വാങ്ങിയ ചിക്കനിൽ കറി കുറവെന്ന് ആരോപണം: രണ്ടംഗ സംഘം കട തല്ലിതകർത്തു
1416944
Wednesday, April 17, 2024 6:14 AM IST
കാട്ടാക്കട : ചിക്കൻകറിക്ക് കറി കൂടുതൽ കൊടുത്തില്ലെന്നാരോപിച്ച്. നാലംഗ സംഘം കട ആക്രമിച്ചു. കടഉടമ അടക്കം രണ്ടു പേർക്ക് ആക്രമണത്തിൽ പരിക്കേറ്റു. കാട്ടാക്കട പൂവച്ചൽ റോഡിൽ നക്രാംചിറയ്ക്ക് സമീപം പ്രവർത്തിക്കുന്ന മയൂര ഹോട്ടൽ ആൻഡ് കാറ്ററിംഗ് സെന്ററിന് നേരെയാണ് ആക്രമണം.
തിങ്കളാഴ്ച ഉച്ചക്ക് ഒന്നിനാണ് സംഭവം. കടഉടമ പൂവച്ചൽ സ്വദേശി പ്രവീൺ, ബന്ധുകൂടിയായ കടയുടെ പങ്കാളി പൂവച്ചൽ നാവെട്ടിക്കോണത്ത് താമസിക്കുന്ന കായംകുളം സ്വദേശി ഉദയദാസ് എന്നിവർക്കാണ് പരിക്കേറ്റത്. ഉദയദാസിന് തലയ്ക്ക് കുത്തേറ്റു. പ്രവീണിന്റെ മുഖത്താണ് പരിക്കേറ്റത്. ഇന്നലെ ഉച്ചയ്ക്കാണ് സംഭവം.
രണ്ടുപേരടങ്ങുന്ന സംഘം ഹോട്ടലിൽ എത്തി ചിക്കൻ കഴിക്കുകയും പാർസൽ വാങ്ങുകയും ചെയ്തു. ഇതിനിടെ ചിക്കനിൽ കറികുറവാണെന്ന് പറഞ്ഞ് ഉദയദാസുമായി തർക്കമായി. വാക്കേറ്റത്തിൽ കലാശിച്ചു. തുടർന്ന് ഇവർ ഫോണിൽ ചിലരെ ബന്ധപ്പെടുകയും വീണ്ടും ബൈക്കിൽ രണ്ടു പേർ ഹോട്ടലിൽ വരികയുമായിരുന്നു.
ബൈക്കിലെത്തിയവർ കടയിൽ ആക്രമണം നടത്തുകയും കടഉടമയേയും സുഹൃത്തിനേയും കത്തി ഉപയോഗിച്ച് ആക്രമിക്കുകയും ചെയ്തു. ശേഷം സംഘം കടയിലെ ആഹാര സാധനങ്ങൾ നശിപ്പിക്കുകയും കടയിലെ ഫർണിച്ചറുകൾ അടക്കം കേടുവരുത്തുകയും ചെയ്തു. ഈസമയം കടയിൽ ആഹാരം കഴിച്ചുകൊണ്ടിരുന്നവർക്കും പരിക്ക് പറ്റി. മദ്യപിച്ചാണ് സംഘം എത്തിയതെന്ന് ഉടമ പറഞ്ഞു. കാട്ടാക്കട ചന്തയ്ക്ക് സമീപം താമസിക്കുന്ന ചിലരാണ് ഇവരെന്ന് ഉടമ പറഞ്ഞു.
ആക്രമത്തിൽ പരിക്കേറ്റ ഇരുവരേയും കാട്ടാക്കട ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ കാട്ടാക്കട പോലീസ് കേസെടുത്തു. ഈ ഭാഗത്ത് സ്ഥിരമായി കടകളിൽ ആക്രമണം നടത്തുന്ന സംഘങ്ങൾ ഉണ്ടെന്ന് നാട്ടുകാർ പറയുന്നു.