ടെക്നോപാർക്ക് കന്പനികളുമായി സഹകരിക്കാൻ സന്നദ്ധത അറിയിച്ച് ലൈബീരിയൻ പ്രതിനിധി സംഘം
1395781
Tuesday, February 27, 2024 2:35 AM IST
തിരുവനന്തപുരം: ഇന്ത്യയിലെ ആദ്യ ഐടി പാർക്കായ ടെക്നോപാർക്കിലെ കന്പനികളുമായുള്ള സഹകരണത്തിന് സന്നദ്ധത അറിയിച്ച് ലൈബീരിയൻ പ്രതിനിധി സംഘം. ടെക്നോപാർക്ക് സന്ദർശിച്ച പ്രതിനിധി സംഘം ടെക്നോപാർക്ക് സിഇഒ കേണൽ സഞ്ജീവ് നായരുമായി (റിട്ട) ആശയവിനിമയം നടത്തി.
കേണൽ സഞ്ജീവ് നായർ ടെക്നോപാർക്കിനെക്കുറിച്ചും കേരളത്തിന്റെ ഐടി ഇക്കോസിസ്റ്റത്തെക്കുറിച്ചുമുള്ള അവതരണം നടത്തി. ടെക്നോപാർക്കിലെ മികച്ച സൗകര്യങ്ങളെ സംഘം അഭിനന്ദിച്ചു.
മികച്ച പ്രഫഷണലുകളും സാങ്കേതികവിദ്യയും അതിനു വളരാൻ അനുയോജ്യമായ അന്തരീക്ഷവും ടെക്നോപാർക്കിലുണ്ടെന്നത് വളരെ നല്ല അനുഭവമാണെന്ന് ലൈബീരിയയിലെ സാന്പത്തികവിഭാഗം മുൻ ഡെപ്യൂട്ടി മന്ത്രി അഗസ്റ്റസ് ജെ. ഫ്ളോമോ പറഞ്ഞു.
പശ്ചിമാഫ്രിക്കൻ വിപണിയിലെ വളർന്നുവരുന്ന അവസരങ്ങൾ പ്രദർശിപ്പിക്കാൻ ലക്ഷ്യമിട്ട് ഇന്ന് കേരള സ്റ്റാർട്ടപ്പ് മിഷൻ സംഘടിപ്പിക്കുന്ന ’സ്കെയിൽ ടു വെസ്റ്റ് ആഫ്രിക്ക’യിൽ പങ്കെടുക്കാനാണ് പശ്ചിമാഫ്രിക്കൻ പ്രതിനിധി സംഘം എത്തിയത്.
ടെക്നോപാർക്കിലെ കസ്റ്റമർ റിലേഷൻഷിപ്പ് എജിഎം വസന്ത് വരദ, നിയോനിക്സ് സൊല്യൂഷൻസിന്റെ സഹസ്ഥാപകരായ അരുണ്‍ ആർ എസ് ചന്ദ്രൻ, ഗുരുമത് എന്നിവരും ടെക്നോ പാർക്കിലെ മറ്റ് ഉദ്യോഗസ്ഥരും പങ്കെടുത്തു.