ജൽജീവൻ പദ്ധതിക്കെടുത്ത കുഴികൾ മൂടിയില്ലെന്ന് ആക്ഷേപം
1417175
Thursday, April 18, 2024 6:31 AM IST
നിലമാമൂട്: കുന്നത്തുകാൽ പഞ്ചായത്തിൽ കേന്ദ്ര സർക്കാരിന്റെ കീഴിലുള്ള ജലജീവൻ പദ്ധതിയ്ക്കായി പൈപ്പുകൾ സ്ഥാപിക്കാൻ റോഡുവക്കിലും റോഡു മുറിച്ചും എടുത്ത കുഴികൾ ഒരുവർഷം കഴിഞ്ഞിട്ടും മൂടിയിട്ടില്ലെന്ന് ആക്ഷേപം.
എള്ളുവിള - ചെറിയകൊല്ല വാർഡുകളിൽ പൈപ്പുലൈനിനായി എടുത്ത ചാലുകൾ നികത്താത്തതിനാൽ കൊല്ല വാർഡിലെ ഉണ്ടൻകോട്-കൊല്ലോട്ടുകുഴി ബണ്ടു റോഡുവക്കിലുള്ള തെങ്ങു മറിഞ്ഞിരുന്നു. ഇതുമൂലം ഉണ്ടൻകോട് സെന്റ് ജോണ്‍സ് ഹയർ സെക്കൻഡറി സ്കൂളിലേക്ക് വരുന്ന വിദ്യാർഥികൾ ഏറെ ബുദ്ധിമുട്ടുകയാണ്.
കുന്നത്തുകാൽ പഞ്ചായത്ത് വിവിധ പദ്ധതികളിൽ ഉൾപ്പെടുത്തി ഗ്രാമീണ റോഡുകളും ഇടവഴികളും ടാർ ചെയ്യുകയും കോണ്‍ക്രീറ്റ് ചെയ്യുകയും ഇന്റർലോക്ക് ചെയ്യുകയും ചെയ്ത് സഞ്ചാര യോഗ്യമാക്കിയിരുന്നു. ഈ റോഡുകളാണ് വീണ്ടും കുത്തിപ്പൊളിച്ച് ഇപ്പോൾ സഞ്ചാരയോഗ്യമല്ലാതായത്.
ഉണ്ടൻകോട്-കൊല്ലോട്ടുകുഴി, വ്ളാങ്കുളം- കൊല്ലോട്ടുകുഴി എന്നീ റോഡുകൾ വെട്ടിപ്പൊളിച്ചത് ഇതുവരെ മൂടിയിട്ടില്ല. കടുത്ത മഴയുണ്ടാകുന്പോൾ ഇതുവഴി നടക്കാൻ പോലും സാധിക്കാത്ത നിലയാണ്. അടിയന്തിരമായി ഓടകളുടെ പണി പൂർത്തിയാക്കണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നുണ്ട്.