പെരുമഴ, വെള്ളക്കെട്ട് വ്യാപകനാശം
1340066
Wednesday, October 4, 2023 4:51 AM IST
തിരുവനന്തപുരം: രണ്ടു ദിവസമായി പെയ്യുന്ന കനത്ത മഴയിൽ കുതിർന്നു തലസ്ഥാനം. ഇന്നലെ തോരാതെ പെയ്ത മഴയിൽ റോഡുകൾ മിക്കതും വെള്ളത്തിനടിയിലായി.
വെള്ളയന്പലം, വഴുതക്കാട് , തൈക്കാട്, ബേക്കറി റോഡുകളിലൂടെയുള്ള ഗതാഗതവും ഏറെ നേരം തടസപ്പെട്ടു. ഈ റോഡുകളിൽ വെള്ളം കയറിയതോടെ വാഹനങ്ങൾ വഴിതിരിച്ചുവിട്ടു. ഓട്ടോറിക്ഷയും മോട്ടോർ ബൈക്ക് യാത്രക്കാരുമാണ് ഏറെ ബുദ്ധിമുട്ടിയത്.
കരമനയാറ്റിൽ അപകടകരമാംവിധം ജലനിരപ്പ് ഉയരുന്നതിനാൽ ആറിനു സമീപത്തു താമസിക്കുന്നവരോട് ജാഗ്രത പുലർത്താൻ ജില്ലാ ഭരണകൂടം നിർദേശം നൽകിയിട്ടുണ്ട്. ഇന്നലെ പാങ്ങോട് മിലിട്ടറി ക്യാന്പ് റോഡിൽ മരം മറിഞ്ഞുവീണു ഗതാഗതം തടസപ്പെട്ടു. ചെങ്കൽചൂളയിൽ നിന്നും ഫയർഫോഴ്സ് എത്തി മരം മുറിച്ചുമാറ്റിയ ശേഷമാണു ഗതാഗതം പൂർവസ്ഥിതിയിലായത്.
വെള്ളയന്പലം മുതൽ കനകക്കുന്നുവരെയുള്ള റോഡ് വെള്ളത്താൽ മൂടപ്പെട്ടു. ഇതുവഴി യാത്രക്കാർക്കോ വാഹനങ്ങൾക്കോ കടന്നുപോകാനായില്ല. റോഡിനോടു ചേർന്നുള്ള ഓടകൾ അടഞ്ഞതാണു വെള്ളം ഒഴുകിപ്പോകുന്നതിനു തടസമായത്. ബേക്കറി ജംഗഷനിലും ചെങ്കൽച്ചൂള തന്പാന്നൂർ റോഡിലും ഡ്രയിനേജിന്റെ മാൻ ഹോളിലൂടെ മലിനജലം ഒഴുകിയെത്തിയതു വഴിയാത്രക്കാർക്കും ബുദ്ധിമുട്ടായി.
മിക്ക റോഡുകളിലും ട്രാഫിക് സിഗ്നൽ ലൈറ്റുകൾ പ്രവർത്തിച്ചില്ല. ഇതുമൂലം കനത്ത മഴയിൽ ഗതാഗതക്കുരുക്കും അനുഭവപ്പെട്ടു.
നിലമക്കരി പാടശേഖരം വെള്ളത്തില് മുങ്ങി
നേമം: കനത്ത മഴയില് വെള്ളായണിയിലെ നിലമക്കരി പാടശേഖരം വെള്ളത്തില് മുങ്ങി. വെള്ളം നിറഞ്ഞതോടെ പാടശേഖരത്തില് കൊയ്ത്ത് നടത്താനാകാതെ കര്ഷകര് ബുദ്ധിമുട്ടിലായി. വിളവെടുപ്പിനു പാകമായ ഇരുപ്പത് ഹെക്ടറോളം നെല്കൃഷിയാണ് നശിച്ചത്.
നിലമക്കരി പാടശേഖര സമിതിയുടെ നേതൃത്തത്തില് ഉമ ഇനത്തില്പ്പെട്ട വിത്തുകളാണ് കൃഷി ചെയ്തിരുന്നത്. നേമം കൃഷി ഭവന്റെ കീഴിലാണ് ഈ പാടശേഖരം. നാല്പ്പത് ഹെക്ടറോളം വരുന്ന പാടശേഖരത്തില് 20 ഹെക്ടറിലാണ് ഇത്തവണ കൃഷിയിറിക്കിയത്. പാടശേഖരത്തിന് സമീപത്തെ പണ്ടാരക്കരി പാടശേഖരത്തില് ഏക്കറു കണക്കിന് പച്ചക്കറി കൃഷിയും നശിച്ചു.
വെള്ളായണി കായല് കരകവിഞ്ഞ് കാക്കമൂല ബണ്ട് റോഡില് വെള്ളം കയറി ഗതാഗത ക്ലേശമുണ്ടായി. കരമനയാര് കരകവിഞ്ഞതിനെ തുടര്ന്ന് തീര പ്രദേശങ്ങളായ സത്യന്നഗര് അരുവാക്കോട്, തൃക്കണ്ണാപുരം പ്രദേശങ്ങളില് വെള്ളം കയറി.
പാപ്പനംകോട് ഇഞ്ചിപ്പുല്ലുവിളയില് മഴയത്ത് വീടിന്റെ ചുമരിടിഞ്ഞു. കരുമം ആഴാങ്കാല് ഭാഗത്ത് മതിലിടിഞ്ഞു. നേമം വ്യാസ സ്കൂളിനു സമീപം റോഡില് വെള്ളം കയറി. പാപ്പനംകോട് മുട്ടാര് തോട് നിറഞ്ഞുകവിഞ്ഞു. വെള്ളായണി കന്നുകാലി ചാല് നിറഞ്ഞു. നേമം മേഖലയിലെ പല വാര്ഡുകളിലും താഴ്ന്ന പ്രദേശങ്ങളില് സ്ഥിതി ചെയ്യുന്ന വീടുകളില് വെള്ളം കയറി. നീറമണ്കര മന്നം മെമ്മോറിയല് സ്കൂളില് വെള്ളം കയറി.
കനത്ത മഴയിൽ കൊപ്പത്ത് വീട് തകർന്നു
നെടുമങ്ങാട്: നഗരസഭ കൊപ്പം കുന്നത്ത് പള്ളിവിളാകത്ത് പ്രകാശിന്റെ വീട് കനത്ത മഴയിൽ തകർന്നു. വീടിന്റെ മേൽക്കൂരയും ചുമരുകളും പൂർണമായി നിലംപൊത്തി. വീടിന്റെ ശോച്യാവസ്ഥ മനസിലാക്കി മഴ തുടങ്ങിയപ്പോൾ തന്നെ നാട്ടുകാർ ഇടപെട്ട് പ്രകാശിനേയും ഭാര്യ സ്മിതയെയും കൈകുഞ്ഞിനേയും അയൽവീട്ടിലേയ്ക്ക് മാറ്റിപ്പാർപ്പിച്ചതിനാൽ വൻ അപകടം ഒഴിവായി.
കൂലിപ്പണിക്കാരനായ പ്രകാശ് ഏറെ നാളായി കടുത്ത പ്രമേഹ രോഗത്തിനു ചികിത്സയിലാണ്. ഭാര്യയുടെ അമ്മൂമ്മയുടെ പേരിലുള്ള നാലു സെന്റ് സ്ഥലത്തെ പഴയ വീട്ടിലായിരുന്നു താമസം. ഈ വീടാണ് മഴയെടുത്തത്. സ്വന്തം പേർക്ക് വസ്തു ഇല്ലാത്ത കാരണത്താൽ ലൈഫ് ഭവന പദ്ധതിയിൽ പേര് ഉൾപ്പെട്ടിട്ടില്ല.
തഹസിൽദാർ അനിൽ കുമാറിന്റേയും വാർഡ് കൗൺസിലർ പി. രാജീവിന്റേയും നേതൃത്വത്തിൽ റവന്യൂ ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചു.
നെയ്യാറ്റിന്കരയിലെ കൃഷിയിടങ്ങളിൽ വെള്ളം
നെയ്യാറ്റിന്കര: രാത്രിയും പകലും തോരാത്ത മഴയില് നെയ്യാറ്റിന്കരയിലെ കൃഷിയിടങ്ങള് പലതും വെള്ളത്തിലായി. ആയിരക്കണക്കിന് വാഴകളും പത്തേക്കറോളം പച്ചക്കറിയും നശിച്ചതായി പ്രാഥമിക വിലയിരുത്തല്.
കീഴ് ക്കൊല്ല കൃഷിയിടത്തിനു സമീപത്തെ തോടിന്റെ ഷട്ടര് ശക്തമായ മഴയില് തകര്ന്നു. ഉദിയന്കുളങ്ങരയില്നിന്നും നെയ്യാറ്റിന്കര നഗരസഭയുടെയും ചെങ്കല് പഞ്ചായത്തിന്റെയും അതിര്ത്തിയിലൂടെ ഒഴുകുന്ന തോടിന്റെ ഷട്ടറാണ് തകര്ന്നത്. അതോടെ കീഴ് ്കൊല്ല ഏലയിലേയ്ക്ക് വെള്ളം കയറി തുടങ്ങി.
നെയ്യാറിലെ ജലനിരപ്പ് ഉയര്ന്നതോടെ ഷട്ടറിനു മുകളിലെ സ്ലാബിന്റെ മുകള്ഭാഗത്തു കൂടിയും വെള്ളം ശക്തമായി ഒഴുകുന്നുണ്ട്. രാമേശ്വരത്തും കൃഷിയിടങ്ങളാകെ വെള്ളത്തിലായി. നദിയോട് ചേര്ന്ന പ്രദേശമായതിനാല് ജലനിരപ്പ് ഉയര്ന്നതിന്റെ ആനുപാതികമായി കൃഷിയിടങ്ങളിലേയ്ക്കും വെള്ളം കയറി.
ഓണം വിളവെടുപ്പിനു ശേഷമുള്ള അടുത്ത ഘട്ടം കൃഷിയാണ് ഇപ്പോള് കൃഷിയിടങ്ങളില് നടക്കുന്നത്. പെരുങ്കടവിള കൃഷി ഭവനു കീഴിലുള്ള തോട്ടവാരം ഏല മുഴുവന് വെള്ളത്തിലായി. ഇവിടെ വാഴയും മരച്ചീനിയുമാണ് കൂടുതല് കൃഷി ചെയ്തിട്ടുള്ളത്. മരച്ചീനി മുഴുവനും നശിച്ച സ്ഥിതിയിലാണ്. അതിയന്നൂര് പഞ്ചായത്തിലെ വെണ്പകല് ഏലായിലെ കൃഷിയിലും വെള്ളം കയറിയിട്ടുണ്ട്.
പുല്ലാനിവിളയിൽ വീട് തകർന്നു
കഴക്കൂട്ടം: ശക്തമായ മഴയിലും കാറ്റിലും ചുവരിടിഞ്ഞു വീണു വീട് തകർന്നു. നഗരസഭ ചന്തവിള വാർഡിൽ പുല്ലാന്നിവിള നാലുമുക്കിൽ കുന്നുവിള വീട്ടിൽ രാധ(70)യുടെ വീടാണ് തകർന്നത്.
രാധയും കൂലിപ്പണികാരനായ മകൻ സതീശനും ഭാര്യ രമ്യയും ഒന്നും അഞ്ചും വയസ്സുമുള്ള രണ്ട് കുട്ടികളുമാണ് ഇവിടെ താമസം. രാവിലെ 11 മണിക്കാണ് വീടിന്റെ ഒരുഭാഗം ഇടിഞ്ഞു വീണത്. ആസ്ബസ്റ്റോസ് ഷീറ്റ് മേഞ്ഞ വീടാണ്. രണ്ടു മുറികൾ പൂർണമായി തകർന്നു. വീടിന്റെ ബാക്കിഭാഗവും എപ്പോൾ വേണമെങ്കിലും നിലം പൊത്താവുന്ന അവസ്ഥയിലാണ്.
മരം വീണും വെള്ളംകയറിയും ദുരിതം
വെള്ളറട: കനത്ത മഴയില് മഴവെള്ളം വീട്ടിലേയ്ക്ക് ഇരച്ചു കയറി. വീട്ടുസാധനങ്ങള് വെള്ളത്തില് മുങ്ങി. പെരുങ്കടവിള പഞ്ചായത്തിലെ പാല്ക്കുളങ്ങര വാര്ഡില് സുനിലിന്റെ വീട്ടിലേയ്ക്കാണ് അപ്രതീക്ഷിതമായി റോഡില്നിന്നും കുത്തിയൊലിച്ചെത്തിയ ചെളിയും മണ്ണും കലര്ന്ന വെള്ളമാണ് വീട്ടിലേയ്ക്ക് ഇരച്ചു കയറിയത്. സമീപത്തെ ഓടയിൽ പ്ലാസ്റ്റിക് മാലിന്യങ്ങള് നിറഞ്ഞതാണ് വീട്ടിലേയ്ക്ക് വെള്ളം ഒഴികിയെത്താന് ഇടയായത്.
മരങ്ങൾവീണ് വീടിന് നാശനഷ്ടം
കാട്ടാക്കട: ശക്തമായ മഴയിലും കാറ്റിലും മരങ്ങൾ വീണ് വീടിന് നാശം. വീടിനുള്ളിൽ ഉണ്ടായിരുന്ന ഗൃഹനാഥൻ പരുക്കേൽക്കാതെ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്.
വിളവൂർക്കൽ പഞ്ചായത്തിലെ മലയം കുഴിവിളയിൽ ജയകുമാർ വിൽസന്റിന്റെ (40) വീടിനു മുകളിലൂടെയാണ് സമീപത്തെ കൂറ്റൻ പുളി മരവും തേക്കും കടപുഴകി വീണത്. അപകടത്തിൽ ഷീറ്റിട്ട വീടിന്റെ മേൽക്കൂര പൂർണമായും തകർന്നു. ചുവരുകൾ വിണ്ടുകീറി.സംഭവസമയം ജയകുമാർ മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്. ശബ്ദംകേട്ട് ജയകുമാർ പുറത്തേയ്ക്ക് ഓടിയതിനാൽ പരുക്കേൽക്കാതെ രക്ഷപ്പെട്ടു.
മലയിൻകീഴ് പാപ്പനംകോട് റോഡിൽ വിളവൂർക്കൽ ചന്തയ് ക്കു സമീപം കൂറ്റൻ മരം കടപുഴകി വീണു. രാത്രി റോഡിൽ വാഹനങ്ങളും യാത്രക്കാരും ഇല്ലാതിരുന്നതിനാൽ ആളപായമില്ല. സമീപത്തെ ബസ്റ്റോപ്പിനു ചെറിയ തകരാർ ഉണ്ടായി.
മലയിൻകീഴ് പണ്ടാരകണ്ടം ഭാഗത്തും മരം റോഡിൽ വീണത് ഏറെനേരം ഗതാഗതതടസമുണ്ടാക്കി. വിളവൂർക്കൽ പഞ്ചായത്തിലെ അനിലിന്റെ വീടിനോടു ചേർന്നുള്ള പതിനഞ്ചടിയോളം ഉയരമുള്ള സംരക്ഷണഭിത്തിയുടെ ഒരു ഭാഗം ഇടിഞ്ഞു വീണു. കരിങ്കല്ലുകൊണ്ടു നിർമിച്ച ഭിത്തിയാണ് ഇന്നലെ മഴയിൽ തകർന്നത്.
വിളവൂർക്കൽ മലയം തൊഴുപുരവിള രമ്യയുടെ വീടിന്റെ അടിസ്ഥാനത്തിലെ ഭാഗം ഉൾപ്പെടെ മൺതിട്ട ഇടിഞ്ഞു തോട്ടിലേയ്ക്കു മറിഞ്ഞു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഇവിടെ മണ്ണിടിച്ചിൽ തുടരുകയാണ്. വീടുകൾ നിരവധിയുള്ള പ്രദേശത്ത് തോടിനു സംരക്ഷണ സംരക്ഷണഭിത്തി നിർമിക്കണമെന്ന ആവശ്യം അധികൃതർ നടപ്പാക്കുന്നില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു.
മഴയില് തകർന്നു
വെള്ളറട: കുടപ്പനമൂട് മേലെ ഊറ്റുകുഴിയിൽ അബുസാലി(68)ന്റെ വീട് ശക്തമായ മഴയില് തകർന്നു. ദിവസങ്ങളായി പെയ്യുന്ന മഴയില് ഇന്നലെ വീടിന്റെ പകുതിയിലധികം ഭാഗം ഇടിഞ്ഞു താഴുകയായിരുന്നു.
വീടിന്റെ മേല്ക്കൂരയടക്കം നിലംപൊത്തി. വീട്ടില് അബുസാലിയും ഭാര്യ ഫാത്തിമ ബീവിയും മാത്രമാണ് താമസം. വീട് പൂര്ണമായും അപകടാവസ്ഥയിലായതിനാല് അമ്പൂരി പഞ്ചായത്ത് അധികൃതരെത്തി ഇവരെ അടുത്തുള്ള മറ്റൊരു വീട്ടിലേയ്ക്ക് മാറി താമസിക്കാന് നിര്ദേശം നല്കി.
മഴയില് വീടും അതിരും തകര്ന്നു
കിളിമാനൂർ: കനത്ത മഴയിൽ നഗരൂരിൽ വീടും അതിരുമതിലും തകർന്നു. നഗരൂർ ഗേറ്റുമുക്ക് സ്വദേശി നാരായണന്റെ പിഎസ് നിവാസ് എന്ന വീടാണ് തകർന്നത്. ശനിയാഴ്ച ഉച്ചയോടെയായിരുന്നു സംഭവം.
35 വർഷങ്ങൾക്ക് മുമ്പ് നഗരൂർ പഞ്ചായത്തിൽനിന്നു ലഭിച്ച വീടാണിപ്പോൾ മഴയിൽ തകർന്നത്. വീടിന്റെ ഒരുഭാഗം കഴിഞ്ഞ വർഷത്തെ മഴയിൽ തകർന്നിരുന്നു. ഈ സമയത്ത് നാരായണനും ഭാര്യ ശ്രീദേവിയും വീട്ടിൽ ഇല്ലാതിരുന്നതിനാൽ വലിയ അപകടം ഒഴിവാക്കി. ശക്തമായ മഴയിൽ വീടിനോടുചേർന്ന കൂറ്റൻ കരിങ്കൽമതിലും സമീപതത്തുണ്ടായിരുന്ന ശുചിമുറിയും തകർന്നു. മതിലും തകർന്നതോടെ വീടിന്റെ നിലനിൽപും ഭീഷണിയിലാണ്.
പള്ളിച്ചൽതോട് കരകവിഞ്ഞു
നേമം: ചെവ്വാഴ്ച ചെയ്ത കനത്ത മഴയിൽ പള്ളിച്ചൽ തോട് കരകവിഞ്ഞൊഴുകി. ഇരുകരയിലുമുള്ള ആറോളം വീടുകളിലെ കാരെ ഫയർഫോഴ്സെത്തി ദുരിതാശ്വാസ ക്യാമ്പിലേയ്ക്ക് മാറ്റി.
മഴ കനത്തതോടെ വൈകു ന്നേരം നാലു മണിയോടെ തേട് കരകവിഞ്ഞു വീടുകളിലേയ്ക്ക് വെള്ളം കയറുകയായിരുന്നു. തുടർന്ന് രാത്രി ഏഴു മണിയോടെ നെയ്യാറ്റിൻകര നിന്നും ഫയർഫോഴ്സെത്തി ഡിങ്കി ബോട്ട് ഉപയോഗിച്ച് വീട്ടുകരെ സുരക്ഷിക്ക സ്ഥലത്തേയ്ക്ക് മാറ്റി.
നേമം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.കെ. പ്രീജ, സിപിഐഎം ജില്ല കമ്മിറ്റി അംഗം എം.എം. ബഷീർ, നെയ്യാറ്റിൻകര തഹസിൽദാർ അരുൺകുമാർ, ഡപ്യൂട്ടി തഹസിൽദാർ ലാൽ വർഗീസ്, നേമം സിഐ രാഗീഷ് കുമാർ , ബ്ലോക്ക് മെമ്പർ എ.ടി. മനോജ് എന്നിവർ രക്ഷാപ്രവർത്തനത്തിനു നേതൃത്വം നല്കി. പള്ളിച്ചൽ പഞ്ചായത്ത് നാലാം വാർഡിൽ നരുവാമൂട് മാറഞ്ചൽകോണത്ത് വീട് ഇടിഞ്ഞു താഴ്ന്നു. മാറഞ്ചൽ ക്ഷേത്രത്തിന് സമീപം മണിവീണയിൽ ഒ. തുളസിബായിയുടെ വീടിന് പുറകുവശമാണ് ഇടിഞ്ഞുതാഴ്ന്നത്.