വഞ്ചിയൂരിൽ റോഡുപണിക്കിടെ തൊഴിലാളി മണ്ണിനടിയില്‍പ്പെട്ടു: അഗ്നിരക്ഷാസേന എത്തി രക്ഷപ്പെടുത്തി
1416941
Wednesday, April 17, 2024 6:14 AM IST
പേരൂര്‍ക്കട: പണിക്കിടെ മണ്ണിനടിയില്‍പ്പെട്ട തൊഴിലാളിയെ ഫയര്‍ഫോഴ്സ് എത്തി രക്ഷപ്പെടുത്തി. കാട്ടാക്കട സ്വദേശി വിഷ്ണു (38) ആണ് മണ്ണിനടിയില്‍പ്പെട്ടത്. ഇന്നലെ രാവിലെയായിരുന്നു സംഭവം. സ്മാര്‍ട്ട് സിറ്റി പദ്ധതിക്കുവേണ്ടി വഞ്ചിയൂര്‍ റോഡില്‍ പൈപ്പ് ലൈന്‍ ഇടുന്ന പണി നടന്നുവരികയായിരുന്നു.
അഞ്ചടി താഴ്ചയില്‍ കുഴിയെടുത്തശേഷമാണ് പൈപ്പ് ലൈന്‍ സ്ഥാപിക്കേണ്ടിയിരുന്നത്. കുഴിയെടുത്തശേഷം കേബിള്‍ വലിക്കുന്ന പണി നടക്കുന്നതിനിടെ വശങ്ങളില് നിന്നു മണ്ണിടിഞ്ഞു വീഴുകയായിരുന്നു.
മണ്ണിടിഞ്ഞ് വിഷ്ണുവിന്റെ നെഞ്ചോളം പൊക്കത്തിലെത്തുകയായിരുന്നു. വിവരമറിഞ്ഞ് തിരുവനന്തപുരം ഫയര്‍ സ്റ്റേഷനില്‍ നിന്ന് സ്റ്റേഷന് ഓഫീസര്‍ നിഥിന് രാജിന്റെ നേതൃത്വത്തില്‍ അസി. സ്റ്റേഷന് ഓഫീസര്‍ അനില്‍കുമാര്‍,
സീനിയര്‍ ഫയര്‍ ആൻഡ് റസ്ക്യു ഓഫീസര്‍ എം. ഷാഫി, ഓഫീസര്‍മാരായ അരുണ്‍കുമാര്‍, രതീഷ്, അനീഷ്, വിഷ്ണുനാരായണന്‍ തുടങ്ങിയവര്‍ ചേര്‍ന്നാണ് വിഷ്ണുവിനെ പുറത്തെടുത്തത്. പരിക്കേറ്റ വിഷ്ണുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.