വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് ട്രയൽറൺ മേയ് മാസം മുതൽ
1394091
Tuesday, February 20, 2024 4:01 AM IST
വിഴിഞ്ഞം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് മേയ് മാസം മുതൽ ട്രയൽ റൺ ആരംഭിക്കും. ഈ വർഷം അവസാനത്തോടെ കമ്മീഷനിംഗ് നടക്കുമെന്നും അധികൃതർ. മേയ് അവസാനത്തോടെ ചരക്കുകളുമായി കണ്ടെയ്നർ കപ്പലുകൾ തുറമുഖത്തടുക്കും. ഇതിനായി നിരവധി ഷിപ്പിംഗ് ഏജൻസികൾ സന്നദ്ധത അറിയിച്ചതായും ബന്ധപ്പെട്ടവർ പറയുന്നു.
കഴിഞ്ഞ വർഷം ഒക്ടോബർ 15 ന് ക്രെയിനുമായി വന്ന ആദ്യ വിദേശ കപ്പലിനെ തുറമുഖ വാർ ഫിൽ അടുപ്പിച്ചെങ്കിലും ഒരു ചരക്കുകപ്പൽ അടുപ്പിക്കാൻ നീണ്ട ഒൻപത് വർഷത്തോളം വേണ്ടി വരും. നിർമാണം തുടങ്ങി ആയിരം ദിവസത്തിനുള്ളിൽ കണ്ടെയ്നർ കപ്പൽ അടുപ്പിക്കുമെന്ന 2015 ഡിസംബർ അഞ്ചിലെ ഉദ്ഘാടന വേദിയിൽ നടത്തിയ പ്രഖ്യാപനത്തിന് ഇന്നു മൂവായിരം ദിവസം പൂർത്തിയാകുമ്പോഴും ലക്ഷ്യം കണ്ടില്ല.
2019-ൽ പറഞ്ഞിരുന്ന ഒന്നാംഘട്ട പൂർത്തികരണം അഞ്ച് വർഷത്തിനുശേഷമെങ്കിലും ഫലപ്രാപ്തിയിലെത്തിക്കണമെന്ന ലക്ഷ്യത്തോടെ നിർമാണത്തിന് വേഗത കൂട്ടിയിട്ടുണ്ട്. 800 മീറ്ററിൽ വേണ്ട ബർത്തിന്റെ പകുതിയോളം പൂർത്തിയായി. സുരക്ഷാ കവചമായ പുലിമുട്ടിന്റെ നിർമാണം 2800 മീറ്റർ പിന്നിട്ടു. ഇനി ആവശ്യമായ പതിനേഴ് ക്രെയിനുകളുമായി മാർച്ച് അവസാനവും ഏപ്രിൽ ആദ്യ വുമായി ചൈനയിൽ നിന്നുള്ള കപ്പലുകൾ അടുക്കും.
ക്രെയിനുകൾ സ്ഥാപിച്ച് മറ്റു നടപടികൾ പൂർത്തിയാകുന്ന മുറയ്ക്ക് ട്രയൽ റൺ തുടങ്ങും. റോഡ്, റെയിൽ ഗതാഗതം സാധ്യമാകാത്തത് കണക്കിലെടുത്ത് ചരക്കുകൾ ചെറുകപ്പലുകളിൽ കടൽമാർഗം ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിലെത്തിക്കും.
ഇനിയും വർഷങ്ങൾക്കുശേഷമുള്ള രണ്ടാം ഘട്ട പൂർത്തീകരണ ത്തോടെയായിരിക്കും കരമാർഗമുള്ള ചരക്ക് ഗതാഗതം തുടങ്ങുക. എന്നാൽ കടൽഭാഗത്തെ നിർമാണത്തിനു വേഗത കൂടിയെങ്കിലും കരഭാഗത്ത് വികസനത്തിന്റെ യാതൊരു ലക്ഷണവും ഇല്ല താനും. ഒന്നും നടപ്പാകുന്നില്ലെങ്കിലും ഇപ്പോഴും അധികൃതരുടെ ഇടവിട്ടുള്ള പ്രഖ്യാപനങ്ങൾ തുടരുന്നുണ്ട്.