അനധികൃതമായി പന്നിഫാമിൽ എത്തിച്ച മാലിന്യം നാട്ടുകാർ തടഞ്ഞു
1394458
Wednesday, February 21, 2024 5:35 AM IST
കാട്ടാക്കട : പന്നി ഫാമിലേയ്ക്കെത്തിച്ച മാലിന്യം നാട്ടുകാർ ഇടപെട്ടു തടഞ്ഞു. പൂവച്ചൽ പഞ്ചായത്തിലെ വിവിധ പന്നി ഫാമുകളിലേക്കായി വാഹനത്തിൽ അനധികൃതമായി എത്തിച്ച നഗരത്തിലെ ഹോട്ടലുകളിൽ നിന്നുള്ള ഭക്ഷണ അവശിഷ്ടങ്ങളും പ്ലാസ്റ്റിക് മാലിന്യങ്ങളുമാണ് പിടികൂടിയത്.
നാട്ടുകാർ എത്തിയതോടെ പൂവച്ചൽ പഞ്ചായത്ത് അധികൃതർ ഇടപെട്ട് കുഴി വെട്ടി മാലിന്യം മൂടുകയായിരുന്നു. മാലിന്യം എത്തിച്ച വാഹനം പോലീസ് കസ്റ്റഡിയിലെടുത്തു. ഡ്രൈവർ കട്ടയ്ക്കോട് തകിടിയിൽ കിഴക്കുംകര വീട്ടിൽ വിഷ്ണു(32)വിനെ അറസ്റ്റ് ചെയ്ത് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.
അനധികൃതമായി മാലിന്യം കടത്തിക്കൊണ്ടു വന്നതിനും മദ്യപിച്ച് വാഹനമോടിച്ചതിനും ഇയാൾക്കെതിരെ കേസെടുത്തതായി പോലീസ് അറിയിച്ചു. പൂവച്ചൽ പഞ്ചായത്തിലെ കരിയംകോട്, കാപ്പിക്കാട്, പെന്നെടുത്തകുഴി, പാറാംകുഴി പ്രദേശങ്ങളിൽ അനധികൃതമായി പ്രവർത്തിക്കുന്ന ആർഡിഒ പൂട്ടാൻ നിർദേശം നൽകിയ ഫാമുകളിലേക്കാണ് മാലിന്യം എത്തിക്കുന്നത്. നഗരത്തിൽ നിന്നും ശേഖരിക്കുന്ന മാലിന്യം ഫാമുകളിലെത്തിക്കും.
പ്ലാസ്റ്റിക് മണ്ണിൽ താഴ്ത്തും. പ്രദേശത്ത് വൻ പാരിസ്ഥിതിക പ്രശ്നങ്ങൾ സൃഷ്ടിച്ചിട്ടും പരിസരവാസികൾക്ക് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായിട്ടും ഫാമുകൾ അടച്ച് പൂട്ടാൻ അധികൃതർ തയാറായിട്ടില്ലെന്നാണ് നാട്ടുകാരുടെ വാദം. സംഭവത്തിൽ പ്രതിഷേധത്തിലാണ് ജനകീയ സമിതി ദിവസവും ഇരുപതിലധികം വാഹനങ്ങളിലാണ് ഫാമിൽ മാലിന്യം എത്തിക്കുന്നതെന്ന് പ്രദേശവാസികൾ പറഞ്ഞു. എതിർക്കുന്നവരെ ഭീഷണിപ്പെടുത്തുകയാണെന്നും പരാതിയുണ്ട്.