തിരുവിതാംകോട് അരപ്പള്ളിയിൽ ഞായറാഴ്ച്ച മാർതോമാശ്ലീഹായുടെ 1950-ാം രക്തസാക്ഷിത്വ വാർഷികാചരണം
1374867
Friday, December 1, 2023 5:19 AM IST
തിരുവനന്തപുരം: ഭാരതത്തിന്റെ അപ്പസ്തോലനായ വിശുദ്ധ തോമാശ്ലീഹായുടെ 1950-ാം രക്തസാക്ഷിത്വ ജൂബിലി മാർത്താണ്ഡത്തിനു സമീപം തിരുവിതാംകോട് അന്താരാഷ്ട്ര തീർഥാടന കേന്ദ്രമായ അരപ്പള്ളിയിൽ ഞായറാഴ്ച നടക്കും.
മാർതോമാ ശ്ലീഹാ സ്ഥാപിച്ച അരപ്പള്ളി എന്നറിയപ്പെടുന്ന സെന്റ് മേരീസ് ദേവാലയമാണ് രാജ്യാന്തര തീർഥാടന കേന്ദ്രമായി വളർന്നത്. ഞായറാഴ്ച ഉച്ചകഴിഞ്ഞു 2.30 ന് നടക്കുന്ന ജൂബിലി സമ്മേളനം തമിഴ്നാട് ക്ഷീരവികസന മന്ത്രി മനോ തങ്കരാജ് ഉദ്ഘാടനം ചെയ്യും.
പരിശുദ്ധ ബസേലിയോസ് മാർതോമാ മാത്യൂസ് ത്രിതീയൻ കാതോലിക്കാബാവ അനുഗ്രഹപ്രഭാഷണം നടത്തും. തിരുവനന്തപുരം ഭദ്രാസനാധിപൻ ഡോ. ഗബ്രിയേൽ മാർ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിക്കും. മലങ്കര കത്തോലിക്കാസഭ മാർത്താണ്ഡം രൂപത ബിഷപ് വിൻസന്റ് മാർ പൗലോസ്, സിഎസ്ഐ കന്യാകുമാരി രൂപത ബിഷപ് റവ.എ.ആർ. ചെല്ലയ്യ, സീറോ മലബാർ സഭാ തക്കല രൂപതാധ്യക്ഷൻ മാർ ജോർജ് രാജേന്ദ്രൻ, ചാണ്ടി ഉമ്മൻ എംഎൽഎ, വൈദിക ട്രസ്റ്റി റവ.ഡോ. തോമസ് വർഗീസ് അമയിൽ, അത്മായ ട്രസ്റ്റി റോണി വർഗീസ്, അസോസിയേഷൻ സെക്രട്ടറി അഡ്വ. ബിജു ഉമ്മൻ എന്നിവർ പ്രസംഗിക്കും. രാവിലെ എട്ടിന് പരിശുദ്ധ കാതോലിക്കാബാവയുടെ മുഖ്യ കാർമികത്വത്തിൽ വിശുദ്ധ കുർബാന അർപ്പിക്കും.
മാർ തോമാശ്ലീഹ സ്ഥാപിച്ചതെന്നു കരുതപ്പെടുന്ന രണ്ടു സഹസ്രാബ്ദം പഴക്കമുള്ള തമിഴ്നാട് അതിർത്തിയിലെ ക്രൈസ്തവ ദേവാലയമാണ് തിരുവിതാംകോട് സെന്റ് മേരീസ് പള്ളി. ഓർത്തഡോക്സ് സഭയുടെ അധീനതയിലുള്ളതാണ് ഈ അരപ്പള്ളി.
കൽത്തൂണുകളിൽ നിർമിച്ച പള്ളിയുടെ ശിൽപമാതൃക ആദ്യ നൂറ്റാണ്ടുകളിലെ ഹൈന്ദവ ക്ഷേത്രത്തിന്റേതിനു സമാനമാണെന്നു ചരിത്രകാരന്മാർ ചൂണ്ടിക്കാട്ടുന്നു. കരിങ്കല്ലിൽ പുറത്തേക്കു തള്ളി നിൽക്കത്തക്ക വിധം കൊത്തിയ കുരിശു രൂപം ദേവാലയത്തിന്റെ ചരിത്രവും ആധികാരികതയും സാക്ഷ്യപ്പെടുത്തുന്നു. കരിങ്കല്ലിൽ കൊത്തിയ രണ്ടു മാലാഖാമാർ മുട്ടുകുത്തി നിൽക്കുന്ന രൂപത്തിനു പള്ളിയോളം പഴക്കമുണ്ട്. പുരോഹിതർ മദ്ബഹയിൽ കയറുന്നതിനു മുന്പ് പാദം കഴുകാൻ ഉപയോഗിച്ചിരുന്ന പാദക്ഷാളന കല്ല് മദ്ബഹയോടു ചേർന്നു കാണാം. പള്ളിയോടു ചേർന്നുള്ള കിണർ തോമാശ്ലീഹായുടെ കാലത്ത് കുഴിച്ചതാണെന്നു വിശ്വസിക്കുന്നു. മൂല്യമേറിയ തടിയിൽ തീർത്ത പീഠം, പഞ്ചലോഹ ധൂപക്കുറ്റി തുടങ്ങിയവ സുരക്ഷയെ കരുതി പള്ളിയുടെ മ്യൂസിയത്തിൽ സൂക്ഷിച്ചിരിക്കുകയാണ്.
തിരുവിതാംകോടിന് അടുത്തുള്ള അമലഗിരി അമ്മൻ കുടുംബം തോമാശ്ലീഹായിൽ നിന്നു സ്നാനം ഏറ്റതായി ചരിത്രമുണ്ട്. അവർ താമസിച്ചിരുന്ന സ്ഥലം തോമയാർ തോട്ടം എന്ന് അറിയപ്പെട്ടു. പള്ളിയെ സംബന്ധിച്ച് ഓർത്തഡോക്സ് സഭയുടെ കൈയിലുള്ള വീര രാഘവ പട്ടയം ഈ കുടംബത്തിന്റെ കൈയിൽ നിന്നു ലഭിച്ചതാണെന്നു കരുതുന്നു. ഒന്നാം നൂറ്റാണ്ടിലെ സംഘകാല കൃതികളിൽ പ്രമുഖമായ പതിറ്റുപ്പത്തിലെ ചില പരാമർശങ്ങൾ അന്നത്തെ രാജാവായ ഇമയ വരന്പൻ നെടുംചേരലാദൻ ആദ്യകാല ക്രിസ്തീയ വിശ്വാസികൾക്കു നൽകിയ സഹായങ്ങളേക്കുറിച്ചു സൂചന നൽകുന്നു.
ഓർത്തഡോക്സ് സഭ തിരുവനന്തപുരം ഭദ്രാസനാധിപൻ ഡോ. ഗബ്രിയേൽ മാർ ഗ്രിഗോറിയോസ് ആണ് ജൂബിലി ആഘോഷ പരിപാടികൾ വാർത്താസമ്മേളനത്തിൽ വിശദീകരിച്ചത്. ബർസ്ലീബി റന്പാൻ, ഡോ. ജോസഫ് സാമുവൽ കറുകയിൽ കോർ എപ്പിസ്കോപ്പ, ഫാ. ജോർജ് വർഗീസ് എന്നിവരും പങ്കെടുത്തു.