പശ്ചിമതീര കനാൽ വികസനം വ്യവസായ സാമ്പത്തിക രംഗങ്ങളിൽ പുരോഗതി സൃഷ്ടിക്കും: മുഖ്യമന്ത്രി
1394452
Wednesday, February 21, 2024 5:35 AM IST
തിരുവനന്തപുരം: പശ്ചിമ കനാൽ വികസന പദ്ധതികൾ യാഥാർഥ്യമാകുന്നതോടെ സാമൂഹിക സാമ്പത്തിക, വ്യവസായ രംഗങ്ങളിൽ വലിയ പുരോഗതി സംസ്ഥാനത്തിന് ഉണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അഭിപ്രായപ്പെട്ടു.
പശ്ചിമതീര കനാൽ വികസനത്തിനായി 325 കോടി രൂപ ചെലവിട്ട് നടത്തുന്ന വിവിധ പദ്ധതികളുടെ ഉദ്ഘാടനം തിരുവനന്തപുരം കരിക്കകത്ത് നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജലപാത വികസനം അടക്കമുള്ള പദ്ധതികളോട് സഹകരിച്ച ജനങ്ങളോട് സംസ്ഥാന സർക്കാർ നന്ദി പറയുകയാണെന്ന് അദ്ദേഹം പറഞ്ഞു.
21 കോടി രൂപ ചെലവിട്ട് നിർമിച്ച കരിക്കകം സ്റ്റീൽ ലിഫ്റ്റിംഗ് ബ്രിഡ്ജ്, കോഴിക്കോട് വടകര മാഹി കനാലിനു കുറുകെ നിർമിച്ച വെങ്ങോളി പാലം, കഠിനംകുളം-വർക്കല റീച്ചിനിടയിൽ നിർമിച്ച നാലു ബോട്ട് ജെട്ടികൾ എന്നിവയുടെ പ്രവർത്തനോദ്ഘാടനവും, 120 കോടി രൂപ ചെലവിൽ വർക്കല, കഠിനംകുളം, വടകര എന്നിവിടങ്ങളിലെ കനാൽ ഡ്രഡ്ജിംഗ് ജോലികൾ, 23 കോടി രൂപ ചെലവിൽ അരിവാളം-തൊട്ടിൽപാലം കനാൽതീര സൗന്ദര്യവത്കരണം എന്നിവയാണ് പദ്ധതിയുടെ ഭാഗമായി പൂർത്തീകരിക്കുന്നത്.
അതോടൊപ്പം, 247 കോടി രൂപ ചെലവിട്ട്, കേരള വാട്ടർവേയ്സ് ആൻഡ് ഇൻഫ്രാസ്ട്രക്ചേഴ്സ് ലിമിറ്റഡ് സമഗ്രമായി നടപ്പിലാക്കി വരുന്ന വർക്കല, കഠിനംകുളം, തിരുവനന്തപുരം മേഖലകളിലെ പുനരധിവാസ പദ്ധതിയുടെ അടുത്ത ഘട്ടത്തിനും തുടക്കമായി.
കടകംപള്ളി സുരേന്ദ്രൻ എംഎൽഎ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. മന്ത്രി ജി.ആർ. അനിൽ വിശിഷ്ടാതിഥിയായി. മേയർ ആര്യ രാജേന്ദ്രൻ, എംഎൽഎ മാരായ ആന്റണി രാജു, വി.ജോയി, ഇൻലാൻഡ് നാവിഗേഷൻ വകുപ്പ് സെക്രട്ടറി അശോക് കുമാർ സിങ്, സിയാൽ എംഡി എസ്. സുഹാസ് എന്നിവർക്കൊപ്പം മറ്റ് പ്രമുഖരും ചടങ്ങിൽ പങ്കെടുത്തു.
കോസ്റ്റൽ ഷിപ്പിംഗ് ആൻഡ് ഇൻലാൻഡ് നാവിഗേഷൻ വകുപ്പ്, കൊച്ചിൻ ഇന്റർ നാഷണൽ എയർപോർട്ട് ലിമിറ്റഡ്, കിഫ്ബി, കേരള വാട്ടർവേയ്സ് ആൻഡ് ഇൻഫ്രാസ്ട്രക്ചേഴ്സ് ലിമിറ്റഡ്, ഇൻലാൻഡ് നാവിഗേഷൻ ഡിപ്പാർട്ട്മെന്റ്് എന്നിവരുടെ സംയുക്താഭിമുഖ്യത്തിലാണ് പദ്ധതി നിർവഹണം നടത്തുന്നത്.