50 ലക്ഷം കോടിയുടെ കേന്ദ്ര ബജറ്റിൽനിന്ന് കേരളത്തിന് 5,000 കോടി കൊടുക്കാൻ ഒരു പാടുമില്ല: കണ്ണന്താനം
1416951
Wednesday, April 17, 2024 6:16 AM IST
തിരുവനന്തപുരം: കേന്ദ്ര സർക്കാർ അവതരിപ്പിക്കുന്ന 50 ലക്ഷം കോടിയുടെ ബജറ്റിൽ കേരളത്തിന്റെ തീരമേഖലയ്ക്കുള്ള സമഗ്ര പുരോഗതിയ്ക്ക് 5,000- 10,000 കോടി രൂപ കൊടുക്കാൻ ഒരു പാടുമില്ലെന്നു മുൻ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ അൽഫോണ്‍സ് കണ്ണന്താനം. തിരുവനന്തപുരത്തു മത്സരിക്കുന്ന എൻഡിഎ സ്ഥാനാർഥി രാജീവ് ചന്ദ്രശേഖർ ജയിച്ചാൽ പ്രധാനമന്ത്രിയുമായി ചർച്ച നടത്തിയും വിവിധ മന്ത്രാലയങ്ങളുടെ പിറകേ നടന്നും ഇതൊക്കെ നേടിയെടുക്കാനാകും.
എന്നാൽ, ഇപ്പോഴത്തെ എംപിയും സംസ്ഥാന സർക്കാരും ഇതൊന്നും ചെയ്യുന്നില്ല. ഓരോ പദ്ധതിയുടെയും പിറകേ നടന്നാൽ മാത്രമേ കൊണ്ടുവന്നു നടപ്പാക്കി പൂർത്തീകരിക്കാനാകൂ. തീരദേശ മേഖലയുടെ സമഗ്ര വികസനത്തിനുള്ള ബ്ലുപ്രിന്റ് രാജീവ് ചന്ദ്രശേഖർ തയാറാക്കി.
കടലാക്രമണം തടയുന്നതിനുള്ള കടൽ ഭിത്തികൾ, വീടുകൾ മാറ്റി സ്ഥാപിക്കുന്നതിനുള്ള നടപടികൾ, ഫിഷിംഗ് ഹാർബറുകൾ, വലകൾ, ബോട്ടുകൾ തുടങ്ങിയവ ഉൾപ്പെടുന്ന ബ്ലൂപ്രിന്റാണ് തയാറാക്കിയിട്ടുള്ളത്. കേന്ദ്ര സർക്കാരിന്റെ ബ്ലൂ ഇക്കോണിയുടെ അടിസ്ഥാനത്തിലും തീരദേശത്തിനു ഫണ്ട് ലഭിക്കും.
ആഭ്യന്തര വിമാനത്താവളത്തിലേക്കുള്ള 200 മീറ്റർ റോഡ് കടൽ കവർന്നിട്ട് കേന്ദ്രത്തിൽനിന്നു ഫണ്ട് സമയബന്ധിതമായി വാങ്ങിയെടുക്കാൻ നിലവിലെ എംപിക്കു കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം ആരോപിച്ചു.
തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ഒരു സ്ഥാനാർഥിയും തെരഞ്ഞെടുപ്പു സത്യവാങ്മൂലത്തിൽ ആസ്തി സംബന്ധിച്ചു തെറ്റായ വിവരം സമർപ്പിക്കാറില്ലെന്നു രാജീവ് ചന്ദ്രശേഖർ തെറ്റായ ആസ്തി സമർപ്പിച്ചു എന്നതു സംബന്ധിച്ച ചോദ്യങ്ങൾക്കു മറുപടിയായി അൽഫോണ്‍സ് കണ്ണന്താനം പറഞ്ഞു.
തെരഞ്ഞെടുപ്പു കമ്മീഷൻ ഇക്കാര്യം പരിശോധിക്കും. കോടതിയിൽ ചോദ്യം ചെയ്യപ്പെടും. എംപിയായാൽ സ്ഥാനത്തിനു പോലും ഭീഷണിയാണിത്. ഇതിനാൽ തെറ്റായ സത്യവാങ്്മൂലം സമർപ്പിക്കാൻ സാധ്യതയില്ലെന്നും അദ്ദേഹം പറഞ്ഞു.