ ബാക്കിയായി ഉടലെടുത്തതാണോ വേദനയെന്നു സ്ഥിരീകരിക്കാനായി കോലഞ്ചേരിയിലെ ആശുപത്രിയിലെത്തിച്ചു. ഈ പരിശോധനയിലാണ് അമീബിക് മസ്തിഷ്ക ജ്വരമെന്ന് അവിടുത്തെ ഡോക്ടര്‍മാര്‍ അറിയിച്ചതെന്ന് ബന്ധുക്കള്‍ വ്യക്തമാക്കി.
തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചപ്പോഴേക്കും അഖില്‍ അബോധാവസ്ഥയിലായിരുന്നു. ഉടൻ ഐസിയുവിലും പിന്നീട് വെന്റിലേറ്ററിലും പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെ അഖില്‍ മരണമടഞ്ഞു. അഖില്‍ മുങ്ങിക്കുളിച്ച കാവിന്‍കുളത്തില്‍ കുളിച്ചവരില്‍ നാലുപേര്‍ക്കുകൂടി രോഗലക്ഷണങ്ങള്‍ പ്രകടമായി. നാലുപേരും ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. അതേസമയം കാവിന്‍കുളത്തിലെ വെള്ളം ഉപയോഗിക്കരുതെന്ന് അതിയന്നൂര്‍ പഞ്ചായത്ത് സെക്രട്ടറിയുടെ അറിയിപ്പ് കുളത്തിനരികില്‍ സ്ഥാപിച്ചിട്ടുണ്ട്. കുളത്തിനു ചുറ്റും വേലിയാല്‍ കെട്ടിഅടയ്ക്കുകയും ചെയ്തു. കുളത്തിലെ ജലത്തിന്റെ സാന്പിള്‍ ആരോഗ്യ വകുപ്പ് അധികൃതർ ശേഖരിച്ചു.