മഴയത്തും ഗതാഗതക്കുരുക്ക് ഒഴിയാതെ ബാലരാമപുരം - നെയ്യാറ്റിന്‍കര പാത
1424853
Saturday, May 25, 2024 7:01 AM IST
നെയ്യാറ്റിന്‍കര : കരമന -കളിയിക്കാവിള പാതയിലെ ബാലരാമപുരം മുതല്‍ നെയ്യാറ്റിന്‍കര വരെയുള്ള ഇടങ്ങളില്‍ പലയിടത്തും മഴയത്തും രാപ്പകല്‍ വ്യത്യാസമില്ലാതെ ഗതാഗതക്കുരുക്ക് തുടരുന്നു.
ശക്തമായ മഴയില്‍ വാഹനങ്ങള്‍ പൊതുവേ വേഗത കുറച്ചാണ് നീങ്ങുന്നത്. എന്നാല്‍ ബാലരാമപുരം ജംഗ്ഷനു ശേഷം നെയ്യാറ്റിന്കരയിലേയ്ക്കുള്ള പാത വികസിക്കാത്തതിനാല്‍ പ്രതികൂല കാലാവസ്ഥയും വാഹനങ്ങളുടെ വേഗതക്കുറവും പാതയോരത്തെ അനധികൃത പാര്‍ക്കിംഗുമൊക്കെ ചേരുന്പോള്‍ ഗതാഗതത്തിന്റെ താളം തെറ്റുന്നു.
മഴ നനഞ്ഞും ഗതാഗതം നിയന്ത്രിക്കാന്‍ ബാലരാമപുരം പോലുള്ള തിരക്കേറിയ ജംഗ്ഷനുകളില്‍ പോലീസിന്റെയും ഹോം ഗാര്‍ഡിന്റെയും സാന്നിധ്യമുണ്ടെങ്കിലും മിക്കവാറും ഗതാഗതക്കുരുക്ക് മണിക്കൂറുകള്‍ നീളുന്നതായി യാത്രക്കാര്‍ ചൂണ്ടിക്കാട്ടി.
കെഎസ്ആര്‍ടിസി, തമിഴ്നാട് ട്രാന്‍സ്പോര്‍ട്ട് സര്‍വീസ് ബസുകളും ചിലപ്പോള്‍ ഗതാഗത തടസം സൃഷ്ടിക്കാറുണ്ട്. പാതയുടെ മധ്യത്തില്‍ വാഹനം നിര്‍ത്തി യാത്രക്കാര്‍ ഇറങ്ങാനും കയറാനും അവസരമുണ്ടാക്കുന്നത് ഇരുവശത്തും കൂടിയുള്ള ഗതാഗതത്തെ സാരമായി ബാധിക്കുന്നുണ്ട്.