പാചകവാതകവുമായി എത്തിയ ടാങ്കർ ലോറി മറിഞ്ഞു
1423791
Monday, May 20, 2024 6:31 AM IST
മംഗലപുരം : എൽപിജി പാചക വാതകവുമായി പോകുകയായിരുന്ന ടാങ്കർ മറിഞ്ഞു. ഞായറാഴ്ച വെളുപ്പിന് നാലിന് മംഗലപുരത്ത് കുറയ്ക്കോട് പമ്പിന് സമീപത്തായിരുന്നു അപകടം നടന്നത്. കൊച്ചിയിൽ നിന്നും തിരുനെൽവേലിയിലേക്ക് പാചകവാതകവുമായി പോകുകയായിരുന്ന ടാങ്കർ ലോറിയാണ് മറിഞ്ഞത്. ഡ്രൈവർ നാമക്കൽ സ്വദേശി എറ്റിക്കൺ (65)പരിക്കില്ലാതെ രക്ഷപെട്ടു.
ദേശീയ പാതയുടെ നിർമാണം നടക്കുന്നതിനാൽ വഴി തെറ്റി സർവീസ് റോഡിലേക്ക് വന്ന ടാങ്കർ ലോറി മഴയെ തുടർന്നു മണ്ണിൽ താഴ്ന്ന് മറിയുകയായിരുന്നു. തുടർന്ന് ഡ്രൈവർ എറ്റിക്കൺ വാതകചോർച്ചയില്ലാത്തതിനാൽ പോലീസിൽ വിവരമറിയിചിരുന്നില്ല.
ലോറി ഉയർത്തുന്നതിനായി ക്രയിനിനുവേണ്ടി ബന്ധപ്പെട്ടെങ്കിലും കിട്ടിയില്ല. രാവിലെ ഏഴരയോടെ വഴിയാത്രക്കാർ വിവരമറിയിച്ചതിനെ തുടർന്നാണ് മംഗലപുരം പോലീസ് വിവരം അറിയുന്നത്.
പോലീസ് കഴക്കൂട്ടം ഫയർ ഫോഴ്സിനെ അറിയിക്കുകയായിരുന്നു.തുടർന്ന് സമീപ പ്രദേശത്തെ വൈദ്യുതി വിച്ഛേദിക്കുകയും ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുകയും ചെയ്തു. ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ പാരിപ്പള്ളി പ്ലാന്റിൽ നിന്നും എത്തിയ സംഘം രാത്രി 10 മണിയോടെ എൽപിജി മറ്റു വണ്ടികളിലേയ്ക്ക് മാറ്റുകയും ചെയ്തു.