ഖോ ഖോ യൂത്ത് ചാമ്പ്യൻഷിപ്പ്: ജി. വിദ്യാധരൻ പിള്ള ചീഫ് കോച്ച്
1339811
Monday, October 2, 2023 12:01 AM IST
തിരുവനന്തപുരം: മലേഷ്യയിൽ നടക്കുന്ന ഇന്റ ർനാഷണൽ ഖോ ഖോ യൂത്ത് ചാമ്പ്യൻഷിപ്പിൽ ഇന്ത്യൻ ടീമിന്റെ ചീഫ് കോച്ചായി ആറ്റിങ്ങൽ സ്വദേശി ജി. വിദ്യാധരൻ പിള്ളയെ തെരെഞ്ഞെടുത്തു. കേരളത്തിൽ നിന്ന് ഈ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെടുന്ന ആദ്യത്തെ ആളാണ് ഇദ്ദേഹം.
50 വർഷത്തിലേറെയായി ഖോ ഖോയുടെ വളർച്ചയ്ക്കും ഉന്നമനത്തിനുമായി പ്രവർത്തിക്കുന്നതിന്റെ അംഗീകാരമായാണ് വിദ്യാധരൻ പിള്ളയ്ക്ക് ഇത്തരമൊരു അവസരം ലഭിച്ചിരിക്കുന്നത്. 12 മുതൽ 15 വരെ മലേഷ്യയിലെ കോലാലമ്പൂരിലാണ് ഇന്റർനാഷണൽ ഖോ ഖോ യൂത്ത് ചാമ്പ്യൻഷിപ്പ്.
ചാമ്പ്യൻഷിപ്പിൽ ഇന്ത്യയെ പ്രതിനിധീകരിച്ചു പങ്കെടുക്കുന്ന ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും ടീമുകൾക്ക് നേതൃത്വം നൽകുന്ന ചീഫ് കോച്ചായാണ് വിദ്യാധരൻ പിള്ളയെ നിയമിച്ചിരിക്കുന്നത്.
നിലവിൽ ഖോ ഖോ ഫെഡറേഷൻ ഓഫ് ഇന്ത്യയുടെയും കേരള ഖോ ഖോ അസോസിയേഷന്റെയും വൈസ് പ്രസിഡന്റാണ് വിദ്യാധരൻ പിള്ള.