ഈശ്വർ എം. വിനയന് അന്താരാഷ്ട്ര തലത്തിൽ മിന്നും വിജയം
1423909
Tuesday, May 21, 2024 1:50 AM IST
തിരുവനന്തപുരം: അന്താരാഷ്ട്രതല ലിറ്റിൽ സ്കോളർ ടാലന്റ് ഫെസ്റ്റിൽ കേരളത്തെ പ്രതിനിധീകരിച്ച തിരുവനന്തപുരം പച്ച പാലോട് സ്വദേശി ഈശ്വർ എം. വിനയന് രണ്ടാം സ്ഥാനം.
അവസാന നിമിഷം വരെയും ഒന്നാം സ്ഥാനം നിലനിർത്തിയ ഈശ്വർ സെക്കൻഡ് വ്യത്യാസത്തിലാണ് ആൻഡമാൻ നിക്കോബാറിനോടു പോരാടി രണ്ടാമത് എത്തിയത്. പ്ലാറ്റിനം ജൂബിലി ആഘോഷിക്കുന്ന ചുള്ളിമാനൂർ എസ്എച്ച്യുപി സ്കൂളിന് ഒരു സുവർണ തിളക്കമാണ് അഞ്ചാം ക്ലാസ് വിദ്യാർഥിയായ ഈശ്വറിലൂടെ ലഭിച്ചതെന്ന് ഹെഡ്മാസ്റ്റർ എൽ. ലോറൻസ് അഭിപ്രായപ്പെട്ടു.
കഴിഞ്ഞ തവണ അക്ഷരമുറ്റം ക്വിസ്റ്റിൽ എൽപി വിഭാഗം സംസ്ഥാനതലത്തിൽ ഒന്നാം സ്ഥാനം നേടിയ ഈശ്വർ എൽഎസ്എസിലും ടോപ്സ്കോറർ ആയിരുന്നു. കേരള ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ തളിർ സ്കോളർഷിപ്പിൽ എ പ്ലസ് നേടി.
സംസ്ഥാന ഗാന്ധി പ്രശ്നോത്തരിയിൽ വിജയിയായ ഈശ്വർ കേരള സ്റ്റേറ്റ് ലൈബ്രറി കൗണ്‍സിൽ ക്വിസ് മത്സരത്തിൽ ജില്ലയിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കി.
ജില്ലാതല എഎസ്ക്യു സി മെഗാ ക്വിസിലും കാഷ് പ്രൈസ് നേടി. സബ് ജില്ലാ സാമൂഹ്യശാസ്ത്ര ക്വിസ്റ്റിൽ ഒന്നാം സ്ഥാനം നേടിയ ഈശ്വർ പഞ്ചായത്ത് തല ചെപ്പ് പരിപാടിയിൽ കേരളപ്പിറവി, മാതൃഭാഷ, കലോത്സവം തുടങ്ങിയ ക്വിസുകളിലും ഒന്നാം സ്ഥാനത്തായിരുന്നു.
മാധ്യമ പ്രവർത്തകനും രാഷ്ട്രീയ നിരീക്ഷകനുമായ എൽ.ആർ. വിനയചന്ദ്രന്േറയും ആർ.ജി. മഞ്ജുവിന്േറയും മകനാണ്.