വളർത്തുനായയുടെ കടിയേറ്റ് അഞ്ചുപേർക്ക് പരിക്ക്
1375100
Saturday, December 2, 2023 12:17 AM IST
കഴക്കൂട്ടം: കഠിനംകുളത്ത് വളർത്തുനായയുടെ കടിയേറ്റ് 78 കാരിയടക്കം അഞ്ച് പേർക്ക് ഗുരുതര പരിക്ക്. കഠിനംകുളം പഞ്ചായത്ത് പരിധിയിലെ വെട്ടുതുറ16-ാം വാർഡിൽ സെമിത്തേരിക്ക് സമീപം ഇന്നലെ രാവിലെ 11 നായിരുന്നു സംഭവം.
വെട്ടുതുറ കടൽതീരത്ത് താമസക്കാരായ പൗളിൻ ലോപ്പസ് (78), മകൻ ജെറാൾഡ് ലോപ്പസ്(56), മരുമകൻ ഫെലിക്സ് പെരേര(55), അയൽവാസികളായ റിമോളി (47), ലീല (60) എന്നിവരാണ് നായയുടെ ആക്രമണത്തിന് ഇരയായത്. പരിക്കേറ്റവരെ ആദ്യം പുത്തൻതോപ്പ് സർക്കാർ ആശുപത്രിയിലും പിന്നീട് ജനറൽ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
നായയുടെ ആക്രമണത്തിൽ വിരൽ നഷ്ടപ്പെടുകയും ശരീരമാസകലം ഗുരുതര പരിക്കേൽക്കുകയും ചെയ്ത പൗളിൻ ലോപ്പസിനെയും മറ്റൊരാളിനെയും തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെട്ടുത്തുറയിൽ താമസിക്കുന്ന ജോസഫെന്നയാളുടെ വളർത്തുനായയാണ് ഇവരെ ആക്രമിച്ചത്. വീടിനു മുന്നിലിരുന്ന പൗളിൻ ലോപ്പസിനെയാണ് ആദ്യം ആക്രമിച്ചത്.
തുടർന്നായിരുന്ന ഇവരുടെ മകനേയും സമീപവാസികളായ മറ്റ് മൂന്ന് പേരേയും ആക്രമിച്ചത്. തെങ്ങിൽ കെട്ടിയിരുന്ന നായ കെട്ട് പൊട്ടിച്ചായിരുന്നു ആക്രമണം നടത്തിയതെന്നാണ് നാട്ടുകാർ പറയുന്നു.