വനിതാ കാന്റീനിനായി നിർമിക്കുന്ന കെട്ടിടത്തിന്റെ തറയിൽ വിള്ളൽ
1423790
Monday, May 20, 2024 6:31 AM IST
നെടുമങ്ങാട് : വെള്ളനാട് ബ്ലോക്ക് പഞ്ചായത്തിന്റെ ഫണ്ട് ഉപയോഗിച്ച് നിർമിക്കുന്ന വനിതാ കാന്റീൻ കെട്ടിടത്തിന്റെ തറയിൽ വിള്ളൽ കണ്ടെത്തി. ബ്ലോക്ക് പഞ്ചായത്ത് 10 ലക്ഷം രൂപാ ചെലവിൽ വെള്ളനാട് പഞ്ചായത്ത് കാര്യാലയത്തിന്റെയും ശിശുവികസന ഓഫീസിന്റെയും സമീപത്തായി നിർമിക്കുന്ന കെട്ടിടത്തിന്റെ തറയിലാണ് അപകടകരമായ അവസ്ഥയിൽ വിള്ളൽ വീണിരിക്കുന്നത്.
ഏതാനും മാസങ്ങൾക്ക് മുൻപാണ് കെട്ടിടത്തിന്റെ പണി ആരംഭിച്ചത്. നിലവിൽ കെട്ടിടത്തിന്റെ അടിസ്ഥാനം നിർമിച്ച ശേഷം ബെൽറ്റടിച്ച് പില്ലറുകൾ കെട്ടാനുള്ള കമ്പി സ്ഥാപിച്ചിരിക്കുകയാണ്.
ഇതിനിടെയാണ് കരിങ്കൽ കൊണ്ട് നിർമിച്ച തറയിലാണ് വിള്ളലുകൾ വീണത്. അടിസ്ഥാനത്തിന്റെ മൂന്ന് വശങ്ങളിലും പലയിടങ്ങളിലായി വിള്ളൽ വീണിരിക്കുകയാണ്.
ഇതിനു മുകളിൽ കെട്ടിടം പണിയുകയാണെങ്കിൽ അപകടം ഉണ്ടാകാൻ സാധ്യത ഉള്ളതായ നാട്ടുകാർ പറയുന്നു. നിർമാണത്തിലെ അപാകതയാണ് വിള്ളലിന് കാരണമെന്നും ഇതിനെ കുറിച്ച് അന്വേഷണം വേണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.