കോവളം മുട്ടയ്ക്കാട് ജംഗ്ഷനിൽ വെള്ളക്കെട്ട്
1424852
Saturday, May 25, 2024 7:01 AM IST
വിഴിഞ്ഞം : കോവളം മുട്ടയ്ക്കാട് ജംഗ്ഷനിലെ വെള്ളക്കെട്ട് പ്രദേശവാസികളെയും വാഹനയാത്രികരെയും ദുരിതത്തിലാക്കി. വെങ്ങാനൂർ പഞ്ചായത്ത് മേഖലയിലെ പ്രധാന ജംഗ്ഷനുകളിൽ ഒന്നിനാണ് ഈ ഗതികേട്. ആഴാകുളം - മുട്ടയ്ക്കാട് , വെങ്ങാനൂർ - മുട്ടയ്ക്കാട് , തിരുവല്ലം- മുട്ടയ്ക്കാട് എന്നിങ്ങനെ മൂന്ന് പ്രധാന റോഡുകൾ സന്ധിക്കുന്ന സ്ഥലമാണ് മുട്ടയ്ക്കാട് ജംഗ്ഷൻ. ഒരു റോഡിന്റെ വശത്ത് ഓട ഉണ്ടായിരുന്നത് മണ്ണടിഞ്ഞ് അടഞ്ഞു.
മറ്റ് രണ്ട് റോഡുകളിൽ ഓട നിർമിച്ചിട്ടുമില്ല. ഇത് കാരണം മൂന്ന് റോഡുകളിൽ നിന്നും മഴക്കാലത്ത് കുത്തിയൊലിച്ചെത്തുന്ന വെള്ളമാണ് താഴ്ന്ന ഭാഗമായ ഇവിടെ വെള്ളക്കെട്ട് സൃഷ്ടിക്കുന്നത്. കോവളം, തിരുവനന്തപുരം ഉൾപ്പെടെ വിവിധ പ്രദേശങ്ങളിലേക്കുള്ള വാഹനങ്ങൾ മുട്ടയ്ക്കാട് ജംഗ്ഷൻ വഴിയാണ് കടന്നു പോകുന്നത്. പഞ്ചായത്തിലെ ഏക ആയുർവേദ ആശുപത്രിയിലേക്കുള്ള പ്രധാന വഴിയുമാണ്. വെള്ളക്കെട്ട് കാരണം റോഡ് തകർന്ന് ഗതാഗതവും ദുഷ്കരമായിരിക്കുകയാണ്.
ഇരുവശത്തും കാർഷിക ഏലയുള്ള മുട്ടയ്ക്കാട് ജംഗ്ഷന്റെ വശങ്ങളിൽ കൈവരികളുമില്ല. വെള്ളക്കെട്ടുള്ള ഇവിടെ വാഹനങ്ങളും കാൽനട യാത്രക്കാരും അപകടത്തിൽ പെടാനുള്ള സാധ്യതയുമുണ്ട്. പിഡബ്ള്യുഡിയുടെ അധീനതയിലുണ്ടായിരുന്ന റോഡ് ഈയടുത്ത് റോഡ് ഫണ്ട് ബോർഡിന് കൈമാറിയെങ്കിലും റോഡിന്റെ ദുരവസ്ഥക്ക് പരിഹാരം കാണാൻ അവരും തയാറായിട്ടില്ല എന്ന് നാട്ടുകാർ ആരോപിക്കുന്നു. പഞ്ചായത്ത് ഭരണസമിതിയും ആവശ്യമായ നടപടി സ്വീകരിക്കുന്നില്ലെന്ന ആക്ഷേപവും ശക്തമാണ്.
മുട്ടയ്ക്കാട് ജംഗ്ഷനിലെ റോഡ് ഉയർത്തി പുനർനിർമിക്കണമെന്ന് പഞ്ചായത്ത് കമ്മിറ്റി ഒരു റസലൂഷൻ പാസാക്കി ബന്ധപ്പെട്ട അധികൃതർക്ക് നൽകിയിരുന്നെങ്കിൽ ഇന്നീ ഗതികേട് വരുമായിരുന്നില്ലെന്നാണ് പ്രദേശവാസികളും വാഹന യാത്രികരും പറയുന്നത്. റോഡിലെ വെള്ളക്കെട്ടിനും ദുരവസ്ഥയ്ക്കും അടിയന്തിര പരിഹാരം കാണാണമെന്ന ആവശ്യമാണ് ഉയരുന്നത്.