കേരളാ സർവകലാശാല അത്ലറ്റിക് മീറ്റ്: കിരീടപോരാട്ടം ഫോട്ടോഫിനിഷിലേക്ക്
1374870
Friday, December 1, 2023 5:19 AM IST
തിരുവനന്തപുരം: ചന്ദ്രശേഖരൻനായർ സ്റ്റേഡിയത്തിൽ ട്രാക്കിലും ഫീൽഡിലും ഒപ്പത്തിനൊപ്പം കുതിപ്പ് നടത്തി കാര്യവട്ടം എൽഎൻസിപിയും പുനലൂർ എസ്എനും കിരീടപോരാട്ടത്തിൽ. കേരളാ സർവകലാശാല അത്ലറ്റിക് മീറ്റിന്റെ രണ്ടാം ദിവസത്തെ മത്സരങ്ങൾ അവസാനിച്ചപ്പോൾ ഇഞ്ചോട് ഇഞ്ച് പോരാട്ടമാണ് നടക്കുന്നത്.
99 പോയിന്റുമായി കാര്യവട്ടം എൽഎൻസിപി ഒന്നാമതുള്ളപ്പോൾ ഒരു പോയിന്റ് മാത്രം വ്യത്യാസത്തിൽ 98 പോയിന്റുമായി പുനലൂർ എസ്എൻ രണ്ടാമതും ആലപ്പുഴ എസ്ഡി 76 പോയിന്റുമായി മൂന്നാമതും അഞ്ചൽ സെന്റ് ജോണ്‍സ് 59 പോയിന്റുമായി നാലാമതുമാണ്.
മീറ്റിലെ ആവേശകരമായ ഹർഡിൽസ് മത്സരത്തിൽ 110 മീറ്ററിൽ ആലപ്പുഴ എസ്ഡിയുടെ ടി.എം.അശ്വൻ ഒന്നാമതും അന്പലപ്പുഴ സർക്കാർ കോളജിലെ യു.വിഷ്ണു രണ്ടാമതുമെത്തി. അഞ്ചൽ സെന്റ് ജോണ്‍സിന്റെ ജെ.എ ജെഫ്നിൽ മൂന്നാം സ്ഥാനത്തെത്തി.
വനിതകളുടെ 100 മീറ്റർ ഹർഡിൽസിൽ കാര്യവട്ടം എൽഎൻസിപിയുടെ അനുഷ്കാ ഉപാധ്യായ ഒന്നാമതെത്തിയപ്പോൾ തിരുവനന്തപുരം വുമണ്‍സ് കോളജിലെ ബ്രിന്ദാ അശോകൻ വെളളിനേട്ടവും പന്തളം എൻഎസ്എസിലെ എ.കെ. അർച്ചന മൂന്നാം സ്ഥാനത്തുമെത്തി. മീറ്റ് ഇന്ന് സമാപിക്കും.
ജോമോനാണു താരം ഹൈ ജംപിലും ലോംഗ് ജംപിലും
തിരുവനന്തപുരം: പുരുഷ വിഭാഗം ഹൈജംപിലും ലോംഗ് ജംപിലും സുവർണനേട്ടം ജോമോന്. കൊല്ലം ടികെഎം കോളജിലെ വിദ്യാർഥിയായ ജോമോൻ ജോയി 6.56 മീറ്റർ ദൂരം ചാടിയാണ് ലോംഗ് ജംപിൽ സ്വർണത്തിന് അവകാശിയായത്.

മണിക്കൂറുകൾക്കുള്ളിൽ നടന്ന ഹൈജംപിലും ജോമോൻ തന്നെയാണ് ഒന്നാമതെത്തിയത്. 2.06 മീറ്റർ ഉയരം മറികടന്നാണ് ഹൈജംപിലെ മെഡൽ നേട്ടം. ഓടിയും ചാടിയും ഇരട്ട സുവർണ നേട്ടം സ്വന്തമാക്കിയതിന്റെ ആഹ്ളാദത്തിലാണ് ഈ കൊല്ലംകാരനായ താരം.
റിലേയിൽ സുവർണ നേട്ടം സ്വന്തമാക്കിയ ടികഐമ്മിന്റെ ടീമിലും ജോമോൻ അംഗമായിരുന്നു.
കൂലിപ്പണിയുടെ പണവുമായി വന്നു; സുവർണ നേട്ടവുമായി തിരികെ
തിരുവനന്തപുരം: കൂലിപ്പണിക്ക് പോയി ലഭിച്ച പണവുമായി തിരുവനന്തപുരത്തേക്കു വണ്ട ി കയറിയ ശിവപ്രസാദ് തിരിച്ച് അഞ്ചലിലേക്ക് മടങ്ങുന്നത് ഇരട്ട സ്വർണത്തിളക്കവുമായി. കേരള സർവകലാശാല അത്ലറ്റിക് മീറ്റിൽ 5000 മീറ്ററിലും ഹാഫ് മാരത്തണിലുമാണ് അഞ്ചൽ സെന്റ് ജോണ്‍സ് കോളജിലെ രണ്ട ാം വർഷ ബിഎ വിദ്യാർഥിയായ ശിവപ്രസാദ് സുവർണനേട്ടത്തിന് ഉടമയായത്.

സാന്പത്തികമായി ഏറെ പിന്നോക്കം നില്ക്കുന്ന കുടുംബത്തിൽ നിന്നുള്ള ശിവപ്രസാദിന്റെ മാതാവ് രാധാമണ് തൊഴിലുറപ്പ്് ജോലികൾക്ക് പോയാണ് കുടുംബം പുലർത്തുന്നത്. ക്ലാസുകൾ ഇല്ലാത്ത ദിവസങ്ങളിൽ ശിവപ്രസാദും കൂലിപ്പണിക്ക് പോയി പഠനത്തിനായുള്ള പണം കണ്ടെത്തുന്നു. കായികമേളയിൽ പങ്കെടുക്കാൻ പോകുന്നതിനുള്ള പണം സ്വരൂപിച്ചത് കൂലിപ്പണി ചെയതാണ്. മലയാളം അധ്യാപിക മേരി പതിവായി ഉച്ചഭക്ഷണം തനിക്ക് നല്കാറുണ്ടെ ന്നു ശിവപ്രസാദ് തന്നെ വ്യക്തമാക്കുന്നു.
സൈനികനാകണമെന്നതായിരുന്നു സ്വപ്നം. പ്ലസ്ടു കഴിഞ്ഞതോടെ സൈന്യത്തിലേക്കുള്ള ശാരീരിക ക്ഷമത പരീക്ഷ, വൈദ്യ പരിശോധന എന്നിവ വിജയിച്ചു. എഴുത്ത് പരീക്ഷയ്ക്ക് തയാറെടുക്കുന്പോൾ ’അഗ്നിവീർ’ പദ്ധതി തുടങ്ങി. പ്രായം കടന്നതിനാൽ അഗ്നിവീർ ആകാൻ അവസരം ലഭിച്ചില്ല. തുടർന്ന് കോളജിൽ പ്രവേശനം കിട്ടിയതോടെ സ്പോർട്സിൽ സജീവമായി. പറന്പുകളിൽ കാടുവെട്ടിയാണ് ചെലവ് കണ്ടെത്തുന്നത്.
കോളജ് മാനേജ്മെന്റും അധ്യാപകരും മികച്ച പിന്തുണയാണ് തന്റെ കായിക ജീവിതത്തിന് നൽകുന്നതെന്ന് ശിവപ്രസാദ് പറയുന്നു. കായികാധ്യാപകൻ ജോർജ് വി തോമസ് പരിശീലകൻ ഏബ്രഹാം മാത്യു എന്നിവർക്ക് കീഴിലാണ് പരിശീലനം. കുളത്തൂപ്പുഴ ഭാരതിപുരം സ്വദേശിയായ ശിവപ്രസാദ് അടുത്തവർഷം മഹാരാഷ്ട്രയിൽ നടക്കുന്ന ഇന്റർ വാഴ്സിറ്റി മീറ്റിലും പങ്കെടുക്കുന്നുണ്ട ്.
ഇരട്ട സ്വർണവുമായി ഫാത്തിമ
തിരുവനന്തപുരം: ട്രാക്കിൽ ഇറങ്ങിയാൽ സ്വർണനേട്ടത്തിൽ കുറഞ്ഞൊന്നും ഫാത്തിമയ്ക്ക് മുന്നിലില്ല. അത് ഇന്നലെയും ചന്ദ്രശേഖരൻനായർ സ്റ്റേഡിത്തിൽ തുടർന്നു. ഇരട്ട സ്വർണവുമായാണ് പുനലൂർ എസ്എൻ കോളജിലെ ഈ കായിക പ്രതിഭ ട്രാക്ക് വിട്ടത്. 800 മീറ്ററിലും 3000 മീറ്ററിലും സ്വർണം നേടി പുനലൂർ എസ്എൻ കോളജിന്റെ പോരാട്ടത്തിന്റെ മുൻനിരയിലുണ്ട്.ആദ്യമായി മത്സരിച്ചുതുടങ്ങിയത് 100 മീറ്റർ പോലുള്ള ഇനങ്ങളിലാണ്. എന്നാൽ മധ്യദൂര ഇനങ്ങളിലേക്ക് തിരിച്ചത് പരിശീലകരാണ്. എസ്.എൻ കോളജിലെ എംഎ ഹിസ്റ്ററി വിദ്യാർഥിനിയാണ്. സഹോദരി അജ്മിയും ദീർഘദൂര ഓട്ടക്കാരിയാണ്.