പുറമ്പോക്ക് ഭൂമിയിലെ അനധികൃത കൈയ്യേറ്റം: സംയുക്ത പരിശോധനയ്ക്ക് തീരുമാനം
1424845
Saturday, May 25, 2024 6:55 AM IST
കിളിമാനൂർ: പഴയകുന്നുമ്മേൽ പഞ്ചായത്തിലെ വാഴോട് മുതൽ ഇരട്ടച്ചിറ, കിളിമാനൂർ, പുതിയ കാവ് വരെയുള്ള കെഎസ്ടിപി, പിഡബ്ല്യൂഡി, പഞ്ചായത്ത് വകഭൂമിയിലെ കൈയ്യേറ്റം കണ്ടെത്തുന്നതിന് റവന്യൂ, കെഎസ്ടിപി, പിഡബ്ല്യുഡി, എൽഎസ്ജിഡി, പോലീസ് വകുപ്പുകളുടെ സംയുക്ത പരിശോധനയിലൂടെ അതിർത്തി നിർണയം നടത്തി പ്രദേശങ്ങളിലെ കൈയ്യേറ്റം ഒഴിപ്പിക്കുവാൻ തീരുമാനമായി.
കെഎസ്ആർടിസി ബസ് സ്റ്റാന്റ്, പഞ്ചായത്ത് ബസ് സ്റ്റാന്റ് , വാഴോട്, മണലേത്തുപച്ച ബൈപാസ് റോഡ് എന്നിവിടങ്ങളിലെ വെള്ളക്കെട്ട് ഒഴിവാക്കാനും പ്രദേശങ്ങളിലെ സ്ലാബുകൾ ഇളക്കി വൃത്തിയാക്കുവാനും, തോടുകൾ ജലാശയങ്ങൾ എന്നിവ ശുചീകരിക്കുവാനും ഒ.എസ്.അംബിക എംഎൽഎയുടെ അധ്യക്ഷതയിൽ പഴയകുന്നുമ്മേൽ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗം തീരുമാനിച്ചു.
മഴക്കാലപൂർവ ശുചീകരണപ്രവർത്തനങ്ങൾ, ദുരന്ത നിവാരണ പ്രവർത്തനങ്ങളിൽ വിവിധ വകുപ്പുകളുടെ ഏകോപനം , സ്കൂൾ പ്രവേശന മുന്നൊരുക്കങ്ങളും തുടർപ്രവർത്തനങ്ങളും സ്വീകരിക്കുവാൻ ഉദ്യോഗസ്ഥൻമാർക്ക് യോഗം നിർദേശം നൽകി.
കിളിമാനൂർ പ്രദേശത്തെ സ്കൂളുകൾ കേന്ദ്രീകരിച്ച് മയക്കുമരുന്ന് പുകയില ഉത്പന്നങ്ങളുടെ ഉപഭോഗവും വിൽപനയും വ്യാപകമാണെന്നുള്ള പരാതിയിന്മേൽ അത്തരം ഉത്പന്നങ്ങൾ വിൽക്കുന്ന സ്ഥാപനങ്ങളേയും വ്യക്തികളേയും കണ്ടെത്തുന്നതിന് ആരോഗ്യവകുപ്പിന്റെയും എക്സൈസിന്റെയും കർശന പരിശോധനക്കും യോഗം നിർദേശം നൽകുകയും ചെയ്തു. അത്തരത്തിൽ കച്ചവടം ശ്രദ്ധയിൽപ്പെട്ടാൽ സ്ഥാപനങ്ങളുടെ ലൈസന്സ് റദ്ദു ചെയ്ത് കടകൾ പൂട്ടി സീൽ ചെയ്യുന്നതിനും തീരുമാനിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് എൻ. സലിൽ, വൈസ് പ്രസിഡന്റ് എസ്.വി.ഷീബ, പഞ്ചായത്ത് സ്ഥിരംസമിതി അംഗങ്ങളായ എസ്. സിബി, എസ്.ദീപ ,പഞ്ചായത്ത് അംഗങ്ങളായ ഗിരിജകുമാരി , ഷീജ സുബൈർ, രതി പ്രസാദ്, എസ്.അനിൽകുമാർ, സുമ, ഡെപ്യൂട്ടി തഹസിൽദാർ ബിന്ദു മറ്റ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.