ആവേശക്കടലായി ശശി തരൂരിന്റെ റോഡ്ഷോ
1416949
Wednesday, April 17, 2024 6:14 AM IST
തിതിരുവനന്തപുരം പാർലമെന്റ് മണ്ഡലം യുഡിഎഫ് സ്ഥാനാർഥി ഡോ. ശശി തരൂരിന് വോട്ടഭ്യർഥിച്ച് കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറും മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളും തലസ്ഥാന നഗരിയിൽ. തരൂരിന്റെ റോഡ് ഷോയിൽ പങ്കെടുക്കാനായാണ് ഇരുവരുമെത്തിയത്.
ഇന്നലെ രാവിലെ 11.30 ഓടെ കരമന കിള്ളിപ്പാലത്തു നിന്നും പാളയത്തേയ്ക്ക് ആരംഭിച്ച ശശി തരൂരിന്റെ റോഡ് ഷോ ഡി.കെ ശിവകുമാർ ഉദ്ഘാടനം ചെയ്തു. താൻ ശശി തരൂരിന്റെ ആരാധകനാണെന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. കേന്ദ്രമന്ത്രി എന്ന നിലയിൽ എൻഡിഎ സ്ഥാനാർഥി രാജീവ് ചന്ദ്രശേഖർ കേരളത്തിന് വേണ്ടി ഒന്നും ചെയ്തിട്ടില്ലെന്നും തരൂരിനെ തോൽപ്പിക്കാൻ രാജീവിന് കഴിയില്ലെന്നും ശിവകുമാർ പറഞ്ഞു.
രാജ്യത്ത് നടക്കാനിരിക്കുന്നത് ജനാധിപത്യത്തെ സംരക്ഷിക്കാനുള്ള അവസാന യുദ്ധമാണെന്ന് മുസ്ലീം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. രാജ്യം ഏറെ അഭിമാനത്തോടെയും ആദരവോടെയും കാണുന്ന വ്യക്തിയാണ് ശശി തരൂർ. അദ്ദേഹത്തിന്റെ സേവനം രാജ്യത്തിനും ഈ നാടിനും ഇനിയും ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എം വിൻസന്റ് എംഎൽഎ, ഡിസിസി പ്രസിഡന്റ് പാലോട് രവി, മുൻ മന്ത്രി വി.എസ്. ശിവകുമാർ, നേതാക്കളായ എൻ. ശക്തൻ, ആർ. വത്സലൻ, ജി.എസ്. ബാബു, ടി. ശരത്ചന്ദ്രപ്രസാദ്, ജി. സുബോധൻ, ബീമാപ്പള്ളി റഷീദ് തുടങ്ങിയവർ സമ്മേളനത്തിൽ പങ്കെടുത്തു.
ഉദ്ഘാടന സമ്മേളനത്തിനു ശേഷം കിള്ളിപ്പാലത്തുനിന്ന് ആരംഭിച്ച് റോഡ് ഷോ ഉച്ചയ്ക്ക് ഒന്നോടെ പാളയം രക്തസാക്ഷി മണ്ഡപത്തിൽ സമാപിച്ചു. റോഡ് ഷോയിൽ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ പങ്കെടുത്തു. നൂറുകണക്കിന് കെഎസ്യു, യൂത്ത് കോണ്ഗ്രസ് പ്രവർത്തകരുടെ ബൈക്ക് റാലിയുമുണ്ടായിരുന്നു.