പൊങ്കാല: അഗ്നിരക്ഷാ സേനയുടെയും ആരോഗ്യ വകുപ്പിന്റെയും വൻ സുരക്ഷ
1394450
Wednesday, February 21, 2024 5:35 AM IST
തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാല മഹോത്സവത്തിനെത്തുന്ന ലക്ഷക്കണക്കിനു ഭക്തരുടെ സുരക്ഷ കണക്കിലെടുത്ത് ഇത്തവണ ആരോഗ്യ വകുപ്പിന്റെയും അഗ്നിരക്ഷാ സേനയുടെയും നേതൃത്വത്തിൽ ഒരുങ്ങുന്നത് വൻ സുരക്ഷാ സന്നാഹങ്ങൾ. ഇതിന്റെ ഭാഗമാ യി അഗ്നിരക്ഷാ സേനയുടെയും ആരോഗ്യ വകുപ്പിന്റെയും കണ്ട്രോൾ റൂമുകൾ തുറന്നു.
അഗ്നിരക്ഷാ സേനയുടെ മൂന്നു യൂണിറ്റുകൾ നിലവിൽ ക്ഷേത്ര പരിസരത്തു പ്രവർത്തനം ആരംഭിച്ചു കഴിഞ്ഞു. ചെങ്കൽചൂള, ആറ്റിങ്ങൽ, വിതുര യൂണിറ്റുകളിൽനിന്ന് 25 ലധികം അഗ്നിരക്ഷാ പ്രവർത്തകരുടെ സേവനം 24 മണിക്കൂറും ഒരുക്കിയിട്ടുണ്ട്. തീ കെടുത്താൻ വെള്ളം നിറച്ച അഗ്നിരക്ഷാസേനയുടെ മൂന്നു വലിയ വാഹനങ്ങൾ ക്ഷേത്ര പരിസരത്ത് സജീകരിച്ചു. തീ പടർന്നാൽ അണയ്ക്കുന്നതിനുവേണ്ടി 15 ലധികം അഗ്നി ശമന ഉപകരണങ്ങൾ ക്ഷേത്രത്തിൽ സജ്ജീകരിച്ചു.
ഉത്സവത്തിന്റെ തൊട്ടടുത്ത ദിവസങ്ങളിൽ വൻ സുരക്ഷയാണ് ഒരുക്കുന്നതെന്നു സ്റ്റേഷൻ ഓഫീസറായ കെ.എൻ. ഷാജി അറിയിച്ചു. തലസ്ഥാനത്തെ എല്ലാ അഗ്നിരക്ഷാ യൂണിറ്റുകളും ആ ദിവസങ്ങളിൽ ക്ഷേത്രപരിസരത്ത് പ്രവർത്തിക്കും. 400 ലധികം പ്രവർത്തകർ വിവിധ സുരക്ഷാ സന്നാഹങ്ങളോടെ രംഗത്തുണ്ടാകും.
അഗ്നിരക്ഷാ സേനയുടെ 64 സുരക്ഷാ വാഹനങ്ങൾ രക്ഷാ പ്രവർത്തനത്തിനായി ഉണ്ടാകും. ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിലും വലിയ സുരക്ഷാ പ്രവർത്തനങ്ങളാണ് ഒരുക്കുന്നത്. ഭക്തർക്ക് ആരോഗ്യ പ്രശ്നങ്ങൾ അനുഭവപ്പെട്ടാൽ പ്രാഥമിക ചികിത്സ നൽകാൻ വിദഗ്ധരായ ഡോക്ടർമാരും നഴ്സുമാരും അടങ്ങുന്ന സംഘത്തെ നിയോഗിച്ചു കഴിഞ്ഞു.
ആവശ്യഘട്ടങ്ങളിൽ രോഗികളെ ആശുപത്രിയിൽ എത്തിക്കാൻ അഞ്ച് ആംബുലൻസുകൾ ഏർപ്പെടുത്തിയിട്ടുണ്ട്. അത്യാവശ്യ മരുന്നുകളും സംവിധാനങ്ങളും ഒരുക്കിയതായി ആരോഗ്യ വകുപ്പ് അധികൃതരും അറിയിച്ചു. ഭക്ഷ്യ വകുപ്പിന്റെ നേതൃത്വത്തിലും സുരക്ഷാ പ്രവർത്തനങ്ങൾ നടക്കുന്നു.
ഉത്സവ ദിവസങ്ങളിൽ ആഹാരം തയാറാക്കുകയും വിൽക്കുകയും ചെയ്യുന്ന സ്ഥാപനങ്ങളും സംഘടനകളും നിർബന്ധമായും ഹെൽത്ത് കാർഡ് എടുത്തിരിക്കണം. ശീതള പാനീയങ്ങൾ തയാറാക്കുന്നവർ ഉപയോഗിക്കുന്ന ജലം ശുദ്ധമാണോയെന്ന്് അധികൃതർ പരിശോധിക്കും. ആഹാര സാധനങ്ങൾ വിൽക്കുന്ന കടകളിൽ കർശന പരിശോധനകൾ ഉണ്ടാകുമെന്നും അധികൃതർ അറിയിച്ചു.