അമ്മത്തൊട്ടിൽ 600-ാമത്തെ കുട്ടി എത്തി; ഋതു എന്നു പേരിട്ടു
1424984
Sunday, May 26, 2024 5:25 AM IST
തിരുവനന്തപുരം: സംസ്ഥാന ശിശുക്ഷേമ സമിതി തിരുവനന്തപുരത്ത് സ്ഥാപിച്ചിട്ടുള്ള അമ്മത്തൊട്ടിലിൽ കഴിഞ്ഞ ദിവസം ലഭിച്ച പെണ്‍കുഞ്ഞിനു ഋതു എന്നു പേരിട്ടു. ശനിയാഴ്ച പകൽ 11.40ന് ആണ് ഏഴു ദിവസം പ്രായവും 3.4 കിലോഗ്രാം ഭാരവുമുള്ള പെണ്‍കുഞ്ഞ് സമിതിയുടെ പരിചരണയ്ക്കായി ലഭിച്ചത്.
തിരുവനന്തപുരം അമ്മത്തൊട്ടിലിൽ ലഭിക്കുന്ന 600-ആമത്തെ കുരുന്നാണ് ഇത്. വെള്ളിയാഴ്ച സമിതി സംഘടിപ്പിച്ചു വരുന്ന കിളിക്കൂട്ടം അവധിക്കാല ക്യാന്പിലെത്തിയ മന്ത്രി വീണാ ജോർജാണ് കുട്ടിക്കു പേരിട്ടത്. സർക്കാരിന്റ സംരക്ഷണയിലേക്ക് കുട്ടി എത്തിയ വിവരം ജനറൽ സെക്രട്ടറി ജി.എൽ. അരുണ്‍ഗോപി മന്ത്രിയെ അറിയിക്കുകയും തുടർന്ന് മന്ത്രി കുട്ടിക്ക് ഋതു എന്ന് പേരിടുകയുമായിരുന്നു.
അതിഥിയുടെ വരവ് അറിയിച്ചുകൊണ്ട് ദത്തെടുക്കൽ കേന്ദ്രത്തിൽ ബീപ് സന്ദേശം എത്തിയ ഉടൻതന്നെ ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്സും ആയമാരും സുരക്ഷാ ജീവനക്കാരും ചേർന്ന് ദത്തെടുക്കൽ കേന്ദ്രത്തിൽ എത്തിച്ച കുഞ്ഞിനെ ആരോഗ്യ പരിശോധനകൾക്കായി തൈക്കാട് കുട്ടികളുടേയും സ്ത്രീകളുടേയും ആശുപത്രിയിൽ എത്തിച്ചു. പൂർണ ആരോഗ്യവതിയായ കുരുന്ന് സമിതിയുടെ തിരുവനന്തപുരം ദത്തെടുക്കൽ കേന്ദ്രത്തിൽ പരിചരണയിലാണ്.
കുഞ്ഞിന്റെ ദത്തെടുക്കൽ നടപടിക്രമങ്ങൾ ആരംഭിക്കേണ്ടതിനാൽ അവകാശികൾ ആരെങ്കിലും ഉണ്ടെങ്കിൽ സമിതി അധികൃതരുമായി അടിയന്തിരമായി ബന്ധപ്പെടണമെന്ന് ജനറൽ സെക്രട്ടറി ജി.എൽ. അരുണ്‍ഗോപി അറിയിച്ചു.