ജില്ലാ വികസന സമിതിയോഗം: നഗരത്തിലെ വെള്ളക്കെട്ട് പരിഹരിക്കും
1339591
Sunday, October 1, 2023 4:46 AM IST
പേരൂർക്കട: മഴ ശക്തമായതോടെ വെള്ളയമ്പലം ജംഗ്ഷൻ ഉൾപ്പെടെ നഗരത്തിലെ വെള്ളക്കെട്ട് പരിഹരിക്കാൻ ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജ് ഉദ്യോഗസ്ഥര്‍ക്ക് ജില്ലാ വികസന സമിതി യോഗത്തിൽ നിര്‍ദ്ദേശം നല്കി.
വെള്ളയമ്പലം -ശാസ്തമംഗലം റോഡ്, കവടിയാര്‍ റോഡ്, വെള്ളയമ്പലം-വഴുതക്കാട് റോഡ് എന്നിവിടങ്ങളില്‍ അപകടകരമായ രീതിയില്‍ നില്ക്കുന്ന മരങ്ങള്‍ മുറിച്ചുമാറ്റാനും കളക്ടര്‍ നിര്‍ദേശം നല്കി.
പേരൂര്‍ക്കട ജംഗ്ഷനിലെ മേല്‍പ്പാല നിര്‍മാണവുമായി ബന്ധപ്പെട്ട് കല്ലുകള്‍ സ്ഥാപിച്ചത് സംബന്ധിച്ച അവ്യക്തത മാറ്റണമെന്ന് വി.കെ പ്രശാന്ത് എംഎല്‍എ യോഗത്തില്‍ ആവശ്യപ്പെട്ടു. സിവില്‍ സ്റ്റേഷന് ജംഗ്ഷന് വികസനത്തിന്റെ ഭാഗമായി കുടപ്പനക്കുന്നിലെ പ്രവേശന കവാടത്തിന്റെ നിര്‍മാണ പുരോഗതിയും യോഗം വിലയിരുത്തി.
കുണ്ടമണ്‍കടവ് പമ്പ്ഹൗസിനു സമീപമുള്ള തോടിന്റെ സംരക്ഷണഭിത്തിയുടെ പണിപൂര്‍ത്തിയാക്കിയതായി മൈനര്‍ ഇറിഗേഷന്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ യോഗത്തില്‍ അറിയിച്ചു.
പൊന്മുടി പാതയിലെ ചുള്ളിമാനൂര്‍ - തൊളിക്കോട് റോഡിന്റെ നിര്‍മാണം കൂടുതല്‍ വേഗത്തിലാക്കാന്‍ ജി .സ്റ്റീഫന്‍ എംഎല്‍എ നിര്‍ദേശിച്ചു. ബാലരാമപുരം-വഴിമുക്ക് റോഡ് വികസനം വേഗത്തിലാക്കണമെന്ന് എം.വിന്‍സന്റ് എംഎല്‍എ ആവശ്യപ്പെട്ടു.
ജില്ലയിലെ വിവിധ സ്കൂളുകളിലെ പുതിയ കെട്ടിടങ്ങളുടെയും റോഡുകളുടെയും നിര്‍മാണ പുരോഗതിയും വിവിധ പദ്ധതികളും യോഗം വിലയിരുത്തി. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ എംഎല്‍എമാരായ ജി.സ്റ്റീഫന്‍, എം.വിന്‍സന്റ്, വി.കെ പ്രശാന്ത്, എഡിഎം ജെ.അനില്‍ ജോസ്, സബ് കളക്ടര്‍ അശ്വതി ശ്രീനിവാസ്, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ വി.എസ്.ബിജു എന്നിവർ പങ്കെടുത്തു.