തമിഴ്നാട്ടിൽ നിന്നും പൊങ്കാല കലങ്ങളുമായി സരസ്വതിയെത്തി
1394081
Tuesday, February 20, 2024 4:01 AM IST
തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാലയ്ക്ക് ഇനി ഒരാഴ്ച മാത്രം ബാക്കി നില്‍ക്കെ പൊങ്കാല കലങ്ങളുടെ വില്‍പ്പന തുടങ്ങി. തമിഴ്നാട് തലക്കുളത്ത് നിന്നും സരസ്വതി ഇത്തവണയും പതിവ് തെറ്റിക്കാതെ പൊങ്കാല കലങ്ങളുമായി ഐരാണിമുട്ടം ഹോമിയോ കോളജിന് മുന്നിലുണ്ട്.
പാരമ്പര്യമായി കലങ്ങള്‍ നിര്‍മിക്കുന്നവരാണ് സരസ്വതിയുടെ കുടുംബം. സഹോദരി വിഷ്ണുകലയുടെ വീട്ടില്‍ നിര്‍മിച്ച കലങ്ങളാണ് സരസ്വതി വില്‍പ്പനയ്ക്കെത്തിച്ചിട്ടുള്ളത്.
ഉത്സവങ്ങളില്ലാത്തപ്പോള് സരസ്വതിയും മണ്കലങ്ങളുണ്ടാക്കുന്ന തൊഴിലിന് സഹോദരിയോടൊപ്പം പോകും. സ്വന്തമായി നിര്മിച്ചതിനാല് തന്നെ വില്‍പ്പനയ്ക്കെത്തിച്ച പൊങ്കാല കലങ്ങളുടെ ഗുണമേന്മയ്ക്ക് ഗ്യാരന്റി നല്‍കുകയാണ് സരസ്വതി. പല വലിപ്പത്തിലുള്ള കലങ്ങളും മണ്‍കപ്പുകളും ചിരാതുകളും ചട്ടികളും സരസ്വതി വില്‍പ്പനയ്ക്ക് വച്ചിട്ടുണ്ട്. വലിയ കലത്തിന് 150 രൂപ മുതല്‍ വില തുടങ്ങും. ഇടത്തരം കലങ്ങള്‍ക്ക് 100, 80, 70 എന്നിങ്ങനെയാണ് വിലകള്‍. ചെറിയകലത്തിന് നാല്‍പ്പത് രൂപ വരെ കിട്ടും.
സരസ്വതിക്ക് പുറമെ നിരവധിപേരാണ് പൊങ്കാല കലങ്ങള്‍ വില്ക്കുവാന് തലസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ എത്തിയിട്ടുള്ളത്. ആറ്റുകാല്‍, മണക്കാട്, ഐരാണിമുട്ടം, ചിറമുക്ക്, കിഴക്കേകോട്ട, കിള്ളിപ്പാലം തുടങ്ങിയവിടങ്ങളില്‍ ഉത്സവം തുടങ്ങിയ നാളു മുതല്‍ പൊങ്കാലകലങ്ങള്‍ വില്‍പ്പനയ്ക്കായി നിരന്നുകഴിഞ്ഞു.
ഞായറാഴ്ചയാണ് പൊങ്കാല. ഇനിയുള്ള ദിവസങ്ങളിലാണ് പൊങ്കാല കലങ്ങളുടെ വില്‍പ്പന തകിർതിയായി നടക്കുക. മിക്കവരും വില പേശിതന്നെയാണ് കലങ്ങള്‍ വാങ്ങുന്നത്. കലങ്ങളോടൊപ്പം ആവശ്യകാര്‍ക്ക് ചിരട്ടയില്‍ നിര്‍മിച്ച പൊങ്കാല തവികളും വില്‍പ്പനയ്ക്കുണ്ട്.
പാപ്പനംകോട് രാജന്