സഞ്ചാരികളുടെ വരവിൽ വൻ വർദ്ധന; കോവളത്തിന് പ്രതീക്ഷ
1396152
Wednesday, February 28, 2024 6:00 AM IST
വിഴിഞ്ഞം : കണക്ക് കൂട്ടലുകൾ തെറ്റിച്ച് വിദേശ വിനോദ സഞ്ചാരികളുടെ വരവിൽ വൻ വർദ്ധന. പഴയ പ്രതാപം വീണ്ടെടുത്ത് കോവളം അന്താരാഷ്ട്ര വിനോദ സഞ്ചാരകേന്ദ്രം. ഒരിടവേളയ്ക്കുശേഷം ബ്രിട്ടൺ, റഷ്യ , ജർമ്മനി, ഫ്രാൻസ് എന്നിവിടങ്ങളിൽനിന്നുള്ള വിനോദ സഞ്ചാരികളാണ് പ്രതീക്ഷകൾക്ക് വക നൽകുന്നത്.
സീസന്റെ തുടക്കത്തിൽ മന്ദഗതിയിലായിരുന്ന ബീച്ചുകൾക്ക് ഉണർവേകാൻ പുതുവർഷ ആരംഭം മുതൽ വിദേശികൾ എത്തിത്തുടങ്ങി. വിദേശികൾക്കൊപ്പം ഉത്തരേന്ത്യൻ സഞ്ചാരികളുടെയും കൂട്ടത്തോടെയുള്ളവരവ് ഹോട്ടലുകാരും റിസോർട്ട്ക്കാരും സ്റ്റേ ഹോം നടത്തുന്നവരും ചെറുകിട കച്ചവടക്കാരുമെല്ലാം വർഷങ്ങൾക്ക് ശേഷമുള്ള ഉണർവ് ആഘോഷിക്കുകയാണ്. ആയൂർവേദ ചികിത്സയ്ക്ക് സ്ഥിരം സഞ്ചാരികൾ എത്തിത്തുടങ്ങിയതും വളർച്ചയുടെ തെളിവാണെന്നും ഇതുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവർ വിലയിരുത്തുന്നു.
തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് കൂടുതൽ അന്താരാഷ്ട്ര വിമാന സർവീസുകൾ ആരംഭിച്ചതും കേരളത്തിൽ പുതിയ ടൂറിസം കേന്ദ്രങ്ങൾ തുറന്നതും, സുരക്ഷിതമെന്ന വിശ്വാസവുമെല്ലാം വിദേശികളുടെ വരവ് സുഗമമാക്കി. കേരളത്തിലെ ഏറ്റവും വലിയ വിനോദ സഞ്ചാര കേന്ദ്രമായ കോവളത്തെ ലോകത്തിനു പരിചയപ്പെടുത്തിയത് ബ്രിട്ടൺ, ഫ്രാൻസ്, കാനഡ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്നുള്ളവരായിരുന്നു. പിൽക്കാലത്ത് പല വിധകാരണങ്ങളാൽ ഇവരുടെ വരവ് നിലച്ചു. ഒടുവിൽ റഷ്യയിൽ നിന്ന് പോലും ചാർട്ടേഡ് വിമാനങ്ങളിൽ സഞ്ചാരികളെ എത്തിച്ച് നടത്തിയ പരീക്ഷണങ്ങളും പാളി.
പുതുതലമുറയില്ലാതെ സ്ഥിരം വരുന്ന ചുരുക്കം ചിലർ മാത്രമായൊതുങ്ങി വിദേശികൾ. മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്ന ആയിരക്കണക്കിന് തൊഴിലാളികളും നഷ്ടക്കണക്കെണ്ണി.
ഉത്തരേന്ത്യൻ സഞ്ചാരികളെ കൊണ്ട് ഒരു വിധം പിടിച്ച് നിന്ന കച്ചവട മേഖലയ്ക്ക് വലിയ പ്രതീക്ഷയും ലാഭവും നൽകിയാണ് ഇക്കുറി പുതുവർഷം തുടങ്ങിയത്.